30 November Monday

അതിജീവനത്തിന്റെ വരകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

ലോക്ക്‌ഡൗണിനുമുമ്പ്‌ സജീവമായിരുന്ന സിന്ധു ദിവാകരന്റെ ചിത്രകലാ ക്ലാസ്‌

കൊച്ചി
ലോക്ക്‌‌ഡൗൺ താഴിട്ട കലാജീവിതത്തെ ഓൺലൈൻ ക്ലാസിലൂടെ അതിജീവിക്കാൻ ശ്രമിക്കുകയാണ്‌ ചിത്രകാരി സിന്ധു ദിവാകരൻ. സ്വദേശത്തും വിദേശത്തും ഉള്ള 20ൽ അധികം വിദ്യാർഥികളെയാണ്‌‌ സിന്ധു ഓൺലൈനിലൂടെ ചിത്രം വരയ്‌ക്കാനും പെയിന്റ്‌ ചെയ്യാനും പഠിപ്പിക്കുന്നത്‌.

ലോക്ക്‌‌ഡൗണിനുമുമ്പ് പലയിടങ്ങളിലായി ഓടിനടന്ന്‌ ചിത്രകല പഠിപ്പിക്കലും പ്രദർശനവും ഒക്കെയായി തിരക്കുകളിലായിരുന്നു സിന്ധുവിന്റെ ജീവിതം. 25 വർഷംമുമ്പ്‌ വീടിനോടനുബന്ധിച്ച്‌ ആരംഭിച്ച ‘ചിത്രം’ എന്ന പഠന കേന്ദ്രത്തിൽ നിരവധി ശിഷ്യരും പഠിക്കാൻ എത്തിയിരുന്നു. മൂന്നു വയസ്സുമുതൽ 65 വയസ്സുവരെ ജീവിതത്തിന്റെ പല തുറകളിൽനിന്നുള്ളവർ വിദ്യാർഥികളായിരുന്നു. ലോക്ക്‌‌ഡൗൺ പ്രഖ്യാപിച്ചതോടെ വരുമാനം തീരെ ഇല്ലാതായി.

വീട്ടിലിരുന്ന്‌ വരയ്‌ക്കാൻ ധാരാളം സമയം കിട്ടിയെങ്കിലും ഒന്നും പ്രദർശിപ്പിക്കാൻ ഇടമില്ലാതായി. അങ്ങനെയാണ് ഓൺലൈനാക്കാൻ തീരുമാനിച്ചത്‌.  ഇതോടെ യുഎസ്‌ ഉൾപ്പെടെ വിദേശത്തുനിന്നും‌ വിദ്യാർഥികൾ എത്തി. 500 രൂപമുതൽ വിവിധ പാക്കേജുകളിലാണ്‌ വിദ്യാർഥികൾക്ക്‌ സൗകര്യപ്രദമായ സമയത്ത്‌ ക്ലാസുകൾ നൽകുന്നത്‌. 

നിരവധി ദേശീയ അന്തർദേശീയ ചിത്രകലാ ക്യാമ്പുകളിൽ പങ്കെടുത്ത സിന്ധു കേന്ദ്ര സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്‌മയായ  ‘വൈറ്റ്‌ റോസ്‌ മൂവ്‌മെന്റി’ന്റെ ഭാഗമാണ്‌. കർഷക ബില്ലിനെതിരെ 140 ചിത്രകാരന്മാരെ പങ്കെടുപ്പിച്ച്‌ നടത്തിയ ഓൺലൈൻ എക്‌സിബിഷനിലും പങ്കെടുത്തു.

അങ്കമാലി ശ്രീവത്സത്തിൽ കെ കെ ദിവാകരന്റെയും കെ എൽ വത്സലയുടെയും മകളായ സിന്ധു തിരുവനന്തപുരം ഫൈൻ ആർട്‌സ്‌ കോളേജിൽനിന്നാണ്‌ ബിഎഫ്‌എ വിജയിച്ചത്‌. 2017ൽ സംസ്ഥാന അവാർഡും 2019ൽ അശാന്തൻ അവാർഡും ലഭിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top