24 August Saturday

വിജയമംഗളം

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019

 കോതമംഗലം

ഇരുപത്തെട്ട‌് കോടി രൂപ ചെലവിൽ അന്താരാഷ‌്ട്ര നിലവാരത്തിൽ മുഖംമിനുക്കുന്ന നേര്യമംഗലം‐ പനംകുട്ടി റോഡിലെ നീണ്ടപാറയായിരുന്നു ജോയ‌്സ‌് ജോർജിന്റെ ആദ്യ സ്വീകരണ കേന്ദ്രം. ജോയ‌്സിന്റെ ശ്രമഫലമായി കേന്ദ്ര റോഡ‌് ഫണ്ടിൽനിന്നാണ‌് റോഡ‌് പുനർനിർമാണത്തിന‌് പണം അനുവദിച്ച‌് ടെൻഡർ നടപടിയായത‌്. പ്രളയവും ഉരുൾപൊട്ടലും അതീജീവിച്ച നൂറുകണക്കിന‌ാളുകളാണ‌് പ്രിയ സാരഥിയെ വരവേൽക്കാനെത്തിയത‌്. മുത്തുക്കുട പിടിച്ചും പുഷ‌്പവൃഷ‌്ടി നടത്തിയും നാസിക‌് ദോലിന്റെ അകമ്പടിയോടെ പാളത്തൊപ്പിയണിയിച്ചായിരുന്നു കോതമംഗലം മണ്ഡലത്തിലെ ആദ്യകേന്ദ്രത്തിലെ സ്വീകരണം.  
പര്യടനം സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ ഉദ‌്ഘാടനം ചെയ‌്തു. പി ടി ബെന്നി അധ്യക്ഷനായി. പി എം ഇസ‌്മയിൽ, ആർ അനിൽകുമാർ, ആന്റണി ജോൺ എംഎൽഎ, എസ‌് സതീഷ‌്, ഇ കെ ശിവൻ, പി എൻ ബാലകൃഷ‌്ണൻ എന്നിവർ പങ്കെടുത്തു. അന്തരിച്ച കേരള കോൺഗ്രസ‌് ചെയർമാൻ കെ എം മാണിക്ക‌് പാലായിലെത്തി ആദരാഞ്‌ജലി അർപ്പിച്ചശേഷമാണ‌് ജോയ‌്സ‌് നീണ്ടപാറയിലെത്തിയത‌്. അഭിവാദ്യങ്ങളുമായി സ‌്ത്രീകളും കുട്ടികളും തൊഴിലാളികളുമുൾപ്പെടെ നിരവധിയാളുകൾ. ചെമ്പൻകുഴി വഴി നേര്യമംഗലം കോളനിയിൽ. കുരുത്തോലയും ചെങ്കൊടിയും കൊണ്ട‌് അലങ്കാരം. വാനിലുയർന്ന അഭിവാദ്യ മുദ്രാവാക്യങ്ങൾ. സ‌്ത്രീകളുടെ കുരവ. ഹൃദ്യമായ സ്വീകരണത്തിന‌് ചെറുവാക്കിൽ ജോയ‌്സിന്റെ നന്ദി.
 ജില്ലാ കൃഷ‌ിത്തോട്ടം സ്ഥിതിചെയ്യുന്ന നേര്യമംഗലമായിരുന്നു അടുത്ത കേന്ദ്രം. മുതിർന്ന‌ സിപിഐ എം പ്രവർത്തകൻ കെ എം പരീതിന്റെ ഭാര്യ ഖദീജ‌ പരീതിന്റെ നേതൃത്വത്തിൽ സ‌്ത്രീകളുൾപ്പെടെ നിരവധിപേർ. ഷാൾ അണിയിച്ചാണ‌് ഖദീജ ജോയ‌്സിനെ വരവേറ്റത‌്. തൊഴിലാളികൾ, ഓട്ടോറിക്ഷാ ഡ്രൈവർമാർ എന്നിവർ ഓറഞ്ച‌് കൊരുത്ത മാലയിട്ടു. കൊച്ചി‐ മൂന്നാർ‐ ധനുഷ‌്കോടി പാതയുടെ നവീകരണത്തിനായി ജോയ‌്സ‌ിന്റെ ഇടപെടലിനെത്തുടർന്ന‌് 491 കോടി രൂപയാണ‌് അനുവദിപ്പിച്ചത‌്. നേര്യമംഗലം പാലംകടന്ന‌് പെരിയാറിന്റെ തീരത്തെ ഇഞ്ചത്തൊട്ടിയിലേക്ക‌്. കുട്ടമ്പുഴ പഞ്ചായത്തിലെ 13–-ാം വാർഡിന്റെ അറ്റമാണിത‌്. പുളി സംസ‌്കരണ തൊഴിലാളികളായ സ‌്ത്രീകളുടെ സ‌്നേഹാഭിവാദ്യം. കുടിവെള്ള പദ്ധതിയുടെ മെല്ലേപ്പോക്കിനെക്കുറിച്ച‌് പരിഭവം. തെരഞ്ഞെടുപ്പ‌് കഴിഞ്ഞാൽ പദ്ധതി യാഥാർഥ്യത്തിലാകുമെന്ന‌് ആന്റണി ജോൺ എംഎൽഎയുടെ മറുപടി കേട്ടപ്പോൾ രമണിയും വത്സലയും സുമതിയുമുൾപ്പെടെയുള്ള തൊഴിലാളികൾക്ക‌്  സന്തോഷം. ഇഞ്ചത്തൊട്ടിയിൽ പഴക്കൂടയുമായിട്ടാണ‌് പ്രവർത്തകർ കാത്തിരുന്നത‌്.
പതിനൊന്നോടെ ആവോലിച്ചാലിലെത്തിയപ്പോഴേക്കും വൻ ജനവാലിയാണ‌് ജോയ‌്സിനെ സ്വീകരിക്കാനെത്തിയത‌്. പരമ്പരാഗത തൊപ്പിക്കുടയും പൂക്കൂടയുമായിട്ടായിരുന്നു തലക്കോട‌്  സ്വീകരണം. കരകൗശല വിദ‌ഗ‌്ധയായ ഉഷ അയ്യപ്പന്റെ കരവിരുതിലാണ‌് തൊപ്പിക്കുട നിർമാണം. അള്ളുങ്കൽ വഴി പുത്തൻകുരിശിലെത്തിയപ്പോഴും ആവേശം ചോരാതെ സ‌്ത്രീകളും കുട്ടികളും സ‌്വീകരിക്കാനെത്തി. ഇവിടെ അജിത ശശിയെന്ന വീട്ടമ്മ കട്ടൻചായ നൽകിയാണ‌് വരവേറ്റത‌്. സിപിഐ എം കവളങ്ങാട‌് ഏരിയ കമ്മിറ്റി നിർമിച്ച‌് നൽകിയ കനിവ‌് ഭവനത്തിലാണ‌് അജിതയും ഭർത്താവ‌് ശശിയും രണ്ടു കുട്ടികളും ഇപ്പോൾ താമസിക്കുന്നത‌്. 
 
കവളങ്ങാട്, വാളാച്ചിറ, മാരമംഗലം, കോളനിപ്പടി എന്നിവിടങ്ങളിലെ സ്വീകരണത്തിന‌് ശേഷം നെല്ലിമറ്റത്തേക്ക‌്. മാരമംഗലത്ത‌് മുച്ചക്രവാഹനത്തിലെത്തിയ മനുവിന്റെ അഭിവാദ്യം. തുടർന്ന‌് ഭക്ഷണത്തിനും വിശ്രമത്തിനുംശേഷം ആദ്യ കേന്ദ്രമായ പൈമറ്റത്തെത്തി. മണിക്കിണറും വെള്ളാരമറ്റവും ഈട്ടിപ്പാറയും പിന്നിട്ട‌് കുടുമുണ്ടയിൽ. മാവുടി സ്കൂൾപ്പടി, അടിവാട്, മൈലൂർ എന്നിവിടങ്ങളിലെ സ‌്വീകരണത്തിന‌് ശേഷം പിടവൂർ കവലയിൽ പൊതുയോഗം. തുടർന്ന‌് കൊഴിപ്പിള്ളി, ഇഞ്ചൂർ അമ്പലംപടി, എട്ടാംമൈൽ വഴി വാരപ്പെട്ടി കവലയിൽ. ജോയ‌്സിന്റെ തെരഞ്ഞെടുപ്പ‌് ചിഹ‌്നമായ ടോർച്ചിന്റെ മാതൃക നൽകി സ്വീകരണം. കക്കാട്ടൂർ, ഇളങ്ങവം, മുളവൂർ കവല, ചിറപ്പടി, അമ്പലംപടി, മാതിരപ്പിള്ളി, കോളേജ് ജങ‌്ഷൻ, കോതമംഗലം ടൗൺ, തങ്കളം ജവഹർ കോളനി എന്നിവിടങ്ങളിലും ഹൃദ്യമായ സ്വീകരണം. രാത്രി തങ്കളത്ത് വൻജനാവലിയുടെ സാന്നിധ്യത്തിൽ പൊതുയോഗത്തോടെ കോതമംഗലത്തെ മൂന്നാംഘട്ട പൊതുപര്യടനത്തിന‌് സമാപനം. ആന്റണി ജോൺ എംഎൽഎ, എൽഡിഎഫ് നേതാക്കളായ പി എം  ഇസ്മയിൽ, ആർ അനിൽകുമാർ, ഇ കെ ശിവൻ, പി എൻ ബാലകൃഷ്ണൻ, ഷാജി മുഹമ്മദ്എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top