15 November Friday

പഠിക്കണം... ഹൈടെക്കാകണം പ്രിൻസിപ്പലും പ്രധാനാധ്യാപകരും

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019
തൊടുപുഴ
ഐടി അറ്റ് സ്കൂളിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ഹയർസെക്കൻഡറി പ്രിൻസിപ്പൽമാർക്കും ഹൈസ്കൂൾ പ്രധാനാധ്യാപകർക്കും ഹൈടെക്‌ പരിശീലനം നൽകും. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച്‌ സ്‌മാർട്ട്‌ ക്ലാസ്‌ മുറികൾ കൈകാര്യംചെയ്യാൻ പ്രാപ്‌തരാക്കുകയാണ്‌ ലക്ഷ്യം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഇന്റർനെറ്റ്‌, പവർപോയിന്റ്‌ പ്രസന്റേഷൻ, എൽസിഡി പ്രോജക്ടർ എന്നിവ ഉപയോഗിക്കാനും പരിശീലനം നൽകും. 
ജില്ലയിലെ 240 പൊതുവിദ്യാലയങ്ങളിലെ മുഴുവൻ ക്ലാസ‌് മുറികളും കഴിഞ്ഞ അക്കാദമിക വർഷം ഹൈടെക്‌ ആക്കിയിരുന്നു. ഇതോടൊപ്പം ഹൈസ്കൂൾ വിഭാഗം പ്രധാനാധ്യാപകർക്ക‌് പരിശീലനവും നൽകി. ഇതിന്റെ തുടർച്ചയായാണ‌് രണ്ടാംഘട്ട പരിശീലന പരിപാടി. പ്രിൻസിപ്പൽമാർക്കും ഹയർ സെക്കൻഡറി ഐടി കോ ഓർഡിനേറ്റർമാർക്കുമുള്ള പരിശീലനം ശനിയാഴ‌്ച തൊടുപുഴ എ പി ജെ അബ‌്ദുൾകലാം സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ, അടിമാലി സർക്കാർ ഹൈസ‌്കൂൾ, കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നടക്കും. ഹൈടെക് സ്കൂൾ പരിപാലനം, നവീകരിച്ച സമഗ്ര പോർട്ടലിന്റെ ഉപയോഗം, പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ, നെറ്റ്‌‌വർക്ക് പ്രശ്നങ്ങളുടെ പരിഹാരം, ഉപകരണങ്ങളുടെ പരാതി പരിഹാര സംവിധാനം, ഹൈടെക് സംവിധാനത്തിലൂടെയുള്ള മോണിറ്ററിങ‌് എന്നീ വിഷയങ്ങളിലാണ് പരിശീലനം.
ജില്ലയിലെ മുഴുവൻ പ്രൈമറി സ്കൂൾ ക്ലാസ് മുറികളും ഡിജിറ്റിലൈസ് ചെയ്യുന്നത‌് അന്തിമഘട്ടത്തിലാണ്. അടിസ്ഥാന സൗകര്യങ്ങളുള്ള 368 സ്കൂളുകളിൽ ഹൈടെക് സംവിധാനം സജ്ജീകരിക്കുന്നതിന്റെ ഭാഗമായി ലാപ് ടോപ്പുകളും 150 മൾട്ടിമീഡിയ പ്രോജക്ടറുകളും 152 പ്രോജക്ടറുകളും വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക‌് പരിശീലനവും നൽകി. ഈ വിഭാഗത്തിൽ  തെരഞ്ഞെടുത്ത ജില്ലയിലെ മികച്ച സ്കൂളുകൾക്ക‌് ക്യാഷ‌് അവാർഡുകളും കൈമാറിയിരുന്നു. പ്രഥമാധ്യാപകർക്കുകൂടി പരിശീലനം ലഭ്യമാകുന്നതോടെ ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ വിവര സാങ്കേതിക സൗഹൃദ ക്ലാസ് മുറികളിൽ വിപ്ലവകരമായ പുരോഗതി കൈവരിക്കാമെന്ന്‌ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ ഓർഡിനേറ്റർ കെ എ ബിനുമോൻ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top