24 October Thursday
കഷ്ടകാലം തീരാതെ കറുത്തപൊന്ന്‌

കാലാവസ്ഥ വ്യതിയാനം ഉൽപാദനത്തെ ബാധിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019
 
ഇടുക്കി
കാലാവസ്ഥ വ്യതിയാനം കുരുമുളക്‌ ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ടാക്കുന്നതായി സൂചന. ഏപ്രിൽ മുതൽ ജൂലൈ വരെയുണ്ടായ കടുത്ത വരൾച്ച ചെടികളെ ബാധിച്ചു. പിന്നീടുണ്ടായ ശക്തമായ മഴയിൽ നിറയെ തിരിയിട്ടെങ്കിലും പച്ചക്കുരുമുളക്‌ നേരത്തെ വിളയുന്ന സാഹചര്യമാണ്‌. സാധാരണ ഡിസംബർ പകുതിയോടെ   വിളവെടുപ്പ്‌  കാലം ആരംഭിക്കുന്നത്‌. ഇക്കുറി നവംബറിൽ അകാലത്തിൽ വിളവെടുക്കേണ്ടിവരുമോയെന്ന ആശങ്കയിലാണ്‌ കുരുമുളക്‌ കർഷകർ. 
മൺസൂൺ വിരമിക്കുന്ന സമയമായതിനാൽ തുലാമഴയിൽ ഉണക്കാൻ കഴിയാതെ കണ്ണിപൂക്കാനും വിള ചീഞ്ഞുപോകാനും സാധ്യതയുണ്ട്‌. നാലുമാസമായി കുരുമുളകിന്‌ കിലോയ്‌ക്ക്‌ 300‐ -315 രൂപയ്‌ക്ക്‌ ഇടയിലാണ്‌ വില ലഭിക്കുന്നത്‌. എന്നാൽ, കുരുമുളക്‌ കൊടികൾക്ക്‌ ദ്രുതവാട്ടവും കുമിൾ രോഗങ്ങളും വർധിച്ചതിനാൽ ഉൽപാദന ചെലവ്‌ കൂടുകയും ചെയ്‌തു. ഹൈറേഞ്ചിലും വയനാട്ടിലുമുള്ള ഉരുൾപൊട്ടലുകളിൽ ഹെക്ടറുകണക്കിന്‌ തോട്ടങ്ങളാണ്‌ നശിച്ചത്‌. വിദേശത്ത്‌ ഏറെ ആവശ്യക്കാരുള്ള മലബാർ കുരുമുളക്‌ കിട്ടാനില്ലാത്ത സാഹചര്യത്തിലും വിലയിടിക്കുന്നതിൽ കർഷകർ നിരാശയിലാണ്‌. ശ്രീലങ്കൻ‐ വിയറ്റ്‌നാം കുരുമുളക്‌ വൻകിട കയറ്റുമതിക്കാർ ഇടകലർത്തി വിൽക്കുന്നതായും ആക്ഷേപമുണ്ട്‌. നാണ്യവിള കയറ്റുമതിയിലുള്ള കേന്ദ്രസർക്കാരിന്റെ ഇടപെടലുകളില്ലാത്തതും കുരുമുളക്‌ കർഷകരെ പ്രതിസന്ധിയിലാക്കി.
 
 
 
 
പ്രധാന വാർത്തകൾ
 Top