25 May Monday

വിശ്രമമൊക്കെ പിന്നീട‌്; ആദ്യം മറ്റുള്ളവരുടെ വിശപ്പകറ്റട്ടെ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

തൊടുപുഴയിലെ സമൂഹ അടുക്കളയിൽ പാചകത്തിൽ ഏർപ്പെട്ടിരിക്കുന്ന സിഡിഎസ‌് അംഗങ്ങൾ

 തൊടുപുഴ

ലോക്ക് ഡൗൺ പ്രഖ്യാപിച്ചശേഷം പലരും വൈകിയാണ‌് ഉണരുന്നത്. എന്നാൽ, ജമീല താത്തയ്‌ക്കും സഹപ്രവർത്തകർക്കും വിശ്രമിക്കാൻ അൽപംപോലും നേരമില്ല. പുലർച്ചെ നാലരയ‌്ക്ക‌് ഉണരുന്നതോടെ തിരക്ക‌് ആരംഭിക്കും. നേരെ അടുക്കളയിലേക്ക‌്. വീട്ടിലെ അടുക്കളയെന്ന‌് കരുതിയാൽ തെറ്റി... ഇത‌് തൊടുപുഴ നഗരസഭയുടെ സമൂഹ അടുക്കള. സമയമൽപ്പം പിഴച്ചാൽ തൊള്ളായിരത്തോളം പേർക്ക‌് ഭക്ഷണം വൈകും. അത് സംഭവിച്ചുകൂടാ... നഗരസഭ സിഡിഎസ് ചെയർപേഴ്സൺ കെ ജമീലയാണ‌് സമൂഹ അടുക്കളയുടെ കലവറയെ നയിക്കുന്നത‌്. ഇവർക്കൊപ്പം സിഡിഎസ് അംഗങ്ങളായ അജിത മോഹൻ, ഉഷാകുമാരി, പാചകക്കാരായ ഷംസുദ്ദീൻ, ഡിറ്റോ, അടുക്കളയിലെ സഹായികളും നഗരസഭാ ജീവനക്കാരുമായ തിലോത്തമ, സബൂറ എന്നിവരും ദിവസവും പുലർച്ചെ അഞ്ചേകാലോടെ സമൂഹ അടുക്കളയിൽ ഹാജരുണ്ടാവും. 
ആദ്യം പ്രഭാതഭക്ഷണം തയ്യാറാക്കലാണ്. അടുപ്പിൽ തീ പകർന്നാൽ പിന്നെ പച്ചക്കറി അരിയൽ മുതൽ പാത്രം കഴുകൽ വരെ വിശ്രമമില്ലാത്ത ജോലി. ചുരുങ്ങിയ സമയത്തിൽ ഒരുനേരം മാത്രം മുന്നൂറോളം ഭക്ഷണപ്പൊതി തയ്യാറാക്കണം. ഓരോരുത്തർക്കും കൃത്യമായി ചുമതലകളുണ്ട്. എട്ടോടെ പ്രഭാതഭക്ഷണം റെഡി. അപ്പോഴേക്കും നഗരസഭാ ചെയർപേഴ്സൺ അടക്കം സമൂഹ അടുക്കളയുടെ ചുമതലയുള്ള കൗൺസിലർമാർ ഊഴമനുസരിച്ച‌് എത്തും. ഈ സമയം വാഴയില കെട്ടുകളുമെത്തും. പിന്നെ എല്ലാവരും ചേർന്ന‌് ഭക്ഷണം പൊതിയുന്ന തിരക്ക‌്. നഗരസഭയുടെ ജീപ്പും വാനുമെത്തിയാൽ ഭക്ഷണപ്പൊതികൾ അതിൽ കയറ്റി ആവശ്യക്കാരിലേക്ക‌്. ഇതിനിടെ ഉച്ചയൂണിനുള്ള ഒരുക്കങ്ങളും വേഗത്തിലാക്കും. 11.30 ഓടെ ഉച്ചഭക്ഷണം കൗൺസിലർമാരുടെ കൂടി സഹായത്തോടെ ഇലപ്പൊതികളാക്കും. 12ന‌് വിതരണം. തെല്ല്‌ വിശ്രമത്തിനുശേഷം വൈകിട്ടത്തെ ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലേക്ക്‌. ചപ്പാത്തിയും കറിയുമാണ‌്. വൈകിട്ട‌് നാലോടെ ഭക്ഷണപ്പൊതികൾ വിതരണം തുടങ്ങും. സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യോൽപ്പന്നങ്ങൾ സംഭാവന നൽകാനുള്ളവർ ഇടയ‌്ക്ക‌് എത്തും. ഇതെല്ലാം രജിസ്റ്ററിൽ രേഖപ്പെടുത്തി വക്കുന്നതും ഇവരാണ‌്. കൂടാതെ അടുക്കളയിലേക്ക് തികയാതെ വരുന്ന സാധനങ്ങൾ നഗരത്തിലെ കടകളിലെത്തി വാങ്ങണം. പാത്രങ്ങൾ കഴുകി അടുക്കള വൃത്തിയാക്കണം. വൈകിട്ട് ആറരയോടെയാണ് വീടുകളിലേക്ക് ഇവരുടെ മടക്കം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top