27 May Wednesday

അതിർത്തി കടത്തില്ല; പരിശോധന ശക്തം

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020
കുമളി
കോവിഡ‌് -19 സുരക്ഷയുടെ ഭാഗമായി കുമളി അതിർത്തി ചെക‌്പോസ്റ്റിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. അതിർത്തി വഴി എത്തുന്ന വാഹനങ്ങളിലെ ആളുകളെ പരിശോധിച്ചാണ്‌ കടത്തിവിടുന്നത‌്. കൊട്ടാരക്കര–- -ദിണ്ഡുഗൽ ദേശീയപാതയിൽ പ്രവർത്തിക്കുന്ന കുമളി അതിർത്തി ചെക‌്പോസ‌്റ്റിൽ ജൂനിയർ ഹെൽത്ത‌് ഇൻസ‌്പെക്ടർ മാടസ്വാമിയുടെ നേതൃത്വത്തിലാണ‌് ആരോഗ്യവകുപ്പിന്റെ പരിശോധന നടക്കുന്നത‌്. പൊലീസിന്റെ സഹായത്തോടെയാണ‌് പരിശോധന. ദിവസവും കർണാടക, തമിഴ‌്നാട‌്, ആന്ധ്ര എന്നിവിടങ്ങളിൽനിന്ന്‌ നൂറുകണക്കി‌‌ന‌് വാഹനങ്ങൾ കുമളിവഴി എത്താറുണ്ട്‌. കൊറോണ ഭീതി മൂലം ഇതുവഴിയുള്ള തിരക്ക‌് കുറഞ്ഞു. എങ്കിലും മിനി ഐആർ തെർമോമീറ്ററിന്റെ സഹായത്തോടെയാണ‌് ശരീരത്തിലെ ഊഷ‌്മാവ‌് പരിശോധിക്കുന്നത‌്. 
ആളുകൾ പരിശോധനയോട‌് പൂർണമായും സഹകരിക്കുന്നുണ്ട‌്. കൊറോണ ഭീതി മൂലം കുമളിയിൽ ടൂറിസം വ്യാപാരമേഖല പൂർണമായും പ്രതിസന്ധിയിലായി. മിക്ക ഹോംസ‌്റ്റേകളിലും റിസോർട്ടുകളിലുമുള്ള താമസക്കാർ മടങ്ങിയതോടെ പല സ്ഥാപനങ്ങളും ശൂന്യമായി. കുമളിയുടെ സമീപപ്രദേശത്തുള്ള മിക്ക റോഡുകളിലും തിരക്കൊഴിഞ്ഞു. ശബരിമലയിലേക്ക‌് എല്ലാ മാസവും ആദ്യവാരം ഉള്ള തീർഥാടകരുടെ വരവും വലിയ തോതിൽ കുറഞ്ഞിട്ടുണ്ട‌്. ടൂറിസ‌്റ്റുകളുടെയും യാത്രക്കാരുടെയും വരവ‌് കുറഞ്ഞതോടെ തൊഴിൽ ഉൾപ്പെടെ എല്ലാ മേഖലയും കടുത്ത പ്രതിസന്ധിയിലേക്കാണ‌് നീങ്ങുന്നത‌്. തമിഴ‌്നാട്ടിൽനിന്നുള്ള തൊഴിലാളികളുടെ എണ്ണവും വളരെ കുറഞ്ഞു. 
 
 
പ്രധാന വാർത്തകൾ
 Top