22 October Tuesday

കർഷകർക്ക‌് താങ്ങായി അഗ്രോ സർവീസ് സെന്റർ ഉടൻ

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019


മൂവാറ്റുപുഴ
കൃഷിവകുപ്പ് മൂവാറ്റുപുഴയില്‍ അനുവദിച്ച അഗ്രോ സര്‍വീസ് സെന്ററിന്റെ പ്രവർത്തനം ഉടൻ തുടങ്ങും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചാൽ മൂവാറ്റുപുഴ ഇഇസി മാര്‍ക്കറ്റില്‍ അഗ്രോ സെന്ററിന്റെ ഉദ്ഘാടനം നടക്കുമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. 

കൃഷിക്കാവശ്യമായ യന്ത്രങ്ങൾ, മനുഷ്യവിഭവശേഷി എന്നിവ സെന്റർ വഴി ലഭ്യമാക്കും. ട്രാക്ടര്‍, ടില്ലര്‍, ഗാര്‍ഡന്‍ ടില്ലര്‍, വയ്‌ക്കോല്‍ കെട്ടുന്ന ബെയ്‌ലര്‍, പമ്പുസെറ്റ്, കാടുവെട്ടുന്ന യന്ത്രം, തെങ്ങുകയറ്റ ഉപകരണം തുടങ്ങിയവ  നൽകും. പ്രത്യേക പരിശീലനം നല്‍കിയ ടെക്നീഷ്യന്‍മാരുമുണ്ടാകും. കൃഷിസ്ഥലം കണ്ടെത്തി നിലമൊരുക്കല്‍, ആവശ്യമായ നടീല്‍വസ്തുക്കള്‍, ജൈവവളങ്ങള്‍, ജൈവ കീടനാശിനികള്‍ എന്നിവ ലഭ്യാമാക്കും. കൃഷിവകുപ്പ് പദ്ധതികള്‍ സമയബന്ധിതമായി കര്‍ഷകരില്‍ എത്തിക്കുന്നതിനും അഗ്രോ സര്‍വീസ് സെന്ററുകള്‍ക്ക് കഴിയും.

മൂവാറ്റുപുഴ ബ്ലോക്കിനു കീഴിലുള്ള അഗ്രോ സര്‍വീസ് സെന്റര്‍ മഞ്ഞള്ളൂര്‍ പഞ്ചായത്തിൽ പ്രവര്‍ത്തിക്കുന്നുണ്ട‌്. ഇതു കൂടാതെയാണ് പുതിയ സെന്റര്‍ അനുവദിച്ചത്. മൂവാറ്റുപുഴ നഗരസഭ, പായിപ്ര, വാളകം, മാറാടി, ആയവന പഞ്ചായത്തുകളാണ് പ്രവര്‍ത്തനമേഖല.

തെരഞ്ഞെടുത്ത 20 യുവതീയുവാക്കള്‍ക്ക് വിദഗ‌്ധ പരിശീലനം  നല്‍കി. സൊസൈറ്റി ഓഫ് ഹൈടെക് അഗ്രോ സര്‍വീസ് സെന്റര്‍ എന്ന പേരില്‍ സൊസൈറ്റി രൂപീകരിച്ചാണ് പ്രവര്‍ത്തനം. മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി കെ സജിമോള്‍ക്കാണ് ചുമതല. സൊസൈറ്റിയുടെ പ്രസിഡന്റായി ടി എം അന്‍ഷാജ്, സെക്രട്ടറിയായി എല്‍ദോസ് എന്‍ പോൾ എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസറായി 2014ൽ തെരഞ്ഞെടുത്ത പി എം ജോഷിയാണ്  ഫെസിലിറ്റേറ്റർ. ഫോൺ: 7994996262, 8075273616.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top