17 September Tuesday
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല

‘മരണ’ക്കയങ്ങളായി പടുതാക്കുളങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019
കുമളി
മരണം പതിയിരിക്കുന്ന ആഴക്കയങ്ങളിൽ അറിയാതെ പൊലിയുന്നത്‌ നിരവധി ജീവനുകൾ. ഓരോ അത്യാഹിതങ്ങൾ കഴിയുമ്പോഴും സുരക്ഷഉറപ്പാക്കുമെന്ന്‌ പറയുന്ന അധികൃതരും മൗനത്തിലാകും.ഉറ്റവരുടെ വിലപ്പെട്ട ജീവനുകളാണ്‌ നമ്മുടെ അശ്രദ്ധയിൽ നഷ്‌ടമാകുന്നത്‌.  
ഹൈറേഞ്ചിൽ അശാസ്‌ത്രീയ നിർമിക്കുന്ന പടുതാക്കുളങ്ങൾ മരണക്കയങ്ങളാകുന്നു.  ഇത്തരം കുളത്തിലകപ്പെട്ട്‌നിരവധി ജീവനുകളാണ‌് ഹ്രസ്വകാലയളവിനുള്ളിൽ പൊലിഞ്ഞത‌്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ പടുതാക്കുളത്തിൽ കാൽവഴുതി വീണ് മരണപ്പെട്ട ദാരുണമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. 
 
ഏറ്റവും ഒടുവിലായി തിങ്കളാഴ്ചയാണ‌് കവുന്തിയിൽ മധ്യവയസ്ക പടുതാക്കുളത്തിൽ വീണ‌് മരിച്ചത‌്. കവുന്തി പുത്തൻപുരയിൽ നളിനാക്ഷി(50)യാണ‌് മരിച്ചത‌്. കൃഷിയിടങ്ങളുടെ വിസ‌്തൃതിക്കനുസരിച്ച് പതിനായിരം മുതൽ 25 ലക്ഷം വരെ ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള പടുതാക്കുളങ്ങളാണ് നിർമിച്ചിരിക്കുന്നത്. മലമുകളിൽ നിർമിക്കുന്ന കുളത്തിനുപോലും സുരക്ഷ പാലിക്കാത്തതിനാൽ അപകടം വിളിച്ചുവരുത്തുകയാണ‌്.
 കഴിഞ്ഞ മെയ‌് ഏഴിനാണ് നാടിനെയാകെ ഞെട്ടിച്ച‌് കുമളി ഓടമേട്ടിൽ അഞ്ച് വയസ്സുകാരൻ കളിക്കുന്നതിനിടെ കാൽവഴുതി വീട്ടുവളപ്പിലെ പടുതാക്കുളത്തിൽ വീണ് മരിച്ചത്. ഓടമേട് തെങ്ങുവേലിൽ ബിജുവിന്റെ മകൻ ബെനോയാണ് വീട്ടിൽനിന്നും നൂറ‌്മീറ്റർ അകലെയുള്ള പടുതാക്കുളത്തിൽ വീണ‌് മരിച്ചത‌്. ബെനോയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എട്ടടി താഴ്ചയുള്ള പടുതാക്കുളത്തിൽ നാലടിയോളം വെള്ളമുണ്ടായിരുന്നു. 
2018 ജൂൺ ഒന്നിനാണ് ചെങ്കര ആനക്കുഴി പുതുവലിൽ നാടിനെ നടുക്കിയരണ്ട് കുട്ടികളുടെ മരണം. അനീഷ്‐ എസക്കിയമ്മ ദമ്പതികളുടെ മക്കളായ അഭിജിത്ത്(എട്ട്),ലക്ഷ്മിപ്രിയ(ആറ്) എന്നിവരെ ജൂൺ ഒന്നിനാണ് കാണാതായത്. നാട്ടുകാരും പൊലീസും പുലരുവോളം തെരച്ചിൽ നടത്തിയെങ്കിലും ആദ്യദിവസം കണ്ടെത്താനായില്ല. തെരച്ചിലുകൾക്കൊടുവിൽ ജൂൺ രണ്ടിന് രാവിലെ വീടിന് സമീപത്തെ പടുതാക്കുളത്തിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ഇത്തരം അപകടങ്ങൾ തുടരുമ്പോഴും മാനദണ്ഡങ്ങൾ പാലിക്കാൻ ഉടമസ്ഥകൾ തയ്യാറാവുന്നില്ല. പത്ത് അടി നീളവും വീതിയിലും തുടങ്ങി പത്ത് സെന്റ് സ്ഥലത്ത് പൂർണമായും കുളങ്ങൾ നിർമിച്ചിട്ടുള്ള സ്ഥലങ്ങൾ ഹൈറേഞ്ചിലുണ്ട‌്. ഉയർന്ന പ്രദേശങ്ങളിലും കുന്നിൽപ്രദേശങ്ങളിലും നിർമിക്കുന്ന കുളങ്ങൾ താഴെയുള്ള ജനവാസ മേഖലകളിൽ വൻ അപകടം വിതക്കാൻ പാകത്തിലുള്ളതാണ്.കുളത്തിൽ യാദൃശ്ചികമായി വീണാൽ രക്ഷപ്പെടാൻ കഴിയില്ല. കുളം നിർമിച്ച് വെള്ളം സംഭരിക്കാൻ തുടങ്ങി ദിവസങ്ങൾക്കുള്ളിൽ പടുതയിൽ വഴുക്കൽ ഉണ്ടാകും. ചെരിച്ച് നിർമിക്കുന്നതും രക്ഷപ്പെടാൻ തടസ്സമാകുന്നുണ്ട്. അപകടം പതിയിരിക്കുന്ന കുളങ്ങളിൽ വീഴാതിരിക്കാൻ വലകളോ സുരക്ഷാ വേലികളോ നിർമിച്ചാൽ അപകടം കുറയ‌്ക്കാൻ കഴിയും.  
കൃഷി ആവശ്യത്തിന് സർക്കാർ സബ്സിഡിയോടെയാണ് പടുതാക്കുളങ്ങൾ നിർമിച്ച് മിക്ക കർഷകരും വെള്ളം സംഭരിക്കുന്നത്.  ഇവയുടെ നിർമാണത്തിനുള്ള മാനദണ്ഡങ്ങളും കർശനമാക്കിയാൽ അപകടങ്ങൾ ഒഴിവാക്കാം. കുട്ടികളെ ഒരു കാരണവശാലും പടുതാക്കുളങ്ങളുടെ സമീപത്തേക്ക് പോകാൻ മാതാപിതാക്കൾ അനുവദിക്കരുതെന്ന‌് ഫയർഫോഴ്സ് നേരത്തെതന്നെ മുന്നറിയിപ്പ‌് നൽകിയിരുന്നു. ചില സ്ഥലങ്ങളിൽ പടുതാക്കുളങ്ങളിൽ മത്സ്യങ്ങളെ വളർത്തുന്നുണ്ട്. ഇത്തരംസ്ഥലങ്ങളിൽ മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് കുട്ടികൾ പോകാനുള്ള സാധ്യത ഏറെയാണ്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top