16 December Monday
കരുതലോടെ ജില്ല

അതീവജാഗ്രത

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

 ഇടുക്കി

അടുത്തദിവസങ്ങളിൽ ജില്ലയിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന്‌ അതീവജാഗ്രത പുലർത്താനും എല്ലാ മുൻകരുതൽ നടപടിയും സ്വീകരിക്കാനും ദുരിതാശ്വാസ ഏകോപന ചുമതലയുള്ള മന്ത്രി സി രവീന്ദ്രനാഥ് നിർദേശം നൽകി. കലക്ടർ എച്ച് ദിനേശന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ റോഷി അഗസ്റ്റ്യൻ എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസും പങ്കെടുത്തു. ജില്ലയിലെ മുഴുവൻ വകുപ്പുകളും ഏതു പ്രതിസന്ധിയും നേരിടാൻ സജ്ജമാണ്. വീണ്ടും അതീവ ജാഗ്രതാ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അപകടമേഖലയിലുള്ളവരെ അക്കാര്യം ബോധ്യപ്പെടുത്തി ഉടൻ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ മാറ്റാൻ മന്ത്രി നിർദേശിച്ചു.
നിലവിലുള്ള സ്ഥിതിയിൽ ജില്ലയിൽ ഒരുവിധത്തിലുമുള്ള അപകടഭീതിയുമില്ല. മഴക്കെടുതിയിലുണ്ടായ നഷ്ടങ്ങളിൽ അടിയന്തരമായി താൽക്കാലിക പരിഹാരം കാണേണ്ട വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. അഞ്ചുപേർ മരിച്ചു. അഞ്ചുപേർക്ക് വിവിധ അപകടങ്ങളിലായി പരിക്കേറ്റു. 53 വീടുകൾ പൂർണമായും 367 വീടുകൾ ഭാഗികമായും തകർന്നു. ഏഴ് ക്യാമ്പുകളിലായി 95 കുടുംബങ്ങളിലെ 292 പേരാണ് ഇപ്പോഴുള്ളത്. വണ്ടിപ്പെരിയാറിൽ ദേശീയപാതയിൽ വെള്ളം കയറുന്ന ഭാഗം കലക്ടർ സന്ദർശിച്ച്‌ സ്ഥിതിഗതികൾ വിലയിരുത്തി നടപടി സ്വീകരിക്കും. റോഡ് നശിക്കാതിരിക്കാൻ എത്രയും വേഗം പരിഹാരമാർഗം കണ്ടെത്തണമെന്ന്‌ മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു. കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ഇ എസ് ബിജിമോൾ എംഎൽഎ ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയിരുന്നു. 
യോഗത്തിൽ ജില്ലാ പൊലീസ് മേധാവി ടി നാരായണൻ, എഡിഎം ആന്റണി സ്‌കറിയ, എഡിഎം അതുൽ സ്വാമിനാഥൻ, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.    
പ്രധാന വാർത്തകൾ
 Top