കട്ടപ്പന > ചപ്പാത്ത് പൊരികണ്ണി നിവാസികൾക്ക് പെരിയാറിനു കുറുകെ മറുകരയിൽ എത്തണമെങ്കിൽ ഇപ്പോൾ ചങ്ങാടം തുഴയണം. ആകെയുണ്ടായിരുന്ന നടപ്പാലം പ്രളയം കവർന്നു. ഇവരുടെ ദുരിതത്തിന് അറുതിയായി സംസ്ഥാന സർക്കാർ പാലം നിർമിക്കാൻ ഒമ്പതു കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
മുമ്പ് പൊരികണ്ണി നിവാസികൾ ചങ്ങാടം ഉപയോഗിച്ചാണ് ചപ്പാത്തിൽ എത്തിയിരുന്നത്. കെ ഫ്രാൻസിസ് ജോർജ് എംപിയായിരിക്കെയാണ് ഉപ്പുതറ– അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പെരിയാറിനു കുറുകെ ആലടിയിൽ നടപ്പാലം നിർമിച്ചത്. കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ചിരുന്ന പൊരികണ്ണി നിവാസികൾക്ക് നടപ്പാലം ഏറെ ആശ്വാസമായി. എന്നാൽ, 2018ലെ പ്രളയത്തിൽ ആലടി പാലം ഒലിച്ചുപോയി.
ഇതോടെ പൊരികണ്ണി നിവാസികളുടെ യാത്ര ദുരിതമായി. ഏലക്കാട് റോഡ് വഴി കിലോമീറ്ററുകൾ സഞ്ചരിച്ചുവേണം ചപ്പാത്തിൽ എത്താൻ. ഇവിടുത്തെ കുട്ടികൾ ഭൂരിഭാഗവും പഠിക്കുന്നത് ചപ്പാത്ത്, മേരികുളം സ്കൂളുകളിലാണ്. നിലവിൽ ഉപ്പുതറ, ചപ്പാത്ത് ടൗണുകളിൽ എത്തണമെങ്കിൽ 100 രൂപയ്ക്കു മുകളിൽ വാഹനക്കൂലി നൽകണം. പുതിയ പാലം വരുന്നതോടെ നൂറുകണക്കിന് കുടുംബങ്ങൾക്കാണ് പ്രയോജനപ്പെടുക. കട്ടപ്പന–- കോട്ടയം റോഡിലേക്ക് നടന്നെത്താനും കഴിയും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..