19 September Thursday

യുവാവിനെ കൊലപ്പെടുത്തിയ ദമ്പതികൾ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019
രാജാക്കാട് 
ഇടുക്കി മമ്മട്ടിക്കാനത്ത് വീടുകയറി ആക്രമിച്ച യുവാവിനെ ചുറ്റികയ്‌ക്ക്‌ തലയ്‌ക്കടിച്ചു കൊന്ന സംഭവത്തിൽ വൃദ്ധ ദമ്പതികൾ റിമാൻഡിൽ. മാരാർസിറ്റി കൈപ്പള്ളിൽ ശിവൻ(69), ഭാര്യ ജഗദമ്മ(63) എന്നിവരെയാണ് റിമാൻഡ്‌ ചെയ്തത്. കോട്ടയത്തുനിന്നുള്ള ഫോറൻസിക് വിദഗ്‌ധർ കൊലപാതകം നടന്ന വീട്ടിൽ ശാസ്ത്രീയ പരിശോധന നടത്തി. മകളുടെ മുൻ ഭർത്താവ് എറണാകുളം ആലങ്ങാട് കൊങ്ങാരപ്പിള്ളി സ്വദേശി കൂട്ടുങ്കൽ ഷിബുവിനെ(49) ആണ് ശിവനും ഭാര്യ ജഗദമ്മയും ചുറ്റികയ്‌ക്ക്‌ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയത്. ഇരുവരും സ്വമേധയാ കുറ്റം സമ്മതിച്ചിരുന്നു. സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നും രാജാക്കാട് സിഐ എച്ച് എൽ ഹണി അറിയിച്ചു. 
തിങ്കളാഴ്ച പകൽ പതിനൊന്നോടെയായിരുന്നു സംഭവം. ശിവന്റെ മകൾ ഷീജയും ഷിബുവും തമ്മിൽ വർഷങ്ങൾക്കുമുമ്പ്‌ ബന്ധം വേർപിരിഞ്ഞിരുന്നു. തുടർന്ന് ഇരു കുടുംബങ്ങളും ശത്രുതയിലായിരുന്നു. കഴിഞ്ഞവർഷം ഷിബുവും മൂന്ന് സുഹൃത്തുക്കളും നടത്തിയ ആക്രമണത്തിൽ ഷിബുവിനും ശിവനും ജഗദമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. 
തിങ്കളാഴ്ച വീണ്ടും മമ്മട്ടിക്കാനത്ത് വീട്ടിൽ എത്തിയ ഷിബു, ശിവനുമായും ജഗദമ്മയുമായും വഴക്കുണ്ടാക്കി. കൈവശം ഒളിപ്പിച്ചിരുന്ന വാക്കത്തിയെടുത്ത്‌ ഇരുവരെയും ആക്രമിച്ചു. ഇതോടെ ശിവൻ ചുറ്റികയെടുത്ത് ഷിബുവിന്റെ തലയ്‌ക്ക്‌ അടിക്കുകയായിരുന്നു. അടിയേറ്റ് വീണ ഇയാൾ തൽക്ഷണം മരിച്ചു. അടിമാലി കോടതിയിൽ ഹാജരാക്കിയ ശിവനെ ദേവികുളം സബ് ജയിലിലും ജഗദമ്മയെ വിയ്യൂർ സെൻട്രൽ ജയിലിലുമാണ് റിമാൻഡ്‌ ചെയ്തതത്. 
 
 
പ്രധാന വാർത്തകൾ
 Top