26 October Monday

124 വീടുകൾ, നൂറുകോടി സ്വപ്‌നങ്ങൾ ഇവിടെ പങ്കിടാം

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020


കൊച്ചി> ഒരുതുണ്ടു  ഭൂമിപോലുമില്ലാത്ത പാവങ്ങൾക്ക്‌‌ ഇനി സ്വന്തം വീട്ടിൽ  സ്വപ്‌നങ്ങൾ പങ്കിടാം. സുരക്ഷിതവും മാന്യവുമായ ഭവനം എല്ലാവര്‍ക്കും ഉറപ്പാക്കാൻ എൽഡിഎഫ്‌ സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് പദ്ധതിയിലൂടെ ജില്ലയില്‍ മൂന്ന് ഭവനസമുച്ചയംകൂടി ഉയരുകയാണ്. കൂത്താട്ടുകുളം നഗരസഭ, അയ്യമ്പുഴ പഞ്ചായത്ത്, കരുമാല്ലൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ  ഭവനസമുച്ചയങ്ങളിലൂടെ 124 കുടുംബത്തിന്റെ സ്വപ്‌നങ്ങളാണ്‌ യാഥാർഥ്യമാകുന്നത്‌. ഇതിന്റെ നിര്‍മാണോദ്ഘാടനം വ്യാഴാഴ്ച പകല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓൺലൈനായി നിർവഹിക്കും. തദ്ദേശസ്വയംഭരണമന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനാകും.

വരാന്ത ഉള്‍പ്പെടെ 600 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടാണ് ഒരു കുടുംബത്തിന് ലഭിക്കുന്നത്. 487 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയും ശുചിമുറിയുമുണ്ടാകും. മുതിര്‍ന്നവര്‍ക്ക് വിശ്രമിക്കാൻ പ്രത്യേക മുറി, കുട്ടികള്‍ക്ക്‌ കളിസ്ഥലം, ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക മുറി, സിക്ക് റൂം, പൊതു ആവശ്യങ്ങള്‍ക്കുള്ള മുറി, റിക്രിയേഷന്‍ റൂം, ലൈബ്രറി, ഇലക്ട്രിക്കല്‍ റൂം, ഫയര്‍ ആന്‍ഡ് സേഫ്റ്റി സംവിധാനം, മലിനീകരണ ശുചീകരണ പ്ലാന്റ്, പാര്‍ക്കിങ് സൗകര്യം എന്നിവയും ഓരോ ഭവനസമുച്ചയത്തിലും ഉണ്ടാകും.

ലൈറ്റ് ഗേജ് സ്റ്റീല്‍ ഫ്രെയിം ഉപയോഗിച്ചുള്ള പ്രീ ഫാബ്രിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കുന്നത്. കോണ്‍ക്രീറ്റ് ഒഴിവാക്കി സ്റ്റീല്‍ ഫ്രെയിമും ഫൈബര്‍ സിമന്റ് ബോര്‍ഡുകളും ഉപയോഗിക്കുന്ന രീതിയാണിത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 10 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ലൈഫ് ജില്ലാ കോ–-ഓര്‍ഡിനേറ്റര്‍ ഏര്‍ണസ്റ്റ് സി തോമസ് പറഞ്ഞു.

കൂത്താട്ടുകുളം  ചെങ്കുളത്തെ 107 സെന്റില്‍ 22,130 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ്  സമുച്ചയം ഉയരുന്നത്. നാലുനിലകളിലായി 36 വീട് ഇതിലുണ്ടാകും. 5.26 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ഇതില്‍ 44.6 കോടി ഭവനസമുച്ചയത്തിന്റെ നിര്‍മാണത്തിനും 80 ലക്ഷം അനുബന്ധ പ്രവൃത്തികള്‍ക്കുമാണ് ചെലവഴിക്കുന്നത്. അയ്യമ്പുഴ കുറ്റിപ്പാറയിലെ 158 സെന്റിൽ  26,651 ചതുരശ്രയടിയിലാണ് നാലുനില സമുച്ചയം  തലയുയർത്തുന്നത്‌. 44 വീടുകള്‍ ഉണ്ടാകും. 6.29 കോടിയാണ് നിര്‍മാണച്ചെലവ്. ഭവനസമുച്ചയ നിര്‍മാണത്തിന് 5.37 കോടിയും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 92 ലക്ഷവും.

കരുമാല്ലൂര്‍ പഞ്ചായത്തില്‍ മാമ്പ്ര ബ്ലോക്ക് പള്ളത്തിലെ 10 ഏക്കര്‍ 72 സെന്റിൽ 6655 ചതുരശ്രയടി വിസ്തീര്‍ണമുള്ള നാലുനില സമുച്ചയമാണ് നിര്‍മിക്കുന്നത്. 44 വീടുകള്‍. 6.23 കോടിയാണ് നിര്‍മാണച്ചെലവ്. 5.31 കോടി  സമുച്ചയ നിര്‍മാണത്തിനും 92 ലക്ഷം രൂപ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ചെലവാകും. ജില്ലയില്‍ അങ്കമാലി, കീഴ്മാട് എന്നിവിടങ്ങളില്‍ 18 വീടുള്ള ഓരോ ഭവനസമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. പി ആന്‍ഡ് ഡി കോളനിയിലുള്ള 88 കുടുംബങ്ങള്‍ക്കായി അനുവദിച്ച ഭവനസമുച്ചയത്തിന്റെ നിര്‍മാണം പ്രാരംഭഘട്ടത്തിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top