24 September Friday

നിലയ്ക്കുന്നു, ഈറ്റക്കാടുകളുടെ സംഗീതം

ജോഷി അറയ്ക്കൽUpdated: Friday Jul 30, 2021


കോതമംഗലം
നിത്യഹരിത വനമേഖലയായ പൂയംകുട്ടിയിലെ പ്രശസ്തമായ ഈറ്റക്കാടുകളുടെ പ്രൗഢി മങ്ങുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി വനാന്തരങ്ങൾക്ക്‌ ചന്തം പകർന്നിരുന്ന കാടുകൾ ഇന്ന്‌ നാശത്തിന്റെ വക്കിലാണ്‌.  ആദിവാസി ജീവിതങ്ങൾക്കും പരമ്പരാഗത  മേഖലയ്‌ക്കും തണൽപകരുന്ന ഈറ്റയെ രക്ഷിക്കണമെന്ന ആവശ്യവും ഉയർന്നു.  
പശ്ചിമഘട്ട മലനിരകളുമായി ബന്ധപ്പെട്ടുകിടക്കുന്ന പൂയംകുട്ടി വനം കേരളത്തിലെ പ്രധാന ഈറ്റമേഖലയാണ്. ഏഷ്യയിൽ അപൂർവമായി കണ്ടുവരുന്ന പ്രശസ്തമായ ഓക്ലാൻഡ്ര ട്രാവൻകൂറിക്ക ഇനം ഇവിടെ സുലഭം. കരാറുകാർ നടത്തുന്ന  അശാസ്ത്രീയമായ വെട്ടൽ, വനം കൈയേറ്റം, കാട്ടുതീ എന്നിവയാണ്‌ പ്രധാന ‌ഭീഷണി. കാട്ടാനക്കൂട്ടങ്ങളുടെ പ്രധാന ഭക്ഷണമായി ഈറ്റ മാറിയതും തകർച്ചയ്‌ക്ക്‌ ആക്കം കൂടി.  വനം കൈയേറ്റക്കാരുടെ കടന്നുകയറ്റത്തോടെയാണ്‌ നാശത്തിന്റെ തുടക്കം. 

പനമ്പുനെയ്ത്ത്‌ ഉൾപ്പെടെയുള്ള പരമ്പരാഗത മേഖലയ്‌ക്കും അച്ചടി ആവശ്യത്തിനുമാണ് ഈറ്റകൾ കയറ്റിപ്പോകുന്നത്‌. വടാട്ടുപാറ, പൂയംകുട്ടി, കുട്ടമ്പുഴ, മാമലകണ്ടം എന്നീ പ്രദേശങ്ങളിലെ ഭൂരിഭാഗം ജനങ്ങളും അഞ്ചുപതിറ്റാണ്ടുമുമ്പ്‌ ഈറ്റവെട്ടുതൊഴിലുകളുമായി ഇവിടെയെത്തി സ്ഥിരതാമസമാക്കിയവരാണ്. ഇതിൽ ഒരുവിഭാഗം മാത്രം ഇപ്പോഴും ഈ തൊഴിലിലുണ്ട്. ആയിരത്തിലേറെ ആദിവാസികളും ഈറ്റവെട്ടും നെയ്ത്തുംകൊണ്ട് ഉപജീവനം നടത്തുന്നു. ഈറ്റക്കാടുകളുടെ ശോഷണം ജില്ലയിലെ ബഹുഭൂരിപക്ഷം ഈറ്റ നെയ്ത്ത് തൊഴിലാളികളെയും  പ്രതിസന്ധിയിലാക്കി. പനമ്പ്, മുറം, കുട്ട, വട്ടി തുടങ്ങിയ ഉൽപ്പന്നങ്ങൾകൊണ്ട് ഉപജീവനം  കണ്ടെത്തിയവർ പലരും ഇപ്പോൾ മേഖല ഉപേക്ഷിച്ചു. വെട്ടിയെടുക്കുന്ന അനുപാതത്തിൽ തൈകൾ നട്ടില്ലെങ്കിൽ  ഈറ്റക്കാടുകൾ വൈകാതെ വിസ്‌മൃതിയിലേക്ക് മറയും.

തകർച്ചയ്‌ക്ക്‌ കാരണം അശാസ്ത്രീയ വെട്ടൽ
മാനദണ്ഡങ്ങൾ പാലിക്കാതെ ഈറ്റ വെട്ടിയെടുത്തതാണ്‌ പൂയംകുട്ടിയിലെ ഈറ്റക്കാടുകളുടെ തകർച്ചയ്‌ക്ക്‌ കാരണമെന്ന്‌   പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്‌ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഈറ്റക്കൂട്ടങ്ങൾ അടിയോടെ വെട്ടിയെടുക്കുമ്പോൾ പുനർജീവന സാധ്യത  മങ്ങുന്നു. കുറേഭാഗം മാറ്റിനിർത്തി വെട്ടിയെടുത്താൽ ഈറ്റകൾ വീണ്ടും പൂക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

വനംവകുപ്പ് ഡിവിഷനിലെ റീഡ് മാനേജ്മെന്റ്‌ പ്ലാനിന്റെ സർവേയും ഈറ്റകളുടെ വൻതോതിലുള്ള ലഭ്യതക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രീയമായ വെട്ട് നടക്കാത്തതും കൂടിയ കാലാവധിക്കുള്ള കട്ടിങ്‌ പെർമിറ്റുകൾ നൽകിയതും വിനയായെന്ന്‌  വനം സർവേ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top