21 September Saturday

സ്ഥിരം സിആർ നൽകാനുള്ള തീരുമാനം ഏലം കർഷകർക്ക് ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019
നെടുങ്കണ്ടം
കാർഡമം രജിസ്ട്രേഷൻ(സിആർ) പുതുക്കി നൽകാനുള്ള മന്ത്രിസഭാ തീരുമാനം ഏലം കർഷകർക്ക്‌ വലിയ ആശ്വാസമാകും. കർഷകരുടെയും കർഷക സംഘടനകളുടെയും പ്രധാന ആവശ്യമാണ്‌ അംഗീകരിക്കപ്പെടുന്നത്‌. വർഷങ്ങൾക്കുമുമ്പാണ് റവന്യൂ വകുപ്പ് സ്ഥിര കാർഡമം രജിസ്ട്രേഷൻ നൽകിയിരുന്നത്. പിന്നീട് ജില്ലയിൽ ഉടുമ്പൻചോല താലൂക്കിൽ പ്രത്യേകിച്ചും ഭൂപ്രശ്നങ്ങൾ സങ്കീർണമായതോടെ സ്ഥിരം രജിസ്ട്രേഷൻ പുതുക്കി നൽകുന്നതിനുപകരം താൽക്കാലിക സിആറാണ് നൽകിയിരുന്നത്‌. അഞ്ചുവർഷമായി ഇതും നിർത്തലാക്കി.
കേന്ദ്ര സർക്കാരിന്‌ കീഴിലുള്ള സ്പൈസസ് ബോർഡിൽനിന്ന്‌ കർഷകർക്ക് വിവിധ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ സിആർ ആവശ്യമാണ്. സിആർ പുതുക്കി നൽകാത്തതിനാൽ ആനുകൂല്യങ്ങൾക്ക്‌ അപേക്ഷിക്കാൻ കർഷകർക്ക് കഴിയാതെ വന്നു. ഈ സാഹചര്യത്തിൽ വിവിധ കർഷക സംഘടനകൾ സമരരംഗത്തിറങ്ങി. മന്ത്രി എം എം മണിയുടെ ഇടപെടലിനെ തുടർന്നാണ് താൽക്കാലിക സിആറിനു പകരം സ്ഥിരം സിആർ നൽകുന്നതിന്‌ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. തീരുമാനം ജിഒ ആയി പുറപ്പെടുവിക്കുന്നതോടെ ഏലം കൃഷി നടത്തുന്ന ഭൂമി സംബന്ധിച്ച മതിയായ രേഖകളും പുതുക്കിയ നിരക്കിലുള്ള രജിസ്ട്രേഷൻ ഫീസും അടച്ചാൽ റവന്യൂ വകുപ്പിൽനിന്ന്‌ സ്ഥിരം കാർഡമം രജിസ്ട്രേഷൻ ലഭിക്കും.
 
 
പ്രധാന വാർത്തകൾ
 Top