02 June Tuesday

റോഷിയുടേത്‌ ചെപ്പടിവിദ്യ: കര്‍ഷകസംഘം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019
 ചെറുതോണി
കട്ടപ്പനയിൽ നിരാഹാരം കിടന്നതും അവസാനിപ്പിക്കുന്നതും എന്തിനാണെന്ന് ഇടുക്കി എംഎൽഎക്ക്‌ വ്യക്തതയില്ല. നാട്ടിൻപുറങ്ങളിലെ സർക്കസുകാരന്റെ ചെപ്പടി വിദ്യയാണ് എംഎൽഎയുടെ സമരനാടകമെന്ന് കർഷകസംഘം ജില്ലാ പ്രസിഡന്റ് സി വി വർഗീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 19 വർഷമായി തുടരുന്ന കർഷകവഞ്ചനയുടെയും ചതിയുടെയും അവസാനത്തെ രംഗമാണിത്. നിർമാണ നിരോധനം നീക്കണമെന്നും ഭൂവിനിയോഗ ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തിയത്. ഇവ നേടിയെടുത്തിട്ടാണോ നിരാഹാരം അവസാനിപ്പിച്ചതെന്ന് എംഎൽഎ വ്യക്തമാക്കണം. സർവകക്ഷി യോഗം ചേരാൻ സർക്കാർ നേരത്തെ തീരുമാനിച്ചതും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചതുമാണ്.
    മുഖ്യമന്ത്രി വിദേശത്തുപോയ അവസരം നോക്കി സമരം നടത്തിയതിലൂടെ റോഷിയുടെ കാപട്യം ജനങ്ങൾ തിരിച്ചറിഞ്ഞു. കോൺഗ്രസിനെയും പി ജെ ജോസഫിനെയും ചെറുതാക്കി കാണിക്കാനാണ് റോഷി നിരാഹാര നാടകവുമായി ഇറങ്ങിയത്.
 1964ൽ കേരള കോൺഗ്രസ്‌ നേതാക്കളായ പി ടി ചാക്കോയും ടി എ തോമ്മനും മന്ത്രിസഭയിൽ ഉള്ളപ്പോഴാണ് ഭൂവിനിയോഗ ചട്ടം കൊണ്ടുവന്നത്. 1993ൽ കെ എം  മാണി റവന്യൂ മന്ത്രിയായിരിക്കുമ്പോഴാണ് പട്ടയഭൂമി കൃഷിക്കും വീടുവയ്‌ക്കുന്നതിനുമല്ലാതെ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന നിയമം കൊണ്ടുവന്നത്.
 ഇടതുപക്ഷവും കർഷകസംഘടനകളും നടത്തിയ പോരാട്ടത്തിലൂടെ 28,000 ഹെക്ടർ ഭൂമിക്ക് പട്ടയം നൽകാൻ എൽഡിഎഫ് സർക്കാർ സുപ്രീംകോടതിയിൽനിന്ന്‌ വിധി സമ്പാദിച്ചു. 2005ൽ പതിച്ചുനൽകുന്ന പട്ടയഭൂമിയുടെ അളവ് നാക്കേറിൽനിന്ന്‌ ഒരേക്കറായി ചുരുക്കി മന്ത്രിയായിരുന്ന കെ എം മാണി നിയമം കൊണ്ടുവന്നപ്പോഴും റോഷി അതിനെ പിന്തുണച്ചു. 
 പതിച്ചുകിട്ടുന്ന ഭൂമി 25 വർഷത്തേക്ക് കൈമാറ്റം ചെയ്യാൻ പാടില്ലെന്ന നിയമം കൊണ്ടുവന്നപ്പോഴും എംഎൽഎ മിണ്ടിയില്ല. പട്ടയത്തിന്‌ വരുമാന പരിധിയും ഉപാധികളും അടിച്ചേൽപ്പിച്ചപ്പോഴും നിശബ്ദനായ  ജനപ്രതിനിധിക്ക് കാലം കരുതിവച്ച തിരിച്ചടിയുണ്ടാകും. കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാൻ പാടില്ലെന്ന വ്യവസ്ഥയ്‌ക്ക്‌ നിയമസഭയിൽ പിന്തുണ നൽകിയതും ഗാഡ്ഗിൽ –-കസ്തൂരിരംഗൻ സമരകാലത്ത്  ഉല്ലാസയാത്ര നടത്തിയതും ജനപ്രതിനിധിയുടെ കാപട്യമാണ്‌ വ്യക്തമാക്കുന്നത്‌. 
   ജില്ലയിലെ 25,000 ഏക്കർ കൃഷിസ്ഥലം വനമാക്കി മാറ്റാനുള്ള അന്താരാഷ്ട്ര വനവൽക്കരണ പദ്ധതി (എച്ച്ആർഎംഎൽ) യുഡിഎഫ് സർക്കാർ കൊണ്ടുവന്നപ്പോഴും നാടിനെ മറന്നയാളാണ് നിരാഹാര സമരമെന്ന പൊറാട്ടുനാടകവുമായി ജനങ്ങളെ കബളിപ്പിക്കുന്നത്‌. 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന സർവകക്ഷി യോഗത്തോടെ ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും കർഷകസംഘം നേതാക്കൾ വ്യക്തമാക്കി. നേതാക്കളായ റോമിയോ സെബാസ്റ്റ്യൻ, എം കെ ചന്ദ്രൻകുഞ്ഞ്, തോമസ് കാരക്കാവയലിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top