27 June Thursday

തണലേകി സർക്കാർ; അരുളും കുടുംബവും സ്വപ‌്നവീട്ടിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Saturday Jun 1, 2019

അരുൾകുമാറിനും കുടുംബത്തിനും ജില്ലാ സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ സജീവ് കർത്താ വീടിന്റെ താക്കോൽ കൈമാറുന്നു

  

കൊന്നത്തടി  
ഇടിഞ്ഞുവീഴാറായ കുടിലിൽനിന്നും അരുൾകുമാറും കുടുംബവും സ്വപ‌്നവീട്ടിലേക്ക‌്. സഹകരണ വകുപ്പിന്റെ നിർദേശാനുസരണം കൊന്നത്തടി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കെയർ ഹോം പദ്ധതി പ്രകാരം വീട് നിർമിച്ചുനൽകിയതോടെ ഭാര്യയും മൂന്ന‌് മക്കളുമടങ്ങിയ കുടുംബത്തിന്റെ ജീവിതാഭിലാക്ഷമാണ്‌ പൂവണിഞ്ഞത്. തമിഴ്നാട്ടിൽനിന്നും അരുൾകുമാറും കുടുംബവും വർഷങ്ങൾക്ക‌് മുമ്പാണ് കൊന്നത്തടിയിൽ കൂലിവേലയ്ക്കായി എത്തിയത്. 
തുടർന്ന് ഇവർ ഇവിടെ സ്ഥിര താമസക്കാരായി. ഏതു നിമിഷവും ഇടിഞ്ഞുവീഴാറായ കുടിലിലായിരുന്നു അരുൾകുമാറും കുടുംബവും താമസിച്ചിരുന്നത‌്. മഴപെയ്താൽ ഏതു പാതിരാത്രിയിലും എണീറ്റിരിക്കേണ്ട അവസ്ഥ. മൂന്നു മക്കളെയുംകൊണ്ട് ഏറെ വിഷമിച്ച സാഹചര്യത്തിലാണ് സഹകരണ വകുപ്പും കൊന്നത്തടി സർവീസ് സഹകരണ ബാങ്കും സഹായഹസ്തവുമായി എത്തിയത്. കെയർ ഹോം പദ്ധതി പ്രകാരം അഞ്ച‌് ലക്ഷത്തിൽ അധികം രൂപ മുതൽമുടക്കിയാണ് വീടിന്റെ നിർമാണ പ്രവർത്തങ്ങൾ പൂർത്തീകരിച്ചത്. മൂന്ന‌് മാസങ്ങൾക്ക‌് മുമ്പ‌് തറക്കല്ലിട്ട വീട് ദ്രുതഗതിയിൽ പൂർത്തീകരിക്കുകയായിരുന്നു. വീടിന്റെ താക്കോൽദാനം ജില്ലാ സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ സജീവ് കർത്താ നിർവഹിച്ചു.
കൊന്നത്തടി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ‌് തങ്കച്ചൻ ആറ്റുമേൽ അധ്യക്ഷനായി. എ ആർ സുരേഷ് കുമാർ, കെ വി ബേബി, സി എസ് അനീഷ്, വി എം ബേബി, സി കെ തോമസ്, എ ബി സദാശിവൻ, സജി സെബാസ്റ്റ്യൻ, എം എൻ സുമോദ്, പി എ ഗോപി, ഷിന്റോ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top