07 December Tuesday

ഇടുക്കി പാക്കേജ്: 
സമീപനരേഖ 15ന് മുമ്പ്

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന ഇടുക്കി പാക്കേജ് ഉന്നതതല അവലോകന യോഗം

ഇടുക്കി 
ജില്ലയിൽ 12,000 കോടിയുടെ വികസനം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പാക്കേജിന്റെ സമീപനരേഖ 15ന് മുമ്പ് തയ്യാറാക്കാൻ ഉന്നതതല ജില്ലാതല അവലോകനയോഗത്തിൽ ധാരണ. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനായി.  
 ജില്ലയിലെ മറ്റ് നാണ്യവിളകളായ റബർ, കാപ്പി, തേയില, ഏലം തുടങ്ങിയവ കൃഷിചെയ്യുന്ന ചെറുകിട കർഷകർക്ക് സഹായകരമായ രീതിയിൽ നിർദേശങ്ങൾ പാക്കേജിൽ ഉൾക്കൊള്ളിക്കും. ജില്ലയിലെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുള്ള പദ്ധതിയാണ് വേണ്ടതെന്ന് എം എം മണി എംഎൽഎ പറഞ്ഞു. തോട്ടം മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിന് സമഗ്രപദ്ധതി ആവശ്യമാണെന്ന് വാഴൂർ സോമൻ എംഎൽഎ അഭിപ്രായപ്പെട്ടു. തൊഴിലാളി ലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തണം. പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടങ്ങൾ ഏറ്റെടുത്ത് അവിടങ്ങളിലെ ഭൂമിയിൽ ഐടി പാർക്കും മറ്റ് സംരംഭങ്ങളും ആരംഭിക്കുന്നത് ജില്ലയുടെ വികസനത്തിന് ആക്കംകൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു. മറയൂർ, വട്ടവട, കാന്തല്ലൂർ മേഖലകളിലെ പച്ചക്കറി കർഷകരുടെയും കൃഷിയുടെയും സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ ആവശ്യമാണെന്ന് എ രാജ എംഎൽഎ പറഞ്ഞു. ജില്ലയിൽ പച്ചക്കറി കൃഷി വർധിപ്പിക്കുന്നതിനൊപ്പം കൂടുതൽ സംഭരണകേന്ദ്രങ്ങളും വിപണന സംവിധാനങ്ങളും ആവശ്യമാണെന്ന് യോഗം വിലയിരുത്തി.
 പാക്കേജുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ വകുപ്പുകളുടെ ഉത്തരവാദിത്വപൂർണമായ സമീപനം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. 
    യോഗങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാ മേധാവികളെയും പങ്കെടുപ്പിക്കാനും നിർദേശം നൽകി. ഏലം പോലെയുള്ള വിളകൾക്ക് താങ്ങുവില നൽകണമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ എകോപനത്തിന്‌ മുൻ എംപി ജോയ്‌സ് ജോർജിനെ യോഗം ചുമതലപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, കലക്ടർ ഷീബ ജോർജ്, ജില്ലാ വികസന കമീഷണർ അർജുൻ പാണ്ഡ്യൻ, ജില്ലാ പ്ലാനിങ് ഓഫീസർ ഡോ. സാബു വർഗീസ് എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top