07 August Friday
അടിമാലി സഹ. ബാങ്ക്‌ അഴിമതി

ഭരണസമിതി അംഗങ്ങളും ജീവനക്കാരും വീതിച്ചെടുത്തത്‌ 2.5 കോടി

സ്വന്തം ലേഖകൻUpdated: Friday Jul 10, 2020
അടിമാലി 
അടിമാലി സഹകരണ ബാങ്കിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരും മാത്രം ക്രമവിരുദ്ധമായി തരപ്പെടുത്തിയെടുത്തത്‌ രണ്ടരക്കോടി രൂപയുടെ വായ്‌പ. കർഷകർക്ക് ലഭിക്കേണ്ട പണം ജപ്തി നടപടിയിൽനിന്ന്‌ രക്ഷപ്പെടാൻ ഉപയോഗിച്ചും ഭരണസമിതി അംഗം. ആൾ ജാമ്യത്തിലും സ്വർണപ്പണയത്തിലുമുള്ള വായ്‌പയിലാണ് ഇത്രയും തട്ടിപ്പ് നടത്തിയത്.
     11 ഭരണസമിതി അംഗങ്ങളും 15 ജീവനക്കാരും ചേർന്നാണ് ഇത്രയും വലിയ തട്ടിപ്പ് നടത്തിയത്. പ്രസിഡന്റ് ജോൺസി ഐസക്ക് ഏഴുപേരുടെ പേരിൽ 14 ലക്ഷവും വൈസ് പ്രസിഡന്റ് എം എം നവാസ് നാലുലക്ഷവും തരപ്പെടുത്തി. ഒരു ഭരണസമിതി അംഗം മറ്റൊരു സഹകരണ ബാങ്കിലെ ജപ്തിയിലായ ഭൂമി തിരിച്ചുപിടിക്കാനാണ് വായ്പയെടുത്തത്. 18 ലക്ഷമാണ് ഇയാൾക്ക് ലഭിച്ചത്. പ്രസിഡന്റിന്റെ സഹോദരനും ഭാര്യക്കും ലഭിച്ചത് നാലുലക്ഷം. മുൻ പ്രസിഡന്റിന്റെ മകനും ഭാര്യയും ചേർന്നെടുത്തത് നാലു ലക്ഷം. മറ്റൊരു മുൻ പ്രസിഡന്റ് തന്റെ പേരിൽ രണ്ട് വായ്പയും ഭാര്യയുടെ പേരിൽ മൂന്ന് വായ്പയുമടക്കം വൻതുക കൈക്കലാക്കി. സെക്രട്ടറിയുടെ അച്ഛൻ രണ്ടുലക്ഷവും രണ്ട് ശാഖാ മാനേജർമാർ ഭാര്യയുടെയും അമ്മയുടെയും പേരിൽ ലക്ഷങ്ങളും തരപ്പെടുത്തി. 
 ഭരണസമിതി അംഗങ്ങളുടെ ഇഷ്‌ടക്കാരായ ആറ് കുടുംബങ്ങൾക്ക് മാത്രം കിട്ടിയത് 46 ലക്ഷം. വായ്പ വിതരണംചെയ്തത് രേഖകളിലും ഫയലുകളിലും കൃത്രിമം കാണിച്ചാണ്. 1908 ലെ രജിസ്ട്രേഷൻ നിയമത്തിന് വിരുദ്ധമായാണ് ബാങ്കിൽ ഹാജരാക്കിയിട്ടുള്ള പാട്ടക്കരാറുകൾ. പാട്ടക്കരാർ രജിസ്റ്റർ ചെയ്യുകയോ നിയമാനുസൃതം അടയ്‌ക്കേണ്ട ഫീസ്‌ അടയ്‌ക്കുകയോ വായ്‌പക്കാർ ചെയ്‌തിട്ടില്ല. കൂടാതെ, ഭരണസമിതി അംഗങ്ങളും ജീവനക്കാരുമായ അഞ്ച് കുടുംബക്കാർ ഒരേ ഭൂമിയുടെ കരം അടച്ച രസീതും ആധാരത്തിന്റെ പകർപ്പും അസാധുവായ പാട്ടക്കരാറും ഹാജരാക്കി 20 ലക്ഷം വായ്പയെടുത്തു. 
 ശാഖ മാനേജർ അമ്മയുടെ പേരിൽ രണ്ട് വായ്‌പയും സീനിയർ ക്ലർക്ക് ഭാര്യയുടെ പേരിൽ രണ്ട് വായ്പയും തരപ്പെടുത്തി. 6.4 ശതമാനം പലിശനിരക്കിൽ വായ്പ നൽകി കർഷകരെ സഹായിക്കാനാണ് സർക്കർ സഹായഹസ്തം പ്രഖ്യാപിച്ചത്. എന്നാൽ, കോൺഗ്രസ് നേതൃത്വംകൊടുക്കുന്ന ബാങ്ക് ഭരണസമിതി സാധാരണ കൃഷിക്കാരെ പൂർണമായും ഒഴിവാക്കി. ആരും അറിയാതിരിക്കാൻ വായ്പ വിതരണം രഹസ്യമാക്കി വയ്ക്കുകയും ചെയ്‌തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top