03 August Monday

നിയന്ത്രണങ്ങളിൽ വിട്ടുവീഴ്‌ചയില്ലാതെ കുമളി

കെ എ അബ്ദുൾറസാഖ്‌Updated: Friday Jul 10, 2020

ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ എത്തുന്നവരെ കുമളി ചെക്ക്‌പോസ്റ്റിൽ പരിശോധിക്കുന്നു

കുമളി
കേന്ദ്രസർക്കാർ നിയന്ത്രണം നീക്കിയതോടെ മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ കുമളി അതിർത്തിവഴി കേരളത്തിലേക്ക് കൂടുതൽ ആളുകൾ എത്തിത്തുടങ്ങി. തിങ്കളാഴ്ച മുതലാണ് കൂടുതൽ ആളുകൾ വന്നുതുടങ്ങിയത്. നാലുദിവസമായി ശരാശരി എണ്ണൂറോളം പേർ എത്തുന്നുണ്ട്. 
ഇതിനുമുമ്പ് ശരാശരി 250 പേരാണ് ദിവസേന വന്നിരുന്നത്. സംസ്ഥാനങ്ങളിലേക്കുള്ള യാത്രാനിരോധനം കേന്ദ്രസർക്കാർ എടുത്തുകളഞ്ഞെങ്കിലും പഴയ നിലയിൽ, കർശന പരിശോധനകൾക്ക് വിധേയമായാണ് അതിർത്തിവഴി ആളുകളെ പ്രവേശിപ്പിക്കുന്നത്. കുമളി അതിർത്തിയിൽ എത്തുന്നവർ സാമൂഹ്യ അകലം പാലിച്ച്‌ പൊലീസിന്റെ കൗണ്ടറിൽ ആദ്യം രജിസ്ട്രേഷൻ നടത്തും. ആരോഗ്യവകുപ്പിന്റെ കൗണ്ടറിനുമുന്നിൽ തെർമൽ സ്കാനർ ഉപയോഗിച്ച്‌ ശരീരോഷ്മാവ് പരിശോധിക്കും. തുടർന്ന്‌ ആരോഗ്യവകുപ്പ് കൗണ്ടറിൽ ആളുകളുടെ വിവരങ്ങൾ രേഖപ്പെടുത്തും. പിന്നീട്‌ തദ്ദേശഭരണം, റവന്യു, പൊലീസ്, മോട്ടോർ വൈഹിക്കിൾ വകുപ്പുകളുടെ കൗണ്ടറുകളിൽ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് സ്വന്തമായി വാഹനം ഇല്ലാത്തവർക്ക് റവന്യു വകുപ്പ് ഏർപ്പെടുത്തുന്ന വാഹനങ്ങളിൽ താമസസ്ഥലത്ത് എത്തിക്കുന്നത്.
 രജിസ്ട്രേഷൻ വിവരങ്ങൾ അവർ താമസിക്കുന്ന പഞ്ചായത്ത്, പൊലീസ്, റവന്യു, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ വെബ്സൈറ്റുകളിൽ അപ്പോൾതന്നെ അപ്‌ലോഡ് ചെയ്യും. 14 ദിവസം നിരീക്ഷണ നിബന്ധനയോടെയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്.കുമളി വഴി വരുന്നവരിൽ 80 ശതമാനവും ഇടുക്കി ജില്ലക്കാരാണ്. തമിഴ്നാട് ഉൾപ്പെടെ മറ്റ്‌ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരാണ് ഏറെയും. അതേസമയം, ആളുകളെ കടത്തിവിടുന്നതിനെതിരെ കുമളിയിൽ യുഡിഎഫ് വിവിധ സമരപരിപാടികളും പ്രചാരണങ്ങളും നടത്തിയിരുന്നു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top