26 May Sunday

മത്സ്യമോഷണം ചോദ്യം ചെയ്‌ത ഉടമയ‌്ക്കും അയൽവാസിക്കും മർദനം

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019

 

കട്ടപ്പന
മത്സ്യമോഷണം ചോദ്യം ചെയ്‌ത ഉടമയെയും അയൽവാസിയെയും ഒരു സംഘം ആളുകൾ മർദിച്ചു. അമ്പലക്കവല തേവർക്കുന്നേൽ വിജയൻ, ഒവേലിൽ പ്രിൻസ് എന്നിവർക്കാണ് മർദനമേറ്റത്. വിജയന്റെ വീടിനോട് ചേർന്ന കുളത്തിൽനിന്നും കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മൂന്നു തവണയാണ് മത്സ്യം മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രിയിൽ വലയുമായി മീൻ പിടിക്കാനെത്തിയവരെ വിജയനും അയൽവാസിയായ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പ്രിൻസും ചേർന്ന് പിടികൂടിയിരുന്നു. ചോദ്യം ചെയ്തപ്പോൾ സമീപവാസിയുടെ വീട്ടിൽ എത്തിയതാണെന്നും അയാൾ പറഞ്ഞിട്ടാണ് മത്സ്യം പിടിച്ചതെന്നുമാണ് പറഞ്ഞത്. ഇത‌് അന്വേഷിക്കാൻ സമീപവാസിയുടെ വീട്ടിലെത്തിയ പ്രിൻസിനെ ഇയാളുടെ വീട്ടിലുണ്ടായിരുന്ന ആറംഗ സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന സംഘം പ്രിൻസിനെ തലക്കടിച്ച‌് വീഴ‌്ത്തുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ശബ്ദംകേട്ട് ഓടിയെത്തിയ സമീപവാസികളുടെ കരച്ചിൽ കേട്ടാണ് ആക്രമി സംഘം സ്ഥലം വിട്ടത്. 
 സ്ഥിരമായി പുറത്തുനിന്നെത്തുന്ന ഈ സംഘം വീട് കേന്ദ്രീകരിച്ച‌് ചീട്ടുകളിയും മദ്യപാനവുമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. സാരമായി പരിക്കേറ്റ പ്രിൻസിനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് നടപടികൾ സ്വീകരിച്ചു.
 
പ്രധാന വാർത്തകൾ
 Top