തൊടുപുഴ
ഇടവെട്ടി പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് മുസ്ലിംലീഗ് ഭരണസമിതിക്ക് എതിരായതോടെ ലീഗിൽ പൊട്ടിത്തെറി. അഴിമതി നടത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് രാജിവയ്ക്കണമെന്ന ആവശ്യം അണികൾ നേതൃത്വത്തിനു മുന്നിൽ ഉയർത്തി. ഷീജയെ സംരക്ഷിക്കുന്ന ഒരു വിഭാഗം നേതാക്കളുടെ നിലപാടിൽ പ്രതിഷേധിച്ച് അണികളിൽ പലരും പാർടി വിടാനും ഒരുങ്ങുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് അഴിമതി നടത്തിയെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാണ്. എന്നിട്ടും ഇവരെ പാർടി സംരക്ഷിക്കുന്നത് എന്തിനെന്നതാണ് ചോദ്യം. ഷീജ നൗഷാദ് പാർടിയിലെ ചില നേതാക്കളെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നാണ് ആരോപണം.
തെളിവുകൾ പുറത്തുവന്നിട്ടും അന്വേഷണത്തിന് മുസ്ലിംലീഗ് നേതൃത്വം തയ്യാറല്ല. തൊഴിലുറപ്പ് പദ്ധതിയിൽ വ്യക്തിഗത ഇനത്തിൽ നിർമിക്കാത്ത കിണറിന്റെ പേരിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിൽ അരലക്ഷത്തിലധികം രൂപയുടെ തട്ടിപ്പിനായിരുന്നു ശ്രമം. ഇതിൽ 12,430 രൂപ ഘട്ടങ്ങളായി തട്ടിയെടുത്തു. ആക്ഷേപം ഉയർന്നതോടെ തൊഴിലുറപ്പ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെത്തി തട്ടിപ്പ് കൈയോടെ പിടികൂടി. പണം മാറിയെടുക്കാൻ പ്രസിഡന്റും സെക്രട്ടറിയും ഒപ്പിട്ട രേഖകളും കണ്ടെത്തി. വിജിലൻസ് അന്വേഷണത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മറ്റ് നിർമാണ സ്ഥലങ്ങളിലുൾപ്പെടെ കൂടുതൽ തട്ടിപ്പും കണ്ടെത്തി. പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകളിൽ നാമമാത്രമാണ് പ്രസിഡന്റും സെക്രട്ടറിയും അന്വേഷകസംഘത്തിന് കൈമാറിയത്.
ക്രമക്കേടിനെതിരെ സിപിഐ എം മുസ്ലിംലീഗ് ജില്ലാ നേതാക്കൾ തട്ടിപ്പ് ഏതുവിധേനയും ഒതുക്കാൻ തീരുമാനിച്ചത്. 2500 രൂപയുടെ ക്ലർക്ക്തല തെറ്റ് മാത്രമേ നടന്നിട്ടുള്ളൂവെന്നായിരുന്നു പ്രസിഡന്റിന്റെ വിശദീകരണം. ഇതോടെ അന്വേഷണമൊന്നും നടത്താതെ നേതൃത്വം പ്രശ്നം അവസാനിപ്പിച്ചു. പിന്നീട് ക്രമക്കേടുകളുടെ കൂടുതൽ രേഖകളും അന്വേഷണ റിപ്പോർട്ടും പുറത്തുവന്നതോടെ നേതൃത്വം വെട്ടിലായി. പ്രാദേശിക ലീഗ് പ്രവർത്തകർ ശക്തമായ പ്രതിഷേധം ഉയർത്തി. അഴിമതിയില്ലെന്ന ഷീജ നൗഷാദിന്റെ ഉറപ്പുകേട്ടാണ് അണികൾ തൊടുപുഴയിൽ സമരത്തിനിറങ്ങിയും പൊലീസുകാരെ ആക്രമിച്ചതും തല്ലുകൊണ്ടതും ഒടുവിൽ അറസ്റ്റിലായതും. പലരും കേസിൽ പ്രതിയുമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..