ഇടുക്കി
ഇടതുപക്ഷ ട്രേഡ് യൂണിയൻ പീരുമേട് നിയോജക മണ്ഡലം ജാഥകൾ 19ന് വൈകിട്ട് അഞ്ചിന് ആനവിലാസത്ത് മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. ജാഥാ ക്യാപ്റ്റൻമാരായ പി എസ് രാജനും വാഴൂർ സോമനും എം എം മണി പതാക കൈമാറും.
കേരളത്തിലെ പ്ലാന്റേഷൻ മേഖലയെ നിലനിർത്താനും തോട്ടം തൊഴിലാളികളെയും വ്യവസായത്തെയും സംരക്ഷിക്കാനും എൽഡിഎഫ് സർക്കാർ പ്രതിജ്ഞബദ്ധതയോടെയാണ് പ്രവർത്തിക്കുന്നത്. തോട്ടം മേഖലയെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണൻനായർ കമ്മിറ്റി ശുപാർശ നടപ്പാക്കുന്നതിനുള്ള നടപടി പിണറായി സർക്കാർ സ്വീകരിച്ചു. തൊഴിലാളികൾ നേരിടുന്ന പ്രധാന ജീവിത പ്രയാസം വാസയോഗ്യമായ താമസ സൗകര്യം ഇല്ലെന്നുള്ളതാണ്. ലൈഫ് പദ്ധതിയിൽ തൊഴിലാളികളെ ഉൾപ്പെടുത്താനും ഭൂമിയില്ലാത്ത തൊഴിലാളികൾക്ക് ഭൂമി കണ്ടെത്തി വിതരണം ചെയ്യാനും നടപടി പുരോഗമിക്കുകയാണ്.
പിഎൽസി യോഗം വിളിച്ചുചേർത്ത് മിനിമം വേതനം വർധിപ്പിക്കുന്നതിനുള്ള ചർച്ച നടന്നെങ്കിലും അന്തിമ തീരുമാനത്തിന് കാലതാമസം ഉണ്ടായി. ഈ സാഹചര്യത്തിൽ 50 രൂപ ഇടക്കാല ശമ്പള വർധനവ് 2019 ഫെബ്രുവരി 17 മുതൽ മുൻകാല പ്രാബല്യത്തോടെ നൽകാൻ തീരുമാനിച്ചു. ഫെബ്രുവരി ഒന്നുമുതലുള്ള ശമ്പള കുടിശ്ശിക മാർച്ച് മാസത്തെ ശമ്പളത്തിൽ ചേർത്ത് നൽകണമെന്ന് തീരുമാനിച്ച് തോട്ടം ഉടമയ്ക്ക് സർക്കാർ നിർദ്ദേശം നൽകി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് തൊഴിലാളികൾ 18 ദിവസം സമരം നടത്തിയശേഷം തുശ്ചമായ തുകയാണ് വർധിപ്പിച്ചത്. ഒരുസമരവും കൂടാതെ എൽഡിഎഫ് സർക്കാർ തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ് ശമ്പളവർധന നടപ്പിലാക്കിയത്.
സർക്കാരിന്റെ തൊഴിലാളി ക്ഷേമ നടപടികൾ വിളംബരം ചെയ്യുന്ന ജാഥയിൽ ക്യാപ്റ്റൻ പി എസ് രാജനു പുറമെ കെ ടി ബിനു, സി സിൽവസ്റ്റർ, അഡ്വ. എസ് സനീഷ്, അഡ്വ. കെ വിജയൻ(സിഐടിയു), ജോസ് ഫിലിപ്പ്, എം ആന്റണി, എം വർഗീസ്(എഐടിയുസി) എന്നിവരാണ് അംഗങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..