06 December Friday

നെടുങ്കണ്ടത്ത‌് പൊലീസ‌് സ‌്റ്റേഷൻ മാർച്ചിൽ കോൺഗ്രസ‌് ആക്രമണം

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019
 
നെടുങ്കണ്ടം 
റിമാൻഡ‌് പ്രതി രാജ‌്കുമാറിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട‌് കോൺഗ്രസ‌് പ്രവർത്തകർ നെടുങ്കണ്ടം പൊലീസ‌് സ‌്റ്റേഷനിലേക്ക‌് നടത്തിയ മാർച്ചിൽ വ്യാപക ആക്രമണം. പൊലീസിനുനേരെ ചീമുട്ട എറിഞ്ഞ കോൺഗ്രസുകാർ ബാരിക്കേഡ‌് തള്ളിമറിച്ച‌് അവരെ അക്രമിക്കാനും ശ്രമിച്ചു.
ഡിസിസി പ്രസിഡന്റ‌് ഇബ്രാഹിംകുട്ടി കല്ലാർ, കെപിസിസി വൈസ‌് പ്രസിഡന്റ‌് എ കെ മണി, ഇ എം ആഗസ‌്തി, റോയി കെ പൗലോസ‌് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോൺഗ്രസ‌് പ്രവർത്തകരുടെ അഴിഞ്ഞാട്ടം. ആക്രമണംഉണ്ടാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ശക്തമായ പൊലീസ‌് സന്നാഹം ഒരുക്കിയിരുന്നു. നെടുങ്കണ്ടം പടിഞ്ഞാറെ കവലയിൽനിന്നാണ‌് പ്രകടനം എത്തിയത‌്. ബാരിക്കേഡ‌് ഉയർത്തി തടഞ്ഞതോടെയാണ‌് കോൺഗ്രസ‌് പ്രവർത്തകർ ആക്രമണം ആരംഭിച്ചത‌്. ബാരിക്കേഡ‌് മറിച്ചിടാനായി ശ്രമം. പൊലീസ‌ുകാരെ വടി ഉപയോഗിച്ച‌് അടിച്ചും അസഭ്യം പറഞ്ഞും പ്രകോപനം സൃഷ്ടിച്ചു. കൂടുതൽ പ്രകോപനത്തിന‌് ശ്രമിച്ചപ്പോൾ ചില നേതാക്കൾ ഇടപെട്ട‌് പ്രവർത്തകരെ പിന്തിരിപ്പിച്ചു. 
എന്നാൽ, ഉദ‌്ഘാടനത്തിനുശേഷം വീണ്ടും അവർ പൊലീസിനെ ആക്രമിച്ചു. പൊലീസിനുനേരെ ചീമുട്ടയും തക്കാളിയും  എറിഞ്ഞതോടെ സംഘർഷം നിയന്ത്രണാതീതമായി. ഓട്ടോ‐ ടാക‌്സി തൊഴിലാളികൾക്കു നേരെയും ചീമുട്ട എറിഞ്ഞു.  ഇതോടെ പൊലീസ‌് ഇടപെട്ടു. പിരിഞ്ഞുപോകാൻ കൂട്ടാക്കാതെനിന്ന പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പൊലീസ‌് നടപടിക്കിടെ പരിക്കേറ്റെന്ന ആരോപണവുമായി ഒരു കോൺഗ്രസ‌് പ്രവർത്തകനും രംഗത്തെത്തി. 
ഇതിൽ പ്രതിഷേധിച്ച‌് വീണ്ടും കോൺഗ്രസ‌് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. കോൺഗ്രസ‌് പ്രവർത്തകരുടെ റോഡ‌് ഉപരോധത്തിലും അഴിഞ്ഞാട്ടത്തിലും ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതവും തടസ്സപ്പെട്ടു. നിരവധി വിദേശവിനോദസഞ്ചാരികൾ അടക്കമുള്ളവർ വഴിയിൽ കുടുങ്ങി. ആക്രമണം നടത്തിയതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനും ഏഴു പേർക്കെതിരെ നെടുങ്കണ്ടം പൊലീസ‌് കേസെടുത്തു. കണ്ടാലറിയാവുന്ന വേറെയും ചിലർക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചിട്ടുണ്ട‌്.
 
 
പ്രധാന വാർത്തകൾ
 Top