മൂന്നാർ
പെരിയവരൈ താൽക്കാലിക പാലത്തിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചു. തിങ്കളാഴ്ച രാത്രി പത്തോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ചെറുവാഹനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ കടന്നുപോകാൻ അനുവാദമുള്ളൂ. രണ്ട് ദിവസത്തിനകം വലിയ വാഹനങ്ങൾ കടത്തിവിടും. പ്രളയത്തിൽ തകർന്ന പെരിയവരൈ പാലത്തിന് സമാന്തരമായി പണിത താൽക്കാലിക പാലത്തിന്റെ അപ്രോച്ച് റോഡ് കഴിഞ്ഞദിവസം ഭാഗികമായി തകർന്നതിനെ തുടർന്നാണ് വാഹന ഗതാഗതം നിരോധിച്ചത്.
പെരിയവരൈയിൽ പുതിയപാലം നിർമിക്കുന്നതിന്റെ ഭാഗമായി പൈലിങ് ജോലി നടത്തുന്നതിനിടെയാണ് അപ്രോച്ച് റോഡ് തകർന്നത്. കഴിഞ്ഞദിവസം എസ് രാജേന്ദ്രൻ എംഎൽഎ, സബ് കലക്ടർ എസ് പ്രേംകൃഷ്ണൻ എന്നിവർ പെരിയവരെയിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ഗതാഗതം പുനഃസ്ഥാപിക്കാൻ നിർദേശം നൽകിയിരുന്നു.