21 October Wednesday

പെർഫോമൻസ്‌ പൂജ്യം; കൊച്ചി നഗരസഭയ്‌ക്കെതിരെ ഓഡിറ്റ്‌ റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020


കൊച്ചി > തുരുത്തി കോളനി നിവാസികളുടെ പുനരധിവാസത്തിനായി ഒരുക്കുന്ന ഫ്ലാറ്റ്‌ സമുച്ചയത്തിന്റെ പണി അവതാളത്തിലാക്കിയതിന്‌ കൊച്ചി നഗരസഭയ്‌ക്ക്‌ ‌രൂക്ഷവിമർശം. നിർമാണവുമായി ബന്ധപ്പെട്ട്‌ നഗരസഭാ കൗൺസിലർമാർ മന്ത്രി എ സി മൊയ്‌തീന്‌ നൽകിയ പരാതിയെ തുടർന്ന്‌ സ്‌റ്റേറ്റ്‌ പെർഫോമൻസ്‌ ഓഡിറ്റർ തയ്യാറാക്കിയ റിപ്പോർട്ടിലാണ്‌ കോർപറേഷനെ രൂക്ഷമായി വിമർശിച്ചത്‌.

സമയബന്ധിതമായി പദ്ധതി തയ്യാറാക്കുന്നതിലും നടപ്പാക്കുന്നതിലും വന്ന വീഴ്‌ചകൾ കാരണം കോടിക്കണക്കിന്‌ രൂപയുടെ കേന്ദ്രഫണ്ടാണ്‌ നഗരസഭ നഷ്‌ടത്തിലാക്കുന്നത്‌. കൂടാതെ കരാറുകാരന്‌ സെക്യൂരിറ്റി തുക മടക്കിനൽകിയതിലും കോർപറേഷൻ അധികൃതർ ഗുരുതര വീഴ്‌ചവരുത്തിയതായി പെർഫോമൻസ്‌ ഓഡിറ്റ്‌ റിപ്പോർട്ടിൽ പറയുന്നു.
രാജീവ്‌ ആവാസ്‌ യോജന പദ്ധതിയുടെ കീഴിൽ തയ്യാറാക്കിയ ഡിപിആർമുതൽ പിഴവുകളാണ്‌. വെള്ളം കയറുന്ന കോളനികളിൽ താമസിക്കുന്ന പാവപ്പെട്ടവർക്ക്‌ ഗുണകരമാകേണ്ട പദ്ധതി ഇഴഞ്ഞുനീങ്ങുന്നത് അതിഗൗരവത്തോടെയാണ്‌ കാണേണ്ടത്‌. 12 നിലയുടെ പൂർത്തീകരണത്തിനുശേഷം മാത്രം നൽകേണ്ട സെക്യൂരിറ്റി ഡിപ്പോസിറ്റായ 91,22,875 രൂപ മേയറുടെ മുൻകൂർ അനുമതിപ്രകാരം സെക്രട്ടറി തിരികെ നൽകി. ആദ്യ ടെൻഡറിൽ പ്രീക്വാളിഫിക്കേഷൻ പരാജയപ്പെട്ട കമ്പനിയെത്തന്നെ റീടെൻഡറിലൂടെ തെരഞ്ഞെടുത്തത് ദുരൂഹമാണ്. സിറ്റ്‌കോ അസോസിയറ്റ്‌സിന്‌ ടെൻഡർ നൽകിയതിൽ ബാഹ്യ ഇടപെടൽ നടന്നിട്ടുണ്ട്. റീ-ടെൻഡറിന് ആവശ്യമായി പരസ്യം നൽകിയിട്ടില്ല. കരാറിലെ സമയപരിധിയായ 12 മാസം കൗൺസിൽ അംഗീകാരം ഇല്ലാതെ ദീർഘിപ്പിച്ചുനൽകി. ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ കോർപറേഷൻ  പരാജയമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

മേയർ, പരാതിക്കാരായ കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, എക്സിക്യൂട്ടീവ് എൻജിനിയർ, പദ്ധതിയുടെ ചുമതലവഹിക്കുന്ന എൻജിനിയർ എന്നിവരുടെ അഭിപ്രായം കേട്ടും നിർമാണസ്ഥലം സന്ദർശിച്ചും ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചുമാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌.  സ്ഥിരംസമിതി അധ്യക്ഷ ഡോ. പൂർണിമ നാരായണന്റെ നേതൃത്വത്തിൽ 28 പ്രതിപക്ഷ കൗൺസിലർമാർ ചേർന്നാണ്‌ മന്ത്രിക്ക്‌ പരാതി നൽകിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top