14 April Wednesday

മോട്ടോർവാഹന പണിമുടക്കിൽ ജില്ല നിശ്‌ചലം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021

പണിമുടക്കിനെത്തുടർന്ന് വിജനമായ കട്ടപ്പന സെൻട്രൽ ജങ്ഷനിൽനിന്നുള്ള ദൃശ്യം

ഇടുക്കി
പെട്രോൾ, ഡീസൽ വില ദിനംപ്രതി വർധിപ്പിക്കുന്ന കേന്ദ്രസർക്കാരിനെതിരെ മോട്ടോർ തൊഴിലാളികൾ നടത്തിയ പണിമുടക്ക്‌ ജില്ലയിൽ പൂർണം. സംയുക്ത സമരസമിതിയാണ്‌ പണിമുടക്കിന്‌ ആഹ്വാനം ചെയ്‌തത്‌. തോട്ടം മേഖല‌യും ടൂറിസം മേഖലയും അടക്കം നിശ്ചലമായി. ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ്‌ നിരത്തിലിറങ്ങിയത്‌. സർക്കാർ ഓഫീസുകൾ തുറന്നെങ്കിലും ഹാജർ കുറവായിരുന്നു. വാഹനങ്ങൾ നിരത്തിലിറങ്ങാഞ്ഞതോടെ ജില്ലയിൽ ഭൂരിഭാഗം കടകളും തുറന്നില്ല. കെഎസ്‌ആർടിസി, പ്രൈവറ്റ്‌ ബസ്‌ തൊഴിലാളികളും ഓട്ടോ– -ടാക്‌സി മേഖലയിലെ തൊഴിലാളികളുമടക്കം മുഴുവൻ തൊഴിൽ മേഖലയിലുള്ളവരും പണിമുടക്കിൽ പങ്കാളികളായി. സമസ്‌ത മേഖലയിലും വിലക്കയറ്റം സൃഷ്ടിക്കുന്ന ഇന്ധനക്കൊള്ളയിൽ ജനങ്ങളുടെ പ്രതിഷേധത്തിന്റെ പ്രതിഫലനമായിരുന്നു പണിമുടക്ക്‌. വിവിധ കേന്ദ്രങ്ങളിൽ സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. 
കട്ടപ്പന മേഖലയിൽ പണിമുടക്ക്‌ പൂർണമായിരുന്നു. വ്യാപാര സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും അടഞ്ഞുകിടന്നു. കെഎസ്‌ആർടിസി, പ്രൈവറ്റ്‌ ബസുകൾ സർവീസ്‌ നടത്തിയില്ല. സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രകടനം നടത്തി. വിവിധ കക്ഷിനേതാക്കളായ എം സി ബിജു, സിജു ചക്കുംമൂട്ടിൽ, ജോമോൻ എന്നിവർ സംസാരിച്ചു. 
നെടുങ്കണ്ടം മേഖലയിൽ കടകൾ തുറന്നു പ്രവർത്തിച്ചില്ല. തുറന്ന കടകളിൽ മിക്കതും ആളുകൾ ഇല്ലാത്തതിനെ തുടർന്ന് ഉച്ചയ്‌ക്കുശേഷം അടച്ചു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ കോവിഡ്‌ വാക്‌സിനേഷൻ നടന്നു. 115 പേർ കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചു. ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സംയുക്ത സമരസമിതി നേതാക്കളായ ടി വി ശശി, ജോസഫ്‌ ചാക്കോ, ജയ്‌മോൻ എന്നിവർ നേതൃത്വം നൽകി. 
    തൊടുപുഴയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. യോഗം മോട്ടോർ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം ബാബു ഉദ്ഘാടനംചെയ്തു. പി പി ജോയി എഐടിയുസി), എ എസ് ജയൻ(കെടിയുസി), ഡി രാധാകൃഷ്ണൻ(ഐഎൻടിയുസി), കെ വി ജോയി (സിഐടിയു) എന്നിവർ സംസാരിച്ചു. ടൂറിസം മേഖലയായ കുമളിയിലടക്കം പണിമുടക്ക്‌ പൂർണമായിരുന്നു. കുമളി, വണ്ടിപ്പെരിയാർ, പീരുമേട്‌, പാമ്പനാർ എന്നിവിടങ്ങളിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ  പ്രകടനവും യോഗവും നടത്തി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top