25 August Sunday
സംസ്ഥാന മത്സ്യകർഷക അവാർഡ‌് ടോമി പീറ്ററിന‌്

മത്സ്യസമൃദ്ധിയുടെ പുരസ‌്കാര നിറവിൽ ഹൈറേഞ്ച‌്

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019

 കട്ടപ്പന 

ഹൈറേഞ്ചിന്റെ നീലപ്പരപ്പിൽ മത്സ്യസമൃദ്ധിയുടെ പെരുമഴക്കാലം.ദേശീയ മത്സ്യ കർഷക ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത‌് മത്സ്യകൃഷി രംഗത്ത‌് മികച്ച നേട്ടം കൈവരിച്ച കർഷകർക്കും അനുബന്ധ പ്രവർത്തകർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമുള്ള അവാർഡ‌് പ്രഖ്യാപിച്ചു. നൂതന മത്സ്യകൃഷി നടപ്പാക്കിയതിന‌് തങ്കമണി നീലവയൽ വെളിഞ്ഞാലിൽ ടോമി പീറ്ററിനാണ‌് മികച്ച മത്സ്യകർഷകനുള്ള സംസ്ഥാന അവാർഡ‌്. 50,000 രൂപയും പ്രശസ‌്തി പത്രവും ഫലകവും അടങ്ങുന്നതാണ‌് അവാർഡ‌്. മികച്ച സാധ്യതകൾ കണ്ടാണ‌് ടോമി പീറ്റർ മത്സ്യകൃഷി മേഖലയിൽ എത്തുന്നത‌്. റീ സർക്യുലേറ്ററി അക്വാകൾച്ചർ സിസ്റ്റമാണ‌് ടോമി പിന്തുടരുന്നത‌്. 
 
40 ക്യുബിക‌് മീറ്റർ വെള്ളത്തിൽ 4000 ഗിഫ‌്റ്റ‌് കുഞ്ഞുങ്ങളെയാണ‌് നിക്ഷേപിച്ചത‌്. ഇതിൽനിന്ന‌് ഏകദേശം 1440 കിലോ മത്സ്യം ഉൽപാദിപ്പിക്കാനായി. കൃത്യമായ തീറ്റയും ശാസ‌്ത്രീയമായ വകുപ്പ‌് മാനദണ്ഡങ്ങളും അവലംബിച്ചതിനാൽ ശരാശരി 400 ഗ്രാംവരെ മത്സ്യം വളർച്ചയെത്തിയിരുന്നു. ആർഎഎസുമായി ബന്ധപ്പെട്ട‌് പച്ചക്കറി കൃഷിയും നടത്തി. ബീൻസ‌്, തക്കാളി, ചീര, കാബേജ‌്, മുളക‌്, കോളിഫ്ലവർ എന്നിവയുടെ കൃഷിയിലൂടെ ഏകദേശം 172 കിലോ ഉൽപാദിപ്പിച്ചു. 6.15 ലക്ഷം രൂപ ചെലവഴിച്ച‌് നിർമിച്ച യൂണിറ്റിൽ കൃത്യമായ കുളം– -പച്ചക്കറി ബെഡ‌് അനുപാതം നിലനിർത്താനും ടോമി ശ്രദ്ധിച്ചിട്ടുണ്ട‌്. മാർക്കറ്റിങ്ങ‌് രംഗത്തെ പുതുമയാണ‌് ടോമിയെ മറ്റ‌ു കർഷകരിൽനിന്ന‌് വ്യത്യസ‌്തനാക്കുന്നത‌്. റിസോർട്ടുകളിൽ ‘റെഡി ടു ഫ്രൈ’ രൂപത്തിൽ ക്ലീൻ ചെയ‌്ത‌് മസാല പുരട്ടിയ മത്സ്യം ഉപഭോക്താക്കൾക്ക‌് കണ്ട‌് തെരഞ്ഞെടുക്കാവുന്ന രീതിയിലുള്ള വിപണന തന്ത്രമാണ‌് ടോമി ഉപയോഗിക്കുന്നത‌്. ജില്ലാതലത്തിൽ മികച്ച ശുദ്ധജല മത്സ്യകർഷകനുള്ള അവാർഡ‌് അരിവിളാംചാൽ തെക്കുംകുടിയിൽ ജയിംസ‌് മാത്യു കരസ്ഥമാക്കി.
10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ‌് അവാർഡ‌്. മികച്ച അക്വാകൾച്ചർ പ്രോമോട്ടർക്കുള്ള അവാർഡ‌് മുളവാലി പിടിക്കാകുന്നേൽ പി സി ജോസിന‌് ലഭിച്ചു. 5000 രൂപയും പ്രശസ‌്തി പത്രവും ഫലകവും നൽകും. മികച്ച ജില്ലാതല മത്സ്യ പ്രവർത്തനങ്ങൾ നടപ്പാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള അവാർഡ‌്  ഇരട്ടയാർ പഞ്ചായത്ത‌് നേടി. 10000 രൂപയും പ്രശസ‌്തി പത്രവും ഫലകവും ലഭിക്കും.
 
 
പ്രധാന വാർത്തകൾ
 Top