14 July Tuesday

വെങ്ങോല ഒരുങ്ങുന്നു ഓണവിപണിക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020


പെരുമ്പാവൂർ
ജനനന്മയാണ്‌ ലക്ഷ്യമെങ്കിൽ വെങ്ങോല സർവീസ് സഹകരണ ബാങ്ക്‌ കൈവയ്‌ക്കാത്ത മേഖലകളില്ല. വിഷമില്ലാത്ത പച്ചക്കറി വീട്ടുമുറ്റത്തു വിളയിക്കാൻ ബാങ്ക്‌ ശ്രമം തുടങ്ങിയിട്ട്‌ കുറച്ചു നാളായി. ഇപ്പോഴിതാ ബാങ്ക്‌ നേരിട്ട്‌ പച്ചക്കറികൃഷിയും തുടങ്ങിയിരിക്കുന്നു. ഇപ്പോൾ ഏഴേക്കറിലാണ്‌ പച്ചക്കറികൃഷി ചെയ്യുന്നത്‌.

ഓണവിപണിയിൽ സ്വന്തം പച്ചക്കറി വിൽക്കുകയാണ് ലക്ഷ്യം. 25 കർഷകരെ ഇതിനായി ബാങ്ക് തെരഞ്ഞെടുത്തു.  കൃഷിക്കാവശ്യമായ വളവും വിത്തും പകുതി വിലയ്ക്ക് ബാങ്ക് നൽകും. ഉൽപ്പന്നങ്ങൾ മാർക്കറ്റ് നിരക്കിൽ ബാങ്ക് വാങ്ങും.  ഇതിനുപുറമെ ബാങ്ക് നേരിട്ട് 50 സെന്റ് സ്ഥലത്ത് പച്ചക്കറിത്തോട്ടം ആരംഭിച്ചു.  ഭരണസമിതി അംഗങ്ങളും ജീവനക്കാരും ശ്രമദാനമായാണ് മണ്ണൊരുക്കിയത്.  യുവ കർഷകൻ സൗജന്യമായി പാട്ടത്തിനു നൽകിയതാണ് കൃഷിസ്ഥലം.  അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി 3000 വീടുകളിൽ പച്ചക്കറിവിത്തും വിതരണം ചെയ്തു.

ഇതിനുപുറമെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കർഷകരുടെ സ്വാശ്രയ സംഘങ്ങൾ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. മിച്ചഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യുന്നതിന് കുറഞ്ഞ പലിശനിരക്കിൽ വായ്പയും വിതരണം ചെയ്യും. എം ഐ ബീരാസ് പ്രസിഡന്റും സിന്ധു കുമാർ സെക്രട്ടറിയുമായ ഭരണസമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
 


പ്രധാന വാർത്തകൾ
 Top