25 May Wednesday

പുല്ലുമേട് ദുരന്തത്തിന്‌ 11 വർഷം

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022
കുമളി
നാടിനെയാകെ കണ്ണീരിലാഴ്‌ത്തിയ പുല്ലുമേട് ദുരന്തത്തിന്‌ വെള്ളിയാഴ്‌ച 11 വർഷം പൂർത്തിയായി. 2011 ജനുവരി 14നാണ് മകരവിളക്ക്‌ കണ്ടുമടങ്ങവെ പുല്ലുമേട്ടിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് വിവിധ സംസ്ഥാനക്കാരായ 102 തീർഥാടകർ മരണപ്പെട്ടത്. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഡൽഹി സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകരുടെ ജീവനാണ്‌ പൊലിഞ്ഞത്. അന്ന്‌ രണ്ടു ലക്ഷത്തോളം പേർ മലമുകളിൽ തടിച്ചുകൂടിയിരുന്നു. തിരക്കിലമർന്ന്‌ ശ്രീലങ്കയിൽനിന്ന്‌ എത്തിയ തീർഥാടകരും മരിച്ചിരുന്നു. ഇടുങ്ങിയ പാതയിൽ കുരുങ്ങി താഴേക്കുവീണ ആളുകളുടെ മുകളിലേക്ക് വീണ്ടും ആളുകൾ വീഴുകയായിരുന്നു. ഇത് വൻദുരന്തത്തിന് ഇടയാക്കി. സാധാരണ എല്ലാ വർഷവും 6.45ഓടെയാണ് മകരവിളക്ക് കാണാറുള്ളത്. സംഭവദിവസം അരമണിക്കൂർ വൈകി 7.15നാണ്‌ മകരവിളക്ക് കണ്ടത്‌.
        ഇടുങ്ങിയ വഴിയിൽ രൂപപ്പെട്ട അസാധാരണ തിരക്കും അപകടത്തിന് കാരണമായി. ദുരന്തമുണ്ടായ ഭാഗത്ത് ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയ തീർഥാടകരുടെയും മറ്റും നൂറുകണക്കിന് വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്തതും അപകടമുണ്ടായ ഭാഗത്തെ വഴിയുടെ ചെരിവും വീതിക്കുറവും വനംവകുപ്പ്‌ ചങ്ങലയിട്ട് ബന്ധിച്ചിരുന്നതും അപകടം സൃഷ്ടിക്കുന്നതിൽ പ്രധാന വില്ലനായി മാറി. മകരവിളക്ക് ദർശനം കഴിഞ്ഞെത്തിയ വലിയ ജനക്കൂട്ടം കൂടിയായപ്പോൾ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലായി. തിക്കിലും തിരക്കിലും വീണുപോയവരുടെ മുകളിലേക്ക്‌ ആളുകൾ വന്നുവീഴുകയായിരുന്നു. ഇതുമൂലം താഴെ വീണവർക്ക് എഴുന്നേൽക്കാനാകാതെ അടിയിൽപ്പെട്ട് ശ്വാസംമുട്ടി മരിക്കുകയായിരുന്നു. സെക്കൻഡുകൾക്കുള്ളിൽ മനുഷ്യക്കൂമ്പാരമായി മാറിയെന്ന്‌ ദൃക്‌സാക്ഷികൾ പറയുന്നത്. വള്ളക്കടവ്‌ കോഴിക്കാനത്തുനിന്നുള്ള വീതി കുറഞ്ഞതും ദുർഘടവുമായ വനപാതയിൽ രക്ഷാപ്രവർത്തനം വൈകിയതും നിരവധി ജീവനുകൾ പൊലിയാനിടയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top