10 June Saturday

ഇലക്‌ട്രിക് വാഹനങ്ങളിൽ കൃത്രിമം :
 ജില്ലയിൽ വ്യാപകപരിശോധന

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023


കൊച്ചി
ലൈസൻസും രജിസ്‌ട്രേഷനും ആവശ്യമില്ലാത്ത ഇലക്‌ട്രിക്‌ വാഹനങ്ങളുടെ മറവിൽ കൃത്രിമം കാണിച്ചതിന്‌ ജില്ലയിൽ വ്യാപകപരിശോധന. ഇത്തരം 13 വാഹനങ്ങൾ പരിശോധിച്ചതിൽ എല്ലാം മാനദണ്ഡങ്ങൾ പാലിക്കാത്തവയാണെന്ന്‌ കണ്ടെത്തിയിരുന്നു. തുടർന്ന്‌ കലൂർ–-കടവന്ത്ര റോഡിലെ എം ആൻഡ്‌ എം മോട്ടേഴ്‌സിലും ജോയ്‌ ബൈക്ക്‌സിലും ട്രാൻസ്‌പോർട്ട്‌ കമീഷണർ എസ്‌ ശ്രീജിത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച പരിശോധന നടത്തി.

ഇത്തരം വാഹനങ്ങൾ വിൽക്കുന്നതിലൂടെ സർക്കാരിന്‌ നികുതി ഇനത്തിൽ വൻ നഷ്ടമുണ്ടാകുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ്‌ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്‌. കുസാറ്റിലെ സോഫിസ്‌റ്റിക്കേറ്റഡ്‌ ടെസ്‌റ്റ്‌ ആൻഡ്‌ ഇൻസ്‌ട്രുമെന്റേഷൻ സെന്ററിലാണ്‌ വാഹനങ്ങൾ പരിശോധിച്ചത്‌. 

ഹീറോ ഇലക്‌ട്രിക്‌ വെഹിക്കിൾസ്‌, ന്യൂട്രോൺ ഇലക്‌ട്രോണിക്, വാർഡ്‌ വിസാർഡ്‌, യെഡ്‌ ഇലക്‌ട്രിക്‌ വെഹിക്കിൾസ്‌, റിവീൽ ഇലക്‌ട്രിക്, ടിഎൻആർഇ വെഹിക്കിൾസ്‌, ഇലക്ട്രോ വീൽസ്‌, ടി എക്‌സ്‌ 9 ബാംഗ്ലൂർ, ടെക്കോ ഇലക്‌ട്ര പുണെ, ഒക്കിനാമ, പ്യുവർ, യെഡ്‌ ഇലക്‌ട്രിക്, റൊമായി എന്നീ കമ്പനികളുടെ വാഹനങ്ങളിലാണ്‌ തട്ടിപ്പ്‌ കണ്ടെത്തിയത്‌.

ലൈസൻസും രജിസ്‌ട്രേഷനും വേണ്ടാത്തത്‌ 250 വാട്ട്‌ പവറിൽ താഴെയുള്ള ഇലക്‌ട്രിക്‌ വാഹനങ്ങൾക്കാണെന്ന്‌ ട്രാൻസ്‌പോർട്ട്‌ കമീഷണർ എസ്‌ ശ്രീജിത് പറഞ്ഞു. ഇത്തരം വാഹനങ്ങൾക്ക്‌ പരമാവധി 25 കിലോമീറ്റർ വേഗമാണ്‌ നിഷ്‌കർഷിച്ചിരിക്കുന്നത്‌. എന്നാൽ, 1850 വാട്ടുവരെ പവറുള്ള ഇലക്‌ട്രിക്‌ വാഹനങ്ങൾ ഈ ഗണത്തിൽപ്പെടുത്തി വിറ്റിരുന്നതായി കണ്ടെത്തി.

സീനിയർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട്‌ കമീഷണർ ഷാജി മാധവൻ, എറണാകുളം ആർടിഒ ജി അനന്തകൃഷ്‌ണൻ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ എ ആർ രാജേഷ്‌, റെജി വർഗീസ്‌, എൻ വിനോദ്‌കുമാർ തുടങ്ങിയവരടങ്ങുന്ന സംഘമാണ്‌ പരിശോധന നടത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top