18 June Friday

ദേവികുളം സാഹസിക അക്കാദമിയെ അന്താരാഷ്‌ട്ര നിലവാരത്തിലാക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

 

മൂന്നാർ
ദേവികുളം സാഹസിക അക്കാദമിയെ സാഹസിക ടൂറിസം കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ. യുവജന ക്ഷേമബോർഡിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന സാഹസിക അക്കാദമിയുടെ പുതിയ മന്ദിരത്തിന്റെ നിർമാണോദ്ഘാടനം ഓൺലൈൻവഴി നിർവഹിക്കുകയായിരുന്നു മന്ത്രി. 
ടൂറിസം കേന്ദ്രങ്ങളുമായി അക്കാദമിയെ ബന്ധിപ്പിക്കുന്നതുവഴി ഇവയുടെ പ്രവർത്തനം സുഗമമാകും. പുതിയ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആരംഭിക്കും. ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ അക്കാദമികൾക്ക്‌ സമാനമാക്കാനാണ്‌ ശ്രമം. നിലവിലെ പരിശീലനങ്ങൾക്ക്‌ പുറമെ ജിംനാസ്റ്റിക്, സർക്കസ് എന്നിവയ്‌ക്കുള്ള കോഴ്‌സുകൾ ഉണ്ടാകും. നിർമാണം പൂർത്തിയാകുമ്പോൾ അക്കാദമി അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയരും. അക്കാദമിയിൽ 150 പേർക്ക് പരിശീലനം നൽകാനാകുമെന്നും മന്ത്രി പറഞ്ഞു. 
ഇടുക്കി ദേവികുളത്ത് 1998 ലാണ് ദേശീയ സാഹസിക അക്കാദമി പ്രവർത്തനം ആരംഭിച്ചത്. അക്കാദമിയുടെ പ്രവർത്തനം ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്‌ അത്യാധുനിക സൗകര്യങ്ങളോടെ 34,000 സ്‌ക്വയർ ഫീറ്റിൽ മൂന്നുനില മന്ദിരമാണ് നിർമിക്കുന്നത്. മൂന്നു ഘട്ടമായി നിർമിക്കുന്ന കെട്ടിടത്തിന്റെ ഒന്നാംഘട്ടത്തിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, 150 പേർക്കുള്ള ബോയ്സ് ഹോസ്റ്റൽ ബ്ലോക്ക് വിത്ത് സ്റ്റോറേജ്, ലോബി എന്നിവ നിർമിക്കും. രണ്ടാംഘട്ടത്തിൽ മിനി കൺവൻഷൻ ഹാൾ, 72 പെൺകുട്ടികൾക്കുള്ള താമസസൗകര്യവും സ്റ്റോറേജും, അഡ്വഞ്ചർ ട്രെയ്നിങ്‌ സെന്റർ എന്നിവയും മൂന്നാംഘട്ടത്തിൽ ഒമ്പതു മുറി, ക്യാന്റീൻ, അടുക്കള, ഭക്ഷണമുറി, സാഹസിക പരിശീലന സ്ഥലം എന്നിവയും നിർമിക്കും. ഉദ്‌ഘാടനചടങ്ങിൽ യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ പി ബിജു, മെമ്പർ സെക്രട്ടറി വി ഡി പ്രസന്നകുമാർ, ബോർഡ് അംഗം സന്തോഷ് കാല എന്നിവർ പങ്കെടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top