24 May Friday
തൊഴിലാളി‐കർഷക‐ജനവിരുദ്ധ നയങ്ങൾക്കെതിരെ

ആയിരങ്ങളുടെ പോസ്‌റ്റോഫീസ്‌ സമരം 9 ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018

 കട്ടപ്പന 

കേന്ദ്രസർക്കാരിന്റെ  തൊഴിലാളി‐ കർഷക‐ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കട്ടപ്പന ഹെഡ്‌ പോസ‌്റ്റോഫീസിനുമുമ്പിൽ ഒമ്പതിന‌് ആയിരങ്ങൾ കുത്തിയിരിപ്പ‌് സമരം നടത്തും. സിഐടിയു, അഖിലേന്ത്യ കിസാൻസഭ, അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ എന്നീ ദേശീയ സംഘടനകളും സർവീസ്‌ സംഘടനകളും ചേർന്ന്‌ ഡൽഹിയിൽ മഹാറാലി സംഘടിപ്പിക്കും. ഇതിന്‌ മുന്നോടിയായി കേരളത്തിൽ രാജ്‌ഭവനുമുന്നിലും ജില്ലകളിൽ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സർക്കാർ ഓഫീസിന്‌ മുന്നിലുമാണ്‌ സമരം.  
 
   ജില്ലയിൽ കട്ടപ്പന ഹെഡ്‌ പോസ്‌റ്റാഫീസാണ്‌ സമരകേന്ദ്രം. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, കർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ജോർജ്‌ മാത്യു എന്നിവർ പങ്കെടുക്കും.  നരേന്ദ്ര മോഡി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയിട്ട്‌ നാലു വർഷം കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങൾ ഒന്നുപോലും പാലിക്കാത്തതിൽ പ്രതിഷേധമിരമ്പുകയാണ‌്. 
    രാജ്യത്തിന്റെ അടിസ്ഥാന വികസനമേഖലകളും ഭരണഘടന വ്യവസ്ഥകളും മതേതര ജനാധിപത്യമൂല്യങ്ങളും തകർന്നു. വർഗീയ ധ്രുവീകരണം തീവ്രമായി. വൻകിട കോർപറേറ്റുകൾ   ജനങ്ങളുടെ പണം കൊള്ളയടിച്ച്‌ രാജ്യംവിട്ട്‌ പോകുന്നു. ദളിത്‌ വിഭാഗങ്ങൾക്കും സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും പ്രതിദിനം വർധിച്ചു. പെട്രോളിയം ഉൽപന്നങ്ങളുടെ എക്‌സൈസ്‌ തീരുവ ഒമ്പത്‌ തവണ വർധിപ്പിച്ച്‌ വിലക്കയറ്റം രൂക്ഷമാക്കി. നോട്ട്‌ പിൻവലിക്കൽ, ജിഎസ്‌ടി എന്നിവ മൂലം സാമ്പത്തികമേഖല ദുർബലപ്പെട്ടു. കാർഷിക പ്രതിസന്ധിമൂലം കർഷക ആത്മഹത്യകൾ പെരുകി, ഈ‌ സഹചര്യത്തിലാണ‌് തൊഴിലാളികൾ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുന്നത‌്.
വിലക്കയറ്റം തടയുക, പൊതുവിതരണം സാർവത്രികമാക്കുക, കസ്‌തൂരിരംഗൻ വിഷയത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന്‌ സമർപ്പിച്ചിട്ടുള്ള സമഗ്രറിപ്പോർട്ടും ഭൂപടവും അംഗീകരിച്ച്‌ അന്തിമവിജ്ഞാപനം ഇറക്കുക, അവശ്യവസ്‌തുക്കളുടെ അവധിവ്യാപാരം തടയുക, കൂടുതൽ തൊഴിൽ സൃഷ്ടിക്കാനുതകുന്ന ക്രീയാത്മക നടപടികൾ സ്വീകരിക്കുക, കുറഞ്ഞ വേതനം 18,000 രൂപയാക്കുക, തൊഴിലാളി വിരുദ്ധ തൊഴിൽ നിയമഭേദഗതികൾ അവസാനിപ്പിക്കുക, കർഷകർക്ക്‌ സ്വാമിനാഥൻ കമീഷൻ ശുപാർശ ചെയ്‌ത താങ്ങുവില നൽകുക, ദരിദ്രകർഷകർക്കും കർഷക തൊഴിലാളികൾക്കും വായ്‌പ ഇളവ്‌ അനുവദിക്കുക, കർഷക തൊഴിലാളികൾക്കായി സമഗ്രനിയമം പാസാക്കുക, എല്ലാ ഗ്രാമങ്ങളിലും തൊഴിലുറപ്പ്‌ പദ്ധതി നടപ്പാക്കുക, എല്ലാവർക്കും ഭക്ഷ്യസുരക്ഷയും ആരോഗ്യസംരക്ഷണവും ഉറപ്പാക്കുക, എല്ലാവർക്കും വിദ്യാഭ്യാസം , വീട്‌, സാമൂഹ്യസുരക്ഷ എന്നിവ ഉറപ്പാക്കുക, കരാർ തൊഴിൽ അവസാനിപ്പിക്കുക, പുനഃവിതരണ ഭൂപരിഷ്‌ക്കരണം നടപ്പിലാക്കുക, നിർബന്ധിതമായി ഭൂമി ഏറ്റെടുക്കൽ അവസാനിപ്പിക്കുക, പ്രകൃതിക്ഷോഭങ്ങൾക്കും വന്യമൃഗ ആക്രമണങ്ങൾക്കും ഇരയാകുന്നവർക്ക്‌ ആശ്വാസവും പുനരധിവാസവും നൽകുക, എൽപിജി നയങ്ങളിൽ നിന്നും രാജ്യംപിന്തിരിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം. 
സമരം വൻവിജയമാക്കണമെന്ന‌് സ്വാഗതസംഘം  ഭാരവാഹികളായ കെ എസ‌് മോഹനൻ, എൻ ശിവരാജൻ, വി ആർ സജി എന്നിവർ അഭ്യർഥിച്ചു. 
 
 
പ്രധാന വാർത്തകൾ
 Top