25 February Thursday

തൊടുപുഴയിൽ മാലിന്യ നിർമാർജനം ആദ്യ ലക്ഷ്യം; വരുന്നു... കുന്നംകുളം മാതൃക

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021
തൊടുപുഴ
തൊടുപുഴ നഗരത്തിൽ കുന്നംകുളം മാതൃകയിൽ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾ നടപ്പാക്കാൻ നഗരസഭയുടെ ആദ്യ കൗൺസിൽ യോഗത്തിന്റെ തീരുമാനം. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് കുന്നംകുളം മാതൃക നടപ്പാക്കാൻ പദ്ധതിയിട്ടത്. ഈ സാമ്പത്തിക വർഷത്തിൽതന്നെ പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം. നഗരത്തിലെ മാലിന്യ നീക്കവും സംസ്‌കരണവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ മുൻ കൗൺസിലിലെ അംഗങ്ങൾ കുന്നംകുളം സന്ദർശിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരുന്നു. 
  അതേമാതൃകയിൽ നടപ്പാക്കാനാണ് ചൊവ്വാഴ്ച ചേർന്ന കൗൺസിലും തീരുമാനിച്ചത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 3.56 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഇതിൽ 19,41,000 രൂപ മാത്രമാണ് ചെലവഴിച്ചത്. ഇനി ഡിപിആർ ഭേദഗതി ചെയ്ത് 2.62 കോടി ചെലവഴിച്ച് പദ്ധതി പൂർത്തിയാക്കും. ഇതിന്റെ ഭാഗമായി കൂടുതൽ പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റുകൾ സ്ഥാപിക്കും. വീടുകളിൽ ബയോപോട്ടുകളും ബിന്നുകളും ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിക്കാനും പദ്ധതിയുണ്ട്.
 മാലിന്യനീക്കം വേഗത്തിലാക്കുന്നതിന് ഹരിതകർമസേനയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തും. ജൈവ, അജൈവ മാലിന്യങ്ങൾ ഷ്രെഡിങ് യൂണിറ്റുകളിലെത്തിച്ച് വേർതിരിച്ച് ജൈവവളമാക്കി മാറ്റാനും ലക്ഷ്യമിടുന്നുണ്ട്. കൂടാതെ നഗരപരിധിയിൽ നഗരസഭയുടെ കൈവശമുള്ള സ്ഥലങ്ങളിൽ മൈക്രോ യൂണിറ്റുകൾ സ്ഥാപിക്കുമെന്നും അധ്യക്ഷൻ സനീഷ് ജോർജ് പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top