18 June Friday

കാരുണ്യസ്‌പർശമായി മാലാഖമാർ

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021
തൊടുപുഴ
രോഗക്കിടക്കയ്‌ക്ക്‌ അരികെ സാന്ത്വനവും ആശ്വാസവും പകർന്നെത്തുന്ന ഭൂമിയിലെ മാലാഖമാർക്ക്‌ ലോക നേഴ്‌സസ്‌ ദിനത്തിലും തിരക്കൊഴിഞ്ഞില്ല. കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളികളായ ഇവർ ഒരുവർഷത്തിലേറെയായി വിശ്രമമില്ലാത്ത പോരാട്ടത്തിലാണ്‌. പതിവ്‌ ആഘോഷപരിപാടികൾ ഒന്നുമില്ലാതൊണ്‌ ബുധനാഴ്‌ച നേഴ്‌സിങ്‌ ദിനം കടന്നുപോയത്‌. വിവിധ ആശുപത്രി യൂണിറ്റുകളിൽ പതാക ഉയർത്തിയ ശേഷം എല്ലാവരും കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിലേക്ക്‌ നീങ്ങി.
കോവിഡ്‌ മഹാമാരിയെ ചെറുക്കാനുള്ള ഉദ്യമത്തിനിടെ ജീവൻ നഷ്ടമായവരുണ്ട്‌. കോവിഡിന്‌ കീഴ്‌പ്പെട്ട്‌ മരണത്തെ മുഖാമുഖം കണ്ട്‌ ജീവിതത്തിലേക്ക്‌ തിരിച്ചുവന്നവരും കുടുംബാംഗങ്ങളെ നഷ്ടമായവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്‌. കുമളി സിഎഫ്എൽടിസിയിൽ ചാർജ് നേഴ്സായ മേഴ്സിക്ക്‌ കോവിഡാവുകയും ഭർത്താവ്‌ വാളാഡി പുന്നത്തുറ വീട്ടിൽ ബിജു കോവിഡ് മൂലം മരിച്ചതും നേഴ്‌സിങ് ദിനത്തിലെ നൊമ്പരമായി.  
 തൊടുപുഴ ജില്ലാ ആശുപത്രിയിൽ നടന്ന പരിപാടിയിൽ ആർഎംഒ ഡോ. പ്രീതി ജെയിംസ് പതാക ഉയർത്തുകയും നേഴ്സിങ് ദിന സന്ദേശം നൽകുകയും ചെയ്‌തു. നേഴ്സിങ്‌ സൂപ്രണ്ട്‌ ടി കെ അന്നമ്മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലയിൽ ഉടനീളം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവിധ ആശുപത്രികളിൽ നേഴ്സിങ് ദിനം സമുചിതമായി ആചരിച്ചു. പീരുമേട് ഏരിയ ട്രഷറർ മേഴ്‌സിയുടെ ഭർത്താവ്‌ ബിജുവിന്റെ നിര്യാണത്തിൽ കേരള ഗവൺമെന്റ്‌ നേഴ്സസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അനുശോചിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top