15 May Saturday
2 ദിവസം രോഗികൾ 545

ജില്ലയിൽ കർശന നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021

കലക്ടർ എച്ച് ദിനേശന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ദുരന്തനിവാരണ യോഗം

ഇടുക്കി
ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന്‌ കലക്ടർ എച്ച്‌ ദിനേശൻ. ജില്ലാ ദുരന്തനിവാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ജില്ലയിൽ രണ്ടുദിവസത്തിനകം പതിനായിരം കോവിഡ് പരിശോധന നടത്തുമെന്നും കലക്ടർ പറഞ്ഞു. ഇതര സംസ്ഥാനത്തുനിന്ന് ജില്ലയുടെ അതിർത്തിവഴി വരുന്ന എല്ലാവരെയും നിർബന്ധിത കോവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കും. കോവിഡ് ക്ലസ്റ്ററുകളിലും  കൂടുതൽ പരിശോധന നടത്തും.   കോവിഡ് വ്യാപനത്തെ തുടർന്ന് ഇത്തവണയും മംഗളാദേവി ചിത്രാപൗർണമി ഉത്സവം ഉണ്ടായിരിക്കില്ല. വ്യാപാര -വാണിജ്യ മേഖലയിൽ നിയന്ത്രണം കർശനമാക്കുന്നതിന് വെള്ളിയാഴ്ച പകൽ 11ന്‌ വ്യാപാരി വ്യവസായി, ഹോട്ടൽ -റസ്‌റ്റോറന്റ്‌സ് അസോസിയേഷൻ ഭാരവാഹികളുമായി ഓൺലൈനായി യോഗം ചേരും. ഈ രംഗത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ എൻ പ്രിയ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി വി എ നിഷാദ്മോൻ തുടങ്ങി വിവിധ വകുപ്പുതല മേധാവികൾ പങ്കെടുത്തു.
 
2 ദിവസം രോഗികൾ 545
സ്വന്തം ലേഖകന്‍
തൊടുപുഴ
ജില്ലയിൽ രണ്ട്‌ ദിവസത്തിനുള്ളിൽ 545 പേർക്ക്‌ കോവിഡ്‌ ബാധിച്ചു. ബുധനാഴ്‌ച 340 പേർക്കാണ്‌ കോവിഡ്‌ ബാധിച്ചത്‌. ജില്ലയിലെ പ്രതിദിന കോവിഡ്‌ ബാധിതരുടെ ഏറ്റവും ഉയർന്ന കണക്കാണിത്‌. വ്യാഴാഴ്‌ച 205 പേർക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വിദേശത്തുനിന്ന്‌ എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയ 15 പേർക്കും രോഗം ബാധിച്ചതായി കണ്ടെത്തി. വ്യാഴാഴ്‌ച രോഗം സ്ഥിരീകരിച്ചവരിൽ 193 പേർക്കും സമ്പർക്കത്തിലൂടെയാണ് ബാധിച്ചത്‌. നാല്‌ പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്തുനിന്ന്‌ എത്തിയ ഒമ്പത് പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 40 പേർ രോഗമുക്തരായി. ജില്ലയിൽ തൊടുപുഴയിലാണ് രോഗികളുടെ എണ്ണം അതിവേഗം പെരുകുന്നത്‌.
   രണ്ടു ദിവസത്തിനകം 96 പേർക്കാണ്‌ ഇവിടെ രോഗം ബാധിച്ചത്‌. വ്യാഴാഴ്‌ച മാത്രം 53 പേർക്ക്‌ രോഗം പിടിപെട്ടു. അടിമാലിയിൽ 22 പേർക്കും നെടുങ്കണ്ടത്ത്‌ 19 പേർക്കും രോഗം സ്ഥിരീകരിച്ചു. മണക്കാട് ഒമ്പതും ഉടുമ്പൻചോല, ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളിൽ ആറു വീതം രോഗികളുണ്ട്‌. കഞ്ഞിക്കുഴി, കാഞ്ചിയാർ, കരുണാപുരം, കോടിക്കുളം, കുമാരമംഗലം, മൂന്നാർ, വെള്ളത്തൂവൽ, വെള്ളിയാമറ്റം പഞ്ചായത്തുകളിൽ അഞ്ചുവീതവും രോഗികളുണ്ട്‌.
 
ആന്റിജൻ, ആർടിപിസിആർ 
പരിശോധന വർധിപ്പിക്കും
ജില്ലയിൽ കോവിഡ് 19 കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ പ്രതിരോധ നടപടികൾ ഊർജിതമാക്കും. ഇതിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസർ എൻ പ്രിയയുടെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വെള്ളി, ശനി ദിവസങ്ങളിൽ ആന്റിജൻ, ആർടിപിസിആർ പരിശോധന ഊർജിതമാക്കാനും നടത്താനും തീരുമാനിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ, രോഗികളുമായി സമ്പർക്കമുള്ളവർ, കണ്ടയ്‌ൻമെന്റ്‌ മേഖലയിലുള്ളവർ, അതിഥിത്തൊഴിലാളികൾ തുടങ്ങിയവരുടെ പരിശോധന നടത്തും. ആശുപത്രിയിൽ എത്തുന്ന രോഗികളെയും അഡ്മിറ്റ് ആകുന്നവരെയും കോവിഡ് പരിശോധനയ്‌ക്ക്‌ വിധേയമാക്കും. 45 വയസ്സിൽ താഴെയുള്ള മുൻനിര പ്രവർത്തകർ, കച്ചവടക്കാർ, ഓട്ടോറിക്ഷാ ഡ്രൈവർമാർ എന്നിവർ പരിശോധന നടത്തണം. ജില്ലയുടെ അതിർത്തി ചെക്ക്പോസ്റ്റിലും പരിശോധന കർശനമാക്കി. 
    45 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവരും തൊട്ടടുത്ത വാക്സിനേഷൻ കേന്ദ്രത്തിൽനിന്ന്‌ വാക്സിൻ സ്വീകരിക്കണം. പരിശോധനയിലൂടെയും വാക്സിനേഷനിലൂടെയും മാത്രമേ രോഗത്തെ നിയന്ത്രിക്കാനും വ്യാപനം കുറയ്ക്കാനും കഴിയുകയുള്ളൂയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top