18 June Tuesday

സഖാവേ, ഞങ്ങൾക്ക‌് വീട‌് കിട്ടൂലേ..?

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019


കൊച്ചി
‘ഞങ്ങൾക്ക് വീടുകിട്ടില്ലെന്ന് ആളുകൾ പറയുന്നുണ്ട്. ശരിക്കും കിട്ടൂലേ സഖാവേ..?' പി ആൻഡ് ടി കോളനി സന്ദർശിക്കാനെത്തിയ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനനോട് ലളിത ആധിയോടെ ചോദിച്ചു. ഉറപ്പായും കിട്ടും. മുഖ്യമന്ത്രി ഇടപെട്ട വിഷയമാണ‌്. വീട് അനുവദിച്ച സ്ഥലത്തെ കെഎസ്ഇബി ടവറുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം പരിഹരിച്ചാലുടൻ പുതിയ വീട്ടിലേക്ക് മാറാനാകും. സി എൻ മോഹനന്റെ  മറുപടിയിൽ ലളിതയ‌്ക്ക‌് പൂർണതൃപ്തി.

കോളനിയിലെ ഭൂരിഭാഗം പേർക്കും ഇതേ സംശയമാണ‌് ചോദിക്കാനുണ്ടായിരുന്നത്. അതിനെല്ലാം കൃത്യതയോടെ മറുപടി ലഭിച്ചതോടെ ഏവരും ഹാപ്പി. പ്രമേഹംമൂലം കാൽ മുറിച്ചുമാറ്റിയ മണിയന്റെ വീട്ടിലും കോളനിയിലെ മറ്റെല്ലാവരുടെയും വീടുകളിലും കയറി സി എൻ മോഹനൻ സുഖവിവരങ്ങൾ അന്വേഷിച്ചറിഞ്ഞു.

വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് സി എൻ മോഹനന്റെ ഭവനസന്ദർശനം തുടങ്ങിയത്. ഓമനയുടെ വീട്ടിൽനിന്നാണ് സന്ദർശനം ആരംഭിച്ചത്. മുതിർന്നവരോടും കുട്ടികളോടും  സംവദിച്ച അദ്ദേഹം കുടുംബസാഹചര്യങ്ങളും കുട്ടികളുടെ പഠനമോഹങ്ങളും ചോദിച്ചറിഞ്ഞു. അടിയന്തരാവസ്ഥാക്കാലത്ത് ജയിൽവാസം അനുഭവിക്കുകയും പിന്നീട് കുത്തേറ്റു കിടപ്പിലാവുകയും ചെയ്ത തിലകന്റെ വീട്ടിൽ സന്ദർശനം അവസാനിച്ചു. കെ ജെ ജേക്കബ്,  അഡ്വ. എം അനിൽകുമാർ, പൂർണിമ നാരായൺ, പി എൻ സീനുലാൽ, പി ടി ജോർജ്, ബാബു സെബാസ്റ്റ്യൻ, മാധവൻ, വി എ കുമാരൻ, ഗിരിജ തിലകൻ, വിജിത രാജ് എന്നിവരും  അദ്ദേഹത്തോടൊപ്പമുണ്ടായി.
 


പ്രധാന വാർത്തകൾ
 Top