22 August Thursday

പേടിക്കേണ്ട പനിയെ; കോട്ടകെട്ടി പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

നെടുങ്കണ്ടം താലൂക്ക്‌ ആശുപത്രിയിൽ പനിക്ക്‌ ചികിത്സ തോടിയെത്തിയ കുട്ടിയെ ഡോക്ടർ പരിശോധിക്കുന്നു

 കട്ടപ്പന 

കാലവർഷത്തിനു പിന്നാലെ പനി ജില്ലയിൽ വ്യാപിച്ചതോടെ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ശുചീകരണവും ബോധവൽക്കരണവും മെഡിക്കൽ ക്യാമ്പുകളും നടത്തി. ഈ മാസം മാത്രം 2939 പേരാണ‌് പനി ബാധിച്ച‌് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽമാത്രം ചികിത്സ നേടിയത‌്. ഇതിൽ 97 പേർ കിടത്തി ചികിത്സയും നേടി. 
ഇക്കാലയളവിൽ 16 പേർക്ക‌് ഡെങ്കിപ്പനിയും മൂന്ന‌് പേർക്ക‌് എച്ച‌് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചു. ലോറേഞ്ച് മേഖലകളായ വണ്ണപ്പുറം, കൊന്നത്തടി, കരിമണ്ണുർ, തട്ടക്കുഴ, ഇടവെട്ടി എന്നിവിടങ്ങളിൽനിന്നാണ‌് ഡെങ്കിപ്പനിയും വൈറൽ പനിയും കൂടുതലായി റിപ്പോർട്ട് ചെയ‌്തത‌്. എച്ച‌് വൺ എൻ വൺ ബാധിച്ച‌് സ്വരാജ‌് സ്വദേശി ജേക്കബ‌് തോമസ‌് മരിച്ചിരുന്നു.  
ജില്ലയിൽ പനി പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതയോടുള്ള പ്രവർത്തനമാണ് സംഘടിപ്പിക്കുന്നതെന്ന് ഡിഎംഒ എൻ പ്രിയ അറിയിച്ചു. അവശ്യമരുന്നുകൾ എല്ലാ കേന്ദ്രങ്ങളിലും എത്തിച്ചിട്ടുണ്ട‌്. കൂടാതെ ഫീൽഡ് സ്റ്റാഫുകളുടെ പ്രവർത്തനവുമുണ്ട്. പനിക്കുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാനം കൊതുക് നിവാരണമാണ്. ഫോഗ്ഗിങ് അടക്കമുള്ളവയും  നടത്തുന്നു. 
ജില്ലാ ഡെപ്യൂട്ടി ഡിഎംഒ സുഷമയുടെ നേതൃത്വത്തിലുള്ള സംഘം എപ്പോഴും ജാഗരൂകരാണ‌്. ഏതെങ്കിലും പ്രത്യേക മേഖലകളിൽ പനി പടർന്നാൽ ഉടൻ മെഡിക്കൽ ടീം അവിടം സന്ദർശിക്കാനും തീരുമാനിച്ചിട്ടുണ്ട‌്. തമിഴ് മേഖലകൾ, കോളനികൾ എന്നിവിടങ്ങളിൽ പഞ്ചായത്തുകളുമായി ബന്ധപ്പെട്ടാണ് ക്ലാസുകളും ബോധവൽക്കരണവും നടത്തുന്നത‌്. പനി വന്നാൽ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തി ചികിത്സ തേടണം. കൂടാതെ ആശുപത്രികളിൽ പനി ക്ലിനിക്കുകളും പനി വാർഡുകളും തുടങ്ങിയിട്ടുണ്ട‌്. മുന്നൊരുക്കത്തിന്റെ ഭാഗമായി എല്ലായിടത്തും കൊതുകുവലകൾ വിതരണം ചെയ‌്തു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top