23 April Friday

ഉറപ്പിച്ച്‌ ഉടുമ്പൻചോല

എ ആർ സാബുUpdated: Monday Mar 1, 2021
ഇടുക്കി
തുടർച്ചയായ അഞ്ചാം വിജയത്തിന്‌ എൽഡിഎഫ്‌ കച്ചമുറുക്കുമ്പോൾ യുഡിഎഫ്‌ നേതാക്കൾപോലും എതിർക്കില്ല. ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ ഇത്തവണ എൽഡിഎഫിന്റെ ഭൂരിപക്ഷം എത്രയെന്നു മാത്രമാണ്‌ ചർച്ചകൾ. കൃഷിഭൂമികളും തോട്ടങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളുമുള്ള‌ മണ്ഡലം ഏതു പ്രതിസന്ധികളെയും നേരിടാൻ കരുത്തുള്ള കുടിയേറ്റ കർഷകരുടെയും തോട്ടം തൊഴിലാളികളുടെയും മണ്ണാണ്‌. ഉടുമ്പൻചോല, കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്‌, രാജകുമാരി, സേനാപതി, ശാന്തൻപാറ, വണ്ടൻമേട്‌, ഇരട്ടയാർ എന്നീ 10 പഞ്ചായത്തുകളടങ്ങുന്നതാണ്‌ മണ്ഡലം. 1967 മുതൽ മുന്നണികളെ മാറിമാറി വിജയിപ്പിച്ചിട്ടുണ്ടെങ്കിലും 2001ൽ കെ കെ ജയചന്ദ്രനിലൂടെ പിടിച്ചെടുത്ത മണ്ഡലം തുടർന്നുള്ള തെരഞ്ഞെടുപ്പുകളിലും സിപിഐ എമ്മിനൊപ്പം ഉറച്ചുനിന്നു. 2006ലും 2011ലും ജയചന്ദ്രൻ വിജയം ആവർത്തിച്ചപ്പോൾ 2016ൽ എം എം മണിയാണ്‌ വിജയക്കൊടി പാറിച്ചത്‌. ഒരുകാലത്ത്‌ വികസനം എത്തിനോക്കാതിരുന്ന മണ്ഡലത്തെ വികസനത്തിന്റെ വെള്ളിവെളിച്ചത്തിൽ എത്തിച്ചത്‌ എൽഡിഎഫ്‌ ജനപ്രതിനിധികളാണ്‌. ഹൈറേഞ്ചിന്റെ ഏറ്റവും വലിയ പരിമിതിയായിരുന്ന റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളിൽ ‌വൻ കുതിപ്പാണ്‌ മണ്ഡലം നേടിയെടുത്തത്‌. 
 ഇത്തവണ എംഎൽഎയായ എം എം മണി വൈദ്യുതിമന്ത്രികൂടി ആയതോടെ ജില്ലയുടെ ശനിദശ മാറിയെന്ന്‌ ഏവരും സമ്മതിക്കുന്നു. ഉടുമ്പൻചോല മാട്ടുത്താവളത്ത്‌ ആയുർവേദ മെഡിക്കൽ കോളേജിന് ശിലയിട്ട്‌ നിർമാണം ആരംഭിച്ചുകഴിഞ്ഞു. കരുണാപുരം ഐടിഐ പ്രവർത്തനമാരംഭിച്ചു‌. ഇതിനായി കുഴിക്കണ്ടത്ത്‌ ഒന്നരയേക്കർ സ്ഥലം പഞ്ചായത്ത്‌ വിട്ടുനൽകിയിട്ടുണ്ട്‌‌. കിഫ്‌ബി ഫണ്ടുപയോഗിച്ച്‌ നെടുങ്കണ്ടം പഞ്ചായത്ത്‌ സ്‌റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തി. ജില്ലയിൽ ആദ്യത്തെ ഇൻഡോർ സ്‌റ്റേഡിയം പച്ചടിയിൽ പൂർത്തിയാകുന്നതോടെ കായികകേരളത്തിന്‌ മുതൽക്കൂട്ടാകും. ശാന്തൻപാറ ഗവ. കോളേജ്‌, ഒരു നാടിന്റെ മുഖച്ഛായതന്നെ മാറ്റിയ പാറത്തോട്‌ പാലം പുനർനിർമാണം എന്നിവ കഴിഞ്ഞ അഞ്ചുവർഷത്തെ നേട്ടങ്ങളിൽ ചിലതുമാത്രം. കഴിഞ്ഞദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ച ഇടുക്കി പാക്കേജിലും മണ്ഡലത്തിന്‌ വിഭവങ്ങൾ ഏറെയാണ്‌.
കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ വ്യാമോഹത്തിനടിപ്പെട്ട്‌ യുഡിഎഫിന്‌ വിജയം നൽകിയ ജനങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ തെറ്റു തിരുത്തുന്നതാണ്‌ കണ്ടത്‌. കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 10 പഞ്ചായത്തിൽ ഒമ്പതിലും എൽഡിഎഫ്‌ വ്യക്തമായ ഭൂരിപക്ഷത്തിലാണ്‌ ഭരണം നേടിയത്‌. ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത കരുണാപുരത്തും ഭരണം‌ ഇടതുപക്ഷത്തിനാണ്‌. മണ്ഡലത്തിന്റെ വികസനക്കുതിപ്പ്‌ തുടരാൻ എൽഡിഎഫ്‌തന്നെ വേണമെന്ന്‌ മനസ്സിലാക്കിയ ജനങ്ങൾ വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫിന് വിജയമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്‌.
ഇവർ ജനപ്രതിനിധികൾ   
1967 കെ ടി ജേക്കബ്‌ (സിപിഐ) 
1970 വി ടി സെബാസ്റ്റ്യൻ  (കേരള കോൺഗ്രസ്‌)
1977 തോമസ്‌ ജോസഫ്‌ (കേരള കോൺഗ്രസ്‌)
1980 തോമസ്‌ ജോസഫ്‌ (കേരള കോൺഗ്രസ്‌)
1982 എം ജിനദേവൻ (സിപിഐ എം)
1987 മാത്യു സ്റ്റീഫൻ (കേരള കോൺഗ്രസ്‌)
1991 ഇ എം ആഗസ്തി (കോൺഗ്രസ്‌)
1996 ഇ എം ആഗസ്തി (കോൺഗ്രസ്‌)
2001 കെ കെ ജയചന്ദ്രൻ (സിപിഐ എം)
2006 കെ കെ ജയചന്ദ്രൻ (സിപിഐ എം)
2011 കെ കെ ജയചന്ദ്രൻ (സിപിഐ എം)
2016 എം എം മണി (സിപിഐ എം)
 
വോട്ടുനില
നിയമസഭ 2016
എൽഡിഎഫ്‌ 50,813
യുഡിഎഫ്‌ 49,704
എൻഡിഎ 21,799
ലോക്‌സഭ 2019
യുഡിഎഫ്‌ 63,550
എൽഡിഎഫ്‌ 51,056
എൻഡിഎ 10,863
തദ്ദേശ തെരഞ്ഞെടുപ്പ്‌ 2020
എൽഡിഎഫ്‌ 66,279
യുഡിഎഫ്‌ 50,414
എൻഡിഎ 12,145
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top