24 October Sunday

കേരളത്തെ അഞ്ചുവർഷത്തിനകം മാലിന്യമുക്തമാക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021


കൊച്ചി
കേരളത്തെ അഞ്ചുവർഷത്തിനകം മാലിന്യമുക്തമാക്കുമെന്ന്‌ മന്ത്രി എം വി ഗോവിന്ദൻ.  കൊച്ചി നഗരത്തെ  ലോകനിലവാരത്തിലേക്ക്‌ ഉയർത്തും. ഇതിനായി 2000 കോടി രൂപയുടെ   പദ്ധതികളാണ്‌ വിഭാവനം ചെ യ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലോകത്തെ വളർന്നുവരുന്ന ഏറ്റവും പ്രധാനപ്പെട്ട ഇന്ത്യൻ നഗരങ്ങളിലൊന്നാണ്‌ കൊച്ചിയെന്നും മന്ത്രി പറഞ്ഞു. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ്‌ (സിഎസ്‌എംഎൽ) നവീകരിച്ച 30 റോഡുകളുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വികസനപ്രവർത്തനത്തിന്‌ ഇവിടെ ആരും തടസ്സമല്ല. ആ സംസ്‌കാരം കേരളത്തിൽ വളർന്നുവന്നിരിക്കുകയാണ്‌. കൊച്ചി നഗരത്തെ ഫലപ്രദമായി കാത്തുസൂക്ഷിച്ച്‌ അടുത്ത തലമുറയ്‌ക്ക്‌ കൈമാറാനാകണം. കക്ഷിരാഷ്‌ട്രീയം ഉപയോഗിച്ച്‌ ഇതിൽ വിള്ളൽ വീഴ്‌ത്താൻ ആരും ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു.

ദ്രവ–-ഖര മാലിന്യ സംസ്‌കരണം ഫലപ്രദമായി കൈകാര്യം ചെയ്യാനാകണം. ഇതിന്‌ പണത്തിന്റെ അഭാവം കേരളത്തിലില്ല. ഏത്‌ പദ്ധതികൾക്കും എതിർപ്പുണ്ടാകും. എന്നാൽ, പദ്ധതി അവസാനിപ്പിക്കുകയല്ല വേണ്ടത്‌. പദ്ധതികളെ ജനകീയമാക്കി ഫലപ്രദമായി നടപ്പാക്കാനാകണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 

മേയർ എം അനിൽകുമാർ അധ്യക്ഷനായി. സിഎസ്‌എംഎൽ സിഇഒ എസ്‌ ഷാനവാസ്‌, ഹൈബി ഈഡൻ എംപി, ടി ജെ വിനോദ്‌ എംഎൽഎ, കലക്ടർ ജാഫർ മാലിക്‌, സിറ്റി പൊലീസ്‌ കമീഷണർ സി എച്ച്‌ നാഗരാജു, ഡെപ്യൂട്ടി മേയർ കെ എ അൻസിയ, കൗൺസിലർമാരായ ആന്റണി കുരീത്തറ, സുധ ദിലീപ്‌ തുടങ്ങിയവർ സംസാരിച്ചു.

സിഎസ്‌എംഎല്ലിന്റെ ‘അദർ റോഡ്‌സ്‌’ പദ്ധതിയിൽ ഉൾപ്പെട്ട 13.81 കിലോമീറ്റർ ദൈർഘ്യം വരുന്ന 40 റോഡുകളാണ് പൂർത്തിയാക്കുന്നത്. ഇതിൽ 30 (6.87 കിലോമീറ്റർ) റോഡുകളാണ് വെള്ളിയാഴ്‌ച ഉദ്‌ഘാടനം ചെയ്‌തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top