20 February Wednesday

പ്രളയ ദുരിതകാലത്തും കർഷകരെ കുത്തിനോവിക്കും മുതലെടുപ്പ‌്

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018
ചെറുതോണി
നൂറ്റാണ്ടുകണ്ട വലിയപ്രളയത്തെ മറയാക്കി മനുഷ്യത്വരഹിത പ്രചാരണങ്ങളും പ്രസ‌്താവനകളുമായി ചിലരുടെ ഒത്തുചേരൽ മറ്റൊരു ദുരന്തമാകുന്നു. 56 പേർ മരിച്ചുവീണ മലയോര മണ്ണിൽ ജീവിക്കുന്ന സാധാരണക്കാരെ ഇത്തരക്കാർ അപഹസിക്കുന്നതായി ആക്ഷേപം. കുടിയേറ്റ ജനതയെ ഒളിഞ്ഞും തെളിഞ്ഞും പിന്നിൽനിന്നും കുത്തിയതിന്റെ പേരിൽ നാടുവിട്ടുപോകേണ്ടിവന്നതിന‌് പകരംവീട്ടാനും ചിലർ ദുരന്തത്തെ ഉപയോഗപ്പെടുത്തുന്നു. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയില്ലെങ്കിൽ ഇടുക്കിയിൽ മഴ പെയ്യില്ലെന്ന് പറഞ്ഞു നടന്നവരാണിപ്പോൾ മറുവാദവുമായി രംഗത്തുവന്നിട്ടുള്ളത‌്. 
 ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാത്തതുകൊണ്ടാണ‌് ഇടുക്കിയിൽ ഉരുൾപൊട്ടൽ ഉണ്ടായതെന്ന അബദ്ധ വാദവുമായാണ് പി ടി തോമസും കോൺഗ്രസും രംഗത്തെത്തിയിട്ടുള്ളത്. എറണാകുളം നഗരത്തിൽ സുഖലോലുപനായി കഴിയുന്നതിനിടെ ഇടുക്കിയിലെ വെള്ളം അവിടേക്ക‌് ഒഴുകിയെത്തിയതാണ്  പ്രകോപിപ്പിച്ചത്. 1924 ലെ മഹാപ്രളയം ഏത് റിപ്പോർട്ട് നടപ്പാക്കാത്താതുകൊണ്ടാണെന്ന‌് ഇത്തരക്കാർ വെളിപ്പെടുത്തുന്നതുമില്ല. ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കത്തിന്റെ കാരണവും കോൺഗ്രസ‌് നേതാക്കൾ വിശദീകരിക്കേണ്ടിവരും. ഏതെങ്കിലും റിപ്പോർട്ടിനെ ആശ്രയിച്ചല്ല പ്രകൃതിയിലും കാലാവസ്ഥയിലും മാറ്റമുണ്ടാകുന്നതെന്ന‌് സാധാരണക്കാർക്കുപോലും അറിയാം. തായ്ലൻഡിലെ വെള്ളപ്പൊക്കത്തിന്റെ കാരണം ഇവർ വിശദീകരിക്കുന്നുമില്ല.
1981 ലും1992 ലും ഇടുക്കി അണക്കെട്ട് തുറന്നു വിടേണ്ടിവന്നു. അന്ന് മഴ കൂടിയതിന്റെ കാരണങ്ങൾ കോൺഗ്രസുകാർ പറയുന്നില്ല. ഇത്തവണ അണക്കെട്ടു തുറന്നുവിട്ടപ്പോൾ ഒരു ചാനലിലെ വാർത്താ അവതാരക അവരുടെ റിപ്പോർട്ടറോട് ചോദിച്ചത് അവിടെ എത്ര റിസോർട്ടുകൾ തകർന്നുവെന്നാണ്. ചില രാഷ്ട്രീയ, മാധ്യമ, കപട പരിസ്ഥിതി വാദികളുടെ മുൻവിധിയും തെറ്റായ ധാരണയുമാണ‌് ഇത‌് വ്യക്തമാക്കുന്നത്.
 ഉരുൾപൊട്ടലുണ്ടായി നിരവധിപേർ മരിച്ച ഗന്ധിനഗർ കോളനി ഉൾപ്പെടെയുള്ള ഇടുക്കി മേഖലയിൽ റിസോർട്ടുവല്ലതുമുണ്ടോയെന്നാണ‌് നാട്ടുകാരുടെ ചോദ്യം. ഇടുക്കിയിൽ ഒരാൾ വീടുവച്ചാൽ അത് പരിസ്ഥിതിക്ക് ദോഷമെന്ന ആരോപണവുമായും ചിലർ എത്തുന്നു. കുളമാവ് മുതൽ പൈനാവ് വരെ കൂറ്റൻ മണ്ണിടിച്ചിലാണ് ഇത്തവണ ഉണ്ടായത്. പലയിടത്തും റോഡിന്റെ താഴ്വാരങ്ങളിലാണ‌് ഉരുൾപൊട്ടിയത‌്. ഒഡീഷാ തീരത്തുണ്ടായ ന്യൂനമർദ്ദമാണ് ഇത്തവണ അതിതീവ്ര മഴയുണ്ടാകാൻ കാരണമെന്ന‌് കാലാവസ്ഥാ നിരീക്ഷകർ ശാസ്ത്രീയമായി അറിയിച്ചിട്ടുണ്ട്.
  ജൂൺ മുതൽ ആഗസ‌്ത‌് എട്ടുവരെ ജില്ലയിൽ റെക്കോർഡുമഴയാണ് പെയ്തത്. ആഗസ‌്ത‌് 15, 16 തീയതികളിൽ ചില സ്ഥലങ്ങളിൽ കേന്ദ്രീകരിച്ചു ശക്തമായി മഴപെയ്തു. മേഘവിസ്ഫോടനത്തിലൂടെ ചില സ്ഥലങ്ങളിൽ അതിശക്തിയായി പെയ്തമഴയിലൂടെ കുത്തിയൊലിച്ചുവന്ന വെള്ളമാണ് പാറപ്പുറങ്ങളിൽ നിന്ന് മണ്ണൊലിപ്പിച്ചുകൊണ്ടുവരികയും ഉരുൾപൊട്ടലായി മാറി കൃഷിയിടങ്ങളും വീടുകളും ഇല്ലാതായതും. വസ്തുതകളും യാഥാർഥ്യങ്ങളും ബോധപൂർവം മറച്ച‌് പ്രയാസങ്ങളിൽ കഴിയുന്ന കർഷക ജനതയെ തെറ്റിദ്ധരിപ്പിച്ച‌് രാഷ‌്ട്രീയ മുതലെടുപ്പ‌് നടത്താനുള്ള നീക്കം ജനങ്ങൾ തിരിച്ചറിയും.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top