13 June Sunday

വേനൽമഴ, മണ്ണിടിച്ചിൽ: നെടുങ്കണ്ടത്ത്‌ ലക്ഷങ്ങളുടെ നഷ്ടം

വെബ് ഡെസ്‌ക്‌Updated: Wednesday May 12, 2021
നെടുങ്കണ്ടം
വേനൽമഴയിലും മണ്ണിടിച്ചിലിലും നെടുങ്കണ്ടം മേഖലയിൽ വ്യാപകനാശം. നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്‌കൂളിന്റെ മുൻവശത്തെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. സ്‌കൂളിന്റെ മതിലിനോട് ചേർന്നാണ് മണ്ണിടിഞ്ഞ് റോഡിലേക്ക് വീണത്. സ്‌കൂൾ കെട്ടിടത്തിനും മണ്ണിടിച്ചിൽ അപകടഭീഷണിയായി. നെടുങ്കണ്ടം മേഖലയിൽ വിവിധ സ്ഥലങ്ങളിലായി നിരവധി മണ്ണിടിച്ചിലുകളും കൃഷിനാശവും നേരിട്ടിട്ടുണ്ട്. ഒരു മണിക്കൂറോളം ശക്തമായ മഴയാണ് മേഖലയിൽ ഉണ്ടായത്. 
 വട്ടപ്പാറയിൽ ചെറുകരക്കുന്നേൽ ജോണി എബ്രഹാമിന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. ഒരുവർഷം മുമ്പ് നാലുലക്ഷം രൂപ മുടക്കി നിർമിച്ച 26 അടിയോളം ഉയരത്തിലുള്ള കൽക്കെട്ടാണ് തകർന്നത്. പലരിൽനിന്ന്‌ വായ്പവാങ്ങിയാണ് കൽക്കെട്ട് നിർമിച്ചതെന്ന് ജോണി പറഞ്ഞു. വീടിന്റെ പിൻഭാഗത്തെ മൺതിട്ടയും ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലാണ്. ഭിന്നശേഷിക്കാരിയായ മകൾ ഉൾപ്പെടെ നാല് മക്കളാണ് ജോണിക്കുള്ളത്. ഈ കുട്ടിക്ക് രണ്ട് ഓപ്പറേഷനുകൾ നടത്തി കടബാധ്യതയിലായിരിക്കുമ്പോഴാണ് മണ്ണിടിച്ചിലുണ്ടായത്‌.
 ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യൻ, പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗം ബേബിച്ചൻ ചിന്താർമണി, വാർഡംഗം ജോസ് തെക്കേക്കുറ്റ്, വില്ലേജ് ഓഫീസർമാരായ പി എം ധന്യാമോൾ, ടി എ പ്രതീപ് തുടങ്ങിയവർ സ്ഥലത്തെത്തി. അപകടാവസ്ഥ സംബന്ധിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും സാധ്യമായ സഹായങ്ങൾ നൽകുമെന്നും ഇവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top