02 July Thursday

അത്യാര്‍ത്തിയുടെ പ്രതിച്ഛായ പകര്‍ത്തി യമമോട്ടോ

വെബ് ഡെസ്‌ക്‌Updated: Saturday Dec 24, 2016

ജാപ്പനീസ് കലാകാരന്‍ തകായുകി യമമോട്ടോ തന്റെ സൃഷ്ടിയുമായി ബിനാലെയില്‍

കൊച്ചി > സ്വന്തം പ്രതിച്ഛായയിലുള്ള പ്രതിമയിലൂടെ മനുഷ്യന്റെ അത്യാഗ്രഹത്തെ കാഴ്ചക്കാര്‍ക്കുമുന്നില്‍ ഒരു കണ്ണാടിയിലെന്ന പോലെ അവതരിപ്പിക്കുകയാണ് തകായുകി യമമോട്ടോ. ജാപ്പനീസ് നാടോടിക്കഥയെ ആസ്പദമാക്കിയുള്ള സൃഷ്ടിയാണ് യമമോട്ടോ കൊച്ചി-മുസിരിസ് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചത്.

മലര്‍ന്നുകിടക്കുന്ന ചാരനിറത്തിലുള്ള മനുഷ്യന്റെ പ്രതിമയ്ക്ക് സ്വന്തം പ്രതിച്ഛായയാണ് യമമോട്ടോ നല്‍കിയിരിക്കുന്നത്. അതിന്റെ പൊക്കിളില്‍നിന്ന് പൊഴിയുന്ന സ്വര്‍ണധാന്യം മുത്തുകളായി നിലത്തും മറ്റും കിടക്കുന്നു. പുതിയകാലത്തും ഏറെ പ്രസക്തിയുള്ള ശില്‍പ്പസൃഷ്ടിക്ക് ആധാരമായ കഥ യമമോട്ടോ ഇങ്ങനെ വിവരിക്കുന്നു: മക്കളില്ലാത്ത വടക്കുകിഴക്കന്‍ ജാപ്പനീസ് ഗ്രാമത്തിലെ അത്യാഗ്രഹികളായ ദമ്പതിമാര്‍ ഓമനത്തമുള്ളൊരു ആണ്‍കുഞ്ഞിനെ ദത്തെടുത്തു വളര്‍ത്തി. അവന്‍ വിരൂപനായതില്‍ ദമ്പതികള്‍ അസ്വസ്ഥരായിരുന്നു. എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് കുട്ടി അവന്റെ പൊക്കിള്‍ക്കൊടിയില്‍നിന്ന് സ്വര്‍ണധാന്യം പറിച്ചെടുത്തത്. അത്ഭുതപ്പെട്ട ദമ്പതികള്‍ ദുരാഗ്രഹം നിമിത്തം കുട്ടിയുടെ പൊക്കിളില്‍ നിരന്തരമായി വിരല്‍ കുത്തി സ്വര്‍ണധാന്യം പുറത്തെടുത്തു. ഇതു സഹിക്കാനാവാതെ കുട്ടി മരിച്ചു. ചെയ്ത തെറ്റിലെ കുറ്റബോധമോര്‍ത്ത് നീറിക്കഴിഞ്ഞ ദമ്പതിമാര്‍ മരത്തില്‍ അവന്റെ രൂപം കൊത്തിയെടുത്ത് അടുക്കളയിലെ നെരിപ്പോടില്‍ വച്ചു. അവരതിന് കമഗാമി എന്ന് പേരുമിട്ടു. അത്യാഗ്രഹം അപകടം ക്ഷണിച്ചുവരുത്തുമെന്ന ഓര്‍മപ്പെടുത്തലോടെ കമഗാമി പിന്നീട് ജപ്പാനിലെ അടുക്കളകളില്‍ സര്‍വസാധാരണമായി.

ടൊയോട്ട കമ്പനി സ്ഥിതിചെയ്യുന്ന വ്യവസായനഗരമായ നഗോയയാണ് ശില്‍പ്പി യമമോട്ടോയുടെ സ്വദേശം. വ്യവസായനഗരത്തിലെ ബാല്യകാലാനുഭവങ്ങള്‍ അദ്ദേഹത്തിന്റെ സൃഷ്ടികളെ സ്വാധീനിച്ചിട്ടുണ്ട്. ജീവിതത്തിന്റെ ഏറിയപങ്കും ദക്ഷിണ കൊറിയയിലാണ് യമമോട്ടോ ചെലവഴിച്ചത്. ഫുക്കുഷിമ ആണവനിലയം ഇപ്പോഴും ചോരുന്നുണ്ട്, മനുഷ്യന്റെ അത്യാര്‍ത്തിയുടെ പ്രതീകമാണതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

ബിനാലെവേദിയില്‍ ചിത്രംവരച്ച് മന്ത്രി  കടന്നപ്പള്ളി

കൊച്ചി >  ലോകോത്തര കലാകാരന്മാരുടെ പ്രദര്‍ശനം നടക്കുന്ന കൊച്ചി-മുസിരിസ് ബിനാലെ വേദിയില്‍ ചിത്രംവരച്ച് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഏവരെയും അത്ഭുതപ്പെടുത്തി. കുരിശും മെഴുകുതിരികളും വരച്ച് എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ അദ്ദേഹം നേര്‍ന്നു.

കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കം കാണാനെത്തിയതായിരുന്നു മന്ത്രി. ആദ്യമായാണ് ബിനാലെ കാണാന്‍ അദ്ദേഹം എത്തുന്നത്. പ്രദര്‍ശനങ്ങളില്‍ മനംനിറഞ്ഞ മന്ത്രി താല്‍പ്പര്യപൂര്‍വം പ്രധാന വേദിയായ ആസ്പിന്‍വാള്‍ സമുച്ചയത്തിലിരുന്ന് ചിത്രങ്ങള്‍ വരച്ചു. മലയുടെയും പുഴയുടെയും പശ്ചാത്തലത്തില്‍ പൂവന്‍കോഴിയെയും പറക്കുന്ന പക്ഷിയെയും വരച്ചാണ് അദ്ദേഹം ബിനാലെയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. അത് ഗൈഡായ ഡോണ ജോണിക്ക് സമ്മാനിച്ചു.
അനിര്‍വചനീയ അനുഭൂതിയാണ് ഓരോ സൃഷ്ടിയും തരുന്നതെന്ന് മന്ത്രി പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top