21 October Monday

മുത്തൂറ്റ്‌ സമരം : പിന്നോട്ടില്ല, പൊരുതാനുറച്ച്‌ സംസ്ഥാന കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2019


കൊച്ചി
പിരിച്ചുവിടൽ ഭീഷണികൾക്കും അപവാദപ്രചാരണങ്ങൾക്കും മുന്നിൽ തളരില്ലെന്നും ശമ്പളവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുംവരെ പോരാട്ടം തുടരുമെന്നും പ്രഖ്യാപിച്ച്‌ മുത്തൂറ്റ്‌ ഫിനാൻസ്‌ ജീവനക്കാരുടെ സംസ്ഥാന കൺവൻഷൻ. നോൺ ബാങ്കിങ് ആൻഡ്‌ പ്രൈവറ്റ്‌ ഫിനാൻസ്‌ എംപ്ലോയീസ്‌ അസോസിയേഷൻ (സിഐടിയു) ആലുവ ദേശാഭിവർധിനി ഹാളിൽ സംഘടിപ്പിച്ച കൺവൻഷനിൽ വനിതകളുൾപ്പെടെ അഞ്ഞൂറിലേറെപ്പേർ പങ്കെടുത്തു. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി കൺവൻഷൻ ഉദ്‌ഘാടനം ചെയ്‌തു.

മുത്തൂറ്റ്‌ മാനേജ്‌മെന്റ്‌ സ്ഥാപനത്തിൽ ഹിതപരിശോധനയ്‌ക്ക്‌ തയ്യാറാകണമെന്ന്‌ എളമരം കരീം ആവശ്യപ്പെട്ടു. സമരത്തെത്തുടർന്ന്‌ വ്യാപാരം നടക്കുന്നില്ലെന്നും കേരളം വിടുകയാണെന്നും വിലപിക്കുന്നവർ എന്തിനാണ്‌ സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചത്‌. തൊഴിലാളിദ്രോഹ നടപടികൾ തുടരുന്ന മുത്തൂറ്റ്‌ സ്ഥാപനമേധാവികൾ ജനാധിപത്യത്തെയും ട്രേഡ്‌ യൂണിയനുകളെയും അപമാനിക്കുകയാണ്‌. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയുംവരെ അംഗീകരിക്കാത്ത മാനേജ്‌മെന്റ്‌ സമനില തെറ്റിയപോലെയാണ്‌ പെരുമാറുന്നത്‌. ജീവനക്കാർക്ക്‌ ശമ്പളവും ബോണസും നൽകുന്നില്ല. സമരത്തിന്‌ നേതൃത്വം നൽകുന്നവരെ തെരഞ്ഞുപിടിച്ച്‌ ദ്രോഹിക്കുന്നു. ജീവനക്കാരുടെ സമരത്തിന്‌ സിഐടിയുവിന്റെയും സിഐടിയു യൂണിയനുകളുടെയും പൂർണ പിന്തുണയുണ്ടാകുമെന്നും എളമരം കരീം പറഞ്ഞു.

മുത്തൂറ്റ്‌ ഫിനാൻസിന്റെ വളർച്ച അവിടുത്തെ ജീവനക്കാരുടെ അധ്വാനത്തിന്റെയുംകൂടി വിലയാണെന്ന്‌ മാനേജ്‌മെന്റ്‌ ഓർക്കണമെന്ന്‌ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.  അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ എ എം ആരിഫ്‌ എംപി അധ്യക്ഷനായി. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള, സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌, മുത്തൂറ്റ്‌ ഫിനാൻസ്‌ യൂണിറ്റ്‌ സംസ്ഥാന പ്രസിഡന്റ്‌ എം സ്വരാജ്‌ എംഎൽഎ, സിഐടിയു ജില്ലാ സെക്രട്ടറി സി കെ മണിശങ്കർ, സംസ്ഥാന കമ്മിറ്റി അംഗം എസ്‌ കൃഷ്‌ണമൂർത്തി, ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ്‌ എസ്‌ അനിൽ, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി സി രതീഷ്‌, മുത്തൂറ്റ്‌ ഫിൻകോർപ്‌ യൂണിറ്റ്‌ സംസ്ഥാന സെക്രട്ടറി ഷിജോയ്‌ പോൾ, ന്യൂ ജനറേഷൻ ആൻഡ്‌ ഇൻഷുറൻസ്‌ സ്‌റ്റാഫ്‌ അസോസിയേഷൻ ജനറൽ സെക്രട്ടറി സുമേഷ്‌ പത്മൻ, മുത്തൂറ്റ്‌ ഫിനാൻസ്‌ യൂണിറ്റ്‌ സംസ്ഥാന സെക്രട്ടറി ശരത്‌ സുകുമാരൻ എന്നിവർ സംസാരിച്ചു. യൂണിറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ മായ എസ്‌ നായർ സ്വാഗതവും സെക്രട്ടറി നിഷ കെ ജയൻ നന്ദിയും പറഞ്ഞു. സമരത്തിന്റെ ഭാഗമായി 30, ഒക്‌ടോബർ 1 തീയതികളിൽ എറണാകുളത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ വാഹനപ്രചാരണ ജാഥ നടത്താനും കൺവൻഷൻ തീരുമാനിച്ചു.


പ്രധാന വാർത്തകൾ
 Top