18 October Friday

സ്‌കൂളിലും കോളേജുകളിലും ‘പെന്‍ ഫ്രണ്ട്‌സ്’ പരിപാടി ഇന്നുമുതല്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019
തൊടുപുഴ
പാഴ് വസ്തുക്കളെ തരംതിരിച്ച് ശേഖരിക്കുകയെന്ന സന്ദേശം കുട്ടികളിലൂടെ സമൂഹത്തിനു നൽകാൻ ലക്ഷ്യമിടുന്ന ഹരിതകേരളം മിഷന്റെ ‘പെൻ ഫ്രണ്ട്‌സ്’ പ്രചാരണ പരിപാടിക്ക് ജില്ലയിലെ സ്‌കൂളുകളിലും കോളേജുകളിലും വ്യാഴാഴ‌്ച തുടക്കം. വിദ്യാലയങ്ങളിൽ സ്ഥാപിക്കുന്ന പ്രകൃതി സൗഹൃദപ്പെട്ടികളിൽ 10 വരെയാണ‌് പേനകൾ ശേഖരിക്കുക. പാഴ്‌പേനകൾ നിക്ഷേപിച്ച‌് പ്രധാനാധ്യാപകർ പരിപാടി ഉദ്ഘാടനം ചെയ്യും.
പാഴ്‌വസ്തുക്കളെല്ലാംതന്നെ പുനരുപയോഗ സാധ്യമാണെന്നും അവയെ സുരക്ഷിതമായി പുനഃചംക്രമണത്തിന് നൽകാമെന്നും ബോധ്യപ്പെടുത്താനാണ് ക്യാപയിനിലൂടെ ശ്രമിക്കുന്നത്. ജില്ലയിലെ ഉപേക്ഷിക്കപ്പെട്ട പേനകളെയെല്ലാം നിശ്ചിതസമയംകൊണ്ട് വീണ്ടെടുത്ത് ക്ലീൻ കേരള കമ്പനിക്കാണ‌് പുനഃചംക്രമണത്തിന‌് കൈമാറുന്നത‌്. ജില്ലയിലെ 240 പൊതുവിദ്യാലയങ്ങളിലും 80 സിബിഎസ്ഇ സ്‌കൂളുകളിലും കോളേജുകളിലും ‘പെൻ ഫ്രണ്ട്‌സ്' ഉണ്ടാകും. എസ‌്പിസി, സ്‌കൗട്ട്‌സ് ആൻഡ‌് ഗൈഡ‌്സ‌്ഡ്‌, എൻസിസി, എൻഎസ‌്എസ്, മറ്റു ക്ലബ്ബുകൾ എന്നിവയ്ക്കാണ് പരിപാടിയുടെ സംഘാടനച്ചുമതല. സമാഹരിക്കുന്ന പേനകൾ 12ന് സമീപത്തെ പഞ്ചായത്ത് ഓഫീസുകളിൽ എത്തിക്കും. തുടർന്ന് 13, 14 തീയതികളിൽ പേനാപ്പെട്ടികൾ ജില്ലാ ഹരിതകേരളം മിഷൻ ഏറ്റുവാങ്ങും. പിന്നീട് തൊടുപുഴ മിനി സിവിൽ സ‌്റ്റേഷനിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പേനാപ്പെട്ടികൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ക്ലീൻ കേരള കമ്പനിയുമായി ഇക്കാര്യത്തിൽ ധാരണയിലെത്തിയിട്ടുണ്ടെന്ന് ഹരിതകേരളം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. ജി എസ് മധു അറിയിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top