23 September Wednesday

മറയൂരിനെ തകർത്തെറിഞ്ഞ്‌ കാറ്റ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020
മറയൂർ
മറയൂർ മേഖലയിൽ തുടർച്ചയായി രണ്ടാംദിവസവും ആഞ്ഞുവീശിയ കാറ്റിൽ കനത്ത നാശനഷ്ടം. മഴയ്‌ക്ക് നേരിയ ശമനമുണ്ടെങ്കിലും ശക്തമായി കാറ്റ് വീശുന്നത്‌ ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്‌. മരങ്ങൾ കടപുഴകി നൂറോളം പോസ്റ്റുകളാണ്‌ ഒടിഞ്ഞത്. ഇതോടെ മൂന്നുദിവസമായി നിലച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. മിക്ക ആദിവാസി കോളനികളിലേക്കുമുള്ള വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ദിവസങ്ങളുടെ പരിശ്രമം വേണ്ടിവരും. 
   മറയൂർ– കോവിൽക്കടവ് റോഡിൽ മറയൂർ ഗവ. ഹൈസ്കൂളിന് സമീപമുള്ള പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂര റോഡിലേക്കും ഹോട്ടലിന്റെ മുന്നിലേക്കും വീണു. സമീപത്തുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വ്യാപാരസ്ഥാപനങ്ങളുടെ ബോർഡുകളും മറ്റും വ്യാപകമായി ഒടിഞ്ഞു. രണ്ട് കാറുകളുടെ മുകളിലേക്ക് മരവും പോസ്റ്റും കടപുഴകി വീണു. വാഹനങ്ങൾ തകർന്നെങ്കിലും യാത്രക്കാർ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. ഓടിക്കൊണ്ടിരിക്കുമ്പോൾ ഹൈസ്കൂൾ ഭാഗത്തുവച്ചാണ്‌ മറയൂർ പട്ടംകോളൻ സ്വദേശി ജഗദീഷിന്റെ കാറിന്റെ മുകളിലേക്ക് മരംവീണത്. ഇവാഞ്ചലിക്കൽ പള്ളിയുടെ മേൽക്കൂരയും കൂടവയൽ സ്വദേശി മുരുകന്റെ വീടിന്റെ മേൽക്കൂരയും പൂർണമായും തകർന്നു. 
വൈദ്യുതിയും ഇന്റർനെറ്റ് സംവിധാനങ്ങളും നിലച്ചതോടെ ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനവും നിലച്ചു. മൂന്നാർ–- മറയൂർ റോഡിൽ താൽക്കാലികമായി നിർമിച്ച പെരിയവരൈ പാലം ഭാഗിമായി തകർന്നതോടെ ഈ ഭാഗത്തേക്കുള്ള പൊതുഗതാഗതവും നിലച്ചു. കാന്തല്ലൂർ റോഡിൽ വെട്ടുകാട് ഭാഗത്തും കാരയൂർ ഭാഗത്തും മരങ്ങളും വൈദ്യുതിപോസ്റ്റും റോഡിലേക്ക് ഒടിഞ്ഞുവീണത്‌ ഗതാഗത തടസ്സമുണ്ടാക്കി. കൂടാതെ ഹെക്ടർ കണക്കിന് കരിമ്പ്, വാഴ, കാപ്പി കൃഷിയും നശിച്ചു. കാർഷികവിളകൾ ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് അഞ്ചുനാട് മേഖലയിൽ സംഭവിച്ചത്‌. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top