09 September Monday

കളമശേരി നഗരസഭയിലെ മാലിന്യസംസ്കരണം: നിർദേശങ്ങളുമായി മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023


കളമശേരി
കളമശേരി നഗരസഭയിലെ മാലിന്യസംസ്കരണം വിജയിപ്പിക്കാൻ നിർദേശങ്ങളും പരിഹാരനടപടികളുമായി മന്ത്രി പി രാജീവ്. തിങ്കളാഴ്ച നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ ചെയർപേഴ്സൺ സീമാ കണ്ണൻ അധ്യക്ഷയായി. കളമശേരി നഗരസഭയിൽ സർക്കാർ  നിശ്ചയിച്ച രീതിയിലല്ല ഹരിതകർമസേന പ്രവർത്തിക്കുന്നതെന്ന് മന്ത്രി വിലയിരുത്തി. നഗരസഭയിൽ ഉറവിടമാലിന്യ സംസ്കരണം വേണ്ടത്ര വിജയിച്ചിട്ടില്ല. പൊതുനിരത്തിൽ വളരെയധികം മാലിന്യമുള്ള നഗരസഭയാണിത്. പൊതുനിരത്തുകളിൽ മാലിന്യം ശേഖരിക്കുന്നതിന് പ്രത്യേകം കലക്‌ഷൻ പോയിന്റുകൾ വേണം. അവിടങ്ങളിൽ ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കാൻ ബിന്നുകൾ വയ്ക്കണം. അവിടെ ആവശ്യത്തിന് വെളിച്ചം ഉണ്ടാകണം സിസിടിവി സ്ഥാപിക്കണം.

കൗൺസിലർമാർ മാലിന്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങളെ പറഞ്ഞുമനസ്സിലാക്കണം. അജൈവ മാലിന്യങ്ങൾ തരംതിരിച്ച് വൃത്തിയാക്കി ന​ഗരസഭയ്ക്കോ നഗരസഭ നിർദേശിക്കുന്ന ഏജൻസിക്കോ കൈമാറണം.  വീടുകളിലും സ്ഥാപനങ്ങളിലും ഉറവിടത്തില്‍ത്തന്നെ ജൈവമാലിന്യം സംസ്കരിക്കാനായി ജൂണ്‍ അഞ്ചിനുമുമ്പായി സ്വന്തംനിലയ്ക്ക് സംവിധാനം ഏര്‍പ്പെടുത്തണം. ഇക്കാര്യങ്ങളിൽ ആവശ്യമെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാങ്കേതികസഹായം തേടണം. മാലിന്യ സംസ്കരണത്തിലൂടെ ഉണ്ടാകുന്ന വളം വാങ്ങാൻ സംവിധാനം ഉണ്ടാക്കാനായി ശുചിത്വ മിഷനുമായി ചർച്ച നടത്തണമെന്നും മന്ത്രി പറഞ്ഞു. നഗരസഭയിലെ ഹരിതകര്‍മസേനയില്‍ 54 പേരാണുള്ളത്.  ഒരു വാർഡിൽ രണ്ടുപേർവീതം വേണം. 30 പേരെക്കൂടി ഹരിതകർമസേനയിൽ എടുക്കണം. ഇവരെ എടുത്ത്  ഈയാഴ്ചതന്നെ പരിശീലനം നൽകണം. മാലിന്യകാര്യങ്ങൾ സംസാരിക്കാൻ എൻഎഡി ഉദ്യോഗസ്ഥരുടെയും എച്ച്എംടി ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കാമെന്നും മന്ത്രി പറഞ്ഞു.

നഗരസഭയിൽ 29 ഫ്ലാറ്റുകൾ ഉള്ളതിൽ 18 എണ്ണത്തിൽമാത്രമേ മാലിന്യ സംസ്കരണ സംവിധാനമുള്ളൂവെന്നും നഗരസഭയിലെ പകുതി വീടുകള്‍മാത്രമേ ഹരിതകർമ സേനയുമായി സഹകരിക്കുന്നുള്ളൂവെന്നും  നഗരസഭാ സെക്രട്ടറി പി ആർ ജയകുമാർ പറഞ്ഞു.  മാലിന്യസംസ്കരണത്തിന് നഗരസഭാ ബജറ്റിൽ ഏഴുകോടി രൂപ വകകൊള്ളിച്ചിട്ടുണ്ടെന്നും വീടുകളിലേക്ക് ആവശ്യമായ ബയോബിന്നുകൾ  90 ശതമാനം സബ്സിഡി നിരക്കിൽ നഗരസഭ വിതരണം ചെയ്യും.  മാലിന്യസംസ്കരണത്തിന് 18 തുമ്പൂർമുഴി മോഡൽ ബിന്നുകളും സ്ഥാപിക്കും. ശുചിത്വമിഷനും സോളിഡ് വേസ്റ്റ് മാനേജ്മെന്റും നഗരസഭാ സെക്രട്ടറിയുംകൂടി മാലിന്യസംസ്കരണ കാര്യത്തിൽ കൂടുതൽ ചർച്ച നടത്തി തീരുമാനമെടുക്കാനും മന്ത്രി നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top