11 August Tuesday
അടിമാലി സഹകരണ ബാങ്ക്‌ അഴിമതി

പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്‌ കോടികളുടെ ക്രമക്കേട്

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020

 

 
അടിമാലി
അടിമാലി സഹകരണ ബാങ്കിലെ എസ്എൽഎഫ് വായ്‌പാ അഴിമതിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്‌ കോടികളുടെ ക്രമക്കേട്. സർക്കാർ അനുവദിച്ച അഞ്ച് കോടിയിൽ ഭൂരിപക്ഷവും ഭരണസമിതി അംഗങ്ങളും ജീവനക്കാരും കൈക്കലാക്കി. കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കാർഷിക മേഖലയെയും കൃഷിക്കാരെയും സംരക്ഷിക്കാനാണ്‌ മുഖ്യമന്ത്രി സഹായഹസ്തം വായ്‌പാപദ്ധതി പ്രഖ്യാപിച്ചത്. കുറഞ്ഞ പലിശനിരക്കിൽ കൂടുതൽ ആളുകൾക്ക് സഹായമെത്തിക്കുകയായിരുന്നു ലക്ഷ്യം. നബാർഡിന്റെ സഹായത്തോടെ സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ മുഖേനയായിരുന്നു വായ്‌പാവിതരണം. അടിമാലി സഹകരണ ബാങ്ക് നൽകിയ വായ്പയിൽ ഭൂരിപക്ഷവും എത്തിയത് പ്രസിഡന്റ് അടക്കമുള്ള ഭരണസമിതി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമാണ്. കൂടാതെ
ജീവനക്കാരിൽ ബഹുഭൂരിപക്ഷം പേരും വായ്പ തരപ്പെടുത്തി. ധനസഹായം ഏതാനും കുടുംബങ്ങളിൽ മാത്രം കേന്ദ്രീകരിച്ചതായാണ് അന്വേഷണ റിപ്പോർട്ട്. സഹകരണനിയമവും നിർദേശങ്ങളും പൂർണമായും ലംഘിച്ചതായും കണ്ടെത്തി. വായ്‌പയ്‌ക്ക്‌ ആവശ്യമായ രേഖകൾ ഇല്ലാതെയും ചിലതിൽ കൃത്രിമവും കാണിച്ചിട്ടുണ്ട്. കൃഷിയെ സംബന്ധിച്ച പാട്ടക്കരാറിൽ കൈയെഴുത്ത് പ്രതിയും ബാങ്കിൽ മുമ്പ് ഹാജരാക്കിയ കരാറിന്റെ കംപ്യൂട്ടർ പതിപ്പുമാണ്. കരാർ തയ്യാറാക്കിയത് മതിയായ വിലയുടെ മുദ്രപത്രത്തിലുമല്ല. പത്ത് സെന്റിൽ താഴെ ഭൂമിയുള്ളവർക്കുപോലും എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപറത്തി ലക്ഷങ്ങളാണ് നൽകിയത്.  പ്രസിഡന്റ് ജോൺസി ഐസക്കിന്റെ കുടുംബത്തിലെ ഏഴ് അംഗങ്ങൾക്കായി 14 ലക്ഷമാണ് നൽകിയത്. മതിയായ രേഖകളോ മാനദണ്ഡങ്ങളോ പാലിച്ചിട്ടുമില്ല. സമാനമായി 11 ഭരണസമിതിയംഗങ്ങളും കുടുംബാംഗങ്ങളും ക്രമവിരുദ്ധമായി വായ്പ തരപ്പെടുത്തിയെടുത്തു. 15 ജീവനക്കാരും ലക്ഷങ്ങൾ കീശയിലാക്കി. മിനിട്സ് ബുക്കിൽ വ്യാപക തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. നാലുപേർ അംഗത്വമെടുത്ത ദിവസംതന്നെ വായ്പയും നൽകിയത് മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. ഇതിനായി മാത്രമാണ് ഇവർക്ക് അംഗത്വം നൽകിയത്. ആൾജാമ്യത്തിൽ 2,33,60,000 രൂപയും സ്വർണപ്പണയത്തിൽ 2,61,38,220 രൂപയുമാണ്‌ വായ്പ നൽകിയത്. സഹകാരികളെ അറിയിക്കാതെയും ആവശ്യമായ പ്രചാരണം നൽകാതെയുമാണ്‌ വായ്പാ വിതരണമെന്നും അന്വേഷണത്തിൽ കണ്ടെത്തി. മുൻ ഭരണസമിതി അംഗങ്ങളും  യുഡിഎഫിലെ ഉന്നതരും വായ്‌പയെടുത്തിട്ടുണ്ട്. കർഷകരെയും കൃഷിക്കാരെയും പൂർണമായി അവഗണിക്കുകയായിരുന്നു. 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top