20 October Sunday

സുക്കർബർഗിന്റെ ഉപദേശത്തിൽ വേദനയില്ലാത്ത ദന്തചികിത്സ തൊടുപുഴയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019
തൊടുപുഴ
വേദനരഹിത ദന്തചികിത്സാ സംവിധാനമായ "സോഫ്റ്റ് ഡെന്റിസ്റ്റ്’ തൊടുപുഴയിലും. ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിന്റെ പിതാവും അമേരിക്കയിലെ പ്രശസ്‌ത ദന്തഡോക്ടറും വേദനരഹിത ദന്ത ചികിത്സകളുടെ ഉപജ്ഞാതാവുമായ ഡോ. എഡ്വേർഡ് സുക്കർബർഗുമായി തൊടുപുഴ സ്വദേശിയായ ഡോ. ബോണി ജോസ് ടോമിനുള്ള സൗഹൃദമാണ് ഇന്ത്യയിൽ ആദ്യമായി ഈ സൗകര്യം തൊടുപുഴയിലെത്താൻ കാരണം. തൊടുപുഴ നഗരസഭ ബസ് സ്റ്റാൻഡിനുസമീപം പ്രവർത്തിക്കുന്ന ഫെയ്സ് വാല്യൂ ഡന്റൽ ക്ലിനിക്കിലാണ് വേദനരഹിത ദന്തചികിത്സയ്‌ക്ക്‌ സൗകര്യമുള്ളത്. ദന്ത ചികിത്സ വേദനരഹിതവും ഭയരഹിതവുമാക്കുന്നതിന് താൻ നടത്തിയ ഗവേഷണങ്ങളും തന്റെ അനുഭവങ്ങളും ഡോ. സുക്കർബർഗ്‌ ഡോ. ബോണിയുമായി പങ്കുവച്ചിരുന്നു. അതനുസരിച്ച് ഇന്ത്യൻ രീതികൾക്ക്‌ അനുയോജ്യമായും സാധാരണക്കാർക്ക് താങ്ങാവുന്ന രീതിയിലും ഈ ചികിത്സാരീതികൾ സ്വദേശിവൽക്കരിച്ച് അവതരിപ്പിക്കുകയാണ്‌ ഡോ. ബോണി. 
ഡോ. സുക്കർബർഗ് ഉപയോഗിക്കുന്ന അമേരിക്കൻ ഉപകരണങ്ങൾ ചെലവേറിയതായതിനാൽ സമാനമായ ഉപകരണങ്ങൾ നിർമിക്കുന്ന മറ്റു രാജ്യങ്ങളിലെ ചെറിയ കമ്പനികളുമായി ബന്ധപ്പെട്ട് ഇറക്കുമതി ചെയ്‌താണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. 
പല്ലുകൾക്ക്‌ വേദനയും പുളിപ്പും ഉണ്ടാകുമെന്ന ഭീതിയിൽ ധാരാളം ആളുകൾ ചികിത്സകൾ നീട്ടിവയ്‌ക്കുകയോ ഒഴിവാക്കുകയോ ചെയ്യാറുണ്ട്. 70 ശതമാനം ആളുകൾക്ക് ദന്ത ചികിത്സകളോട് പേടിയുണ്ടെന്നും 20 ശതമാനം ആളുകൾ പേടി കാരണം ഒരിക്കലും ദന്താശുപത്രിയിൽ പോകാറില്ലെന്നും ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നു.
 സൂചിരഹിത മരവിപ്പിക്കൽ, ദന്തൽ വൈബ്, ഡ്രിൽ ഉപയോഗിക്കാതെയുള്ള പല്ലടയ്‌ക്കൽ, അക്വാകെയർ ക്ലീനിങ്‌, ലേസർ ചികിത്സകൾ, കോൺഷ്യസ് സെഡേഷൻ എന്ന ലഘു മയക്കൽ സംവിധാനം തുടങ്ങി പന്ത്രണ്ടോളം വിവിധ ഉപകരണങ്ങളുടെയും മരുന്നുകളുടെയും സമന്വയമാണ് "സോഫ്റ്റ് ഡെന്റിസ്റ്റ് ’ എന്ന ചികിത്സാ സംവിധാനം. 
ഈ രംഗത്ത് ലോകത്താകമാനം നടക്കുന്ന ഗവേഷണങ്ങൾ വിലയിരുത്തി തന്റെ ചികിത്സാരീതികൾ മെച്ചപ്പെടുത്തുന്നതിനും താൽപര്യമുള്ള മറ്റ് ഡോക്ടർമാർക്കുകൂടി ഇത് ഉപയോഗിക്കാൻ സൗകര്യം ഒരുക്കുന്നതിനുമുള്ള തയ്യാറെടുപ്പിലാണ് ഡോ. ബോണി.
 
പ്രധാന വാർത്തകൾ
 Top