26 August Monday
കേരള കോൺ. തർക്കം

ജില്ലാ പ്രസിഡന്റിനെ ജോസ‌് കെ മാണി പക്ഷം പുറത്താക്കി; തമാശയെന്ന‌് മറുപക്ഷം

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019

 

 
തൊടുപുഴ
ജോസഫ‌് പക്ഷക്കാരനായ കേരള കോൺഗ്രസ‌് എം ജില്ലാ പ്രസിഡന്റ‌് പ്രൊഫ. എം ജെ ജേക്കബിനെ ജോസ‌് കെ മാണി വിഭാഗം പുറത്താക്കി. ജോസ‌് പാലത്തിനാലിനെ പുതിയ പ്രസിഡന്റായും പ്രഖ്യാപിച്ചു. എന്നാൽ, കേരള കോൺഗ്രസ‌് എമ്മിൽനിന്ന‌് വേർപെട്ടുപോയവർ യോഗം ചേർന്ന‌് ജില്ലാ പ്രസിഡന്റിനെ തെരഞ്ഞെടുത്തത‌് ഔദ്യോഗിക വിഭാഗമായ തങ്ങളെ ബാധിക്കില്ലെന്ന‌് പ്രൊഫ. എം ജെ ജേക്കബ‌് ‘ദേശാഭിമാനി’യോട‌് പ്രതികരിച്ചു. 
 ചെറുതോണി വ്യാപാരഭവനിൽ ജോസ‌് കെ മാണി വിഭാഗത്തിന്റെ നേതാവ‌് പ്രൊഫ. കെ ഐ ആന്റണിയുടെ നേതൃത്വത്തിൽ യോഗം ചേർന്നാണ‌് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചത‌്. ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗവും യോഗത്തിൽ പങ്കെടുത്തതായി കെ ഐ ആന്റണി അവകാശപ്പെട്ടു. പാർടിയിൽനിന്ന‌് പുറത്തുപോയവർ ഔദ്യോഗിക പ്രസിഡന്റിനെ പുറത്താക്കിയെന്ന‌് പറയുന്നത‌് തമാശയാണെന്ന‌് എം ജെ ജേക്കബ‌് പരിഹസിച്ചു. കേരള കോൺഗ്രസ‌് എം ആക്ടിങ‌് പ്രസിഡന്റായ പി ജെ ജോസഫ‌് നേതൃത്വം നൽകുന്ന പാർടിയുടെ ഇടുക്കി ജില്ലാ പ്രസിഡന്റാണ‌് താൻ.
 ഒരു വർഷം മുമ്പ‌് ഭരണഘടനാപരമായ തെരഞ്ഞെടുപ്പിലൂടെയാണ‌് പ്രസിഡന്റായത‌്. കേരള കോൺഗ്രസ‌് എമ്മിന്റെ പേര‌് ഉപയോഗിക്കാൻ പുറത്തുപോയവർക്ക‌് അവകാശമില്ല. ഈ പാർടിയുടെ ഭാരവാഹികളെ തെരഞ്ഞെടുക്കാനും അവർക്ക‌് അധികാരമില്ല. പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചത‌് തമാശയായി കാണാനാണ‌് ഇഷ്ടമെന്നും അദ്ദേഹം പരിഹസിച്ചു. ജോസ‌് പക്ഷം തെരഞ്ഞെടുത്ത ജില്ലാ പ്രസിഡന്റ‌് ജോസ‌് പാലത്തിനാൽ പാർടി ഉന്നതാധികാരസമിതിയംഗവും ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡന്റുമാണ‌്. ഏറെക്കാലം മലനാട‌് കാർഷിക വികസന ബാങ്ക‌് പ്രസിഡന്റുമായിരുന്നു.
 
പ്രധാന വാർത്തകൾ
 Top