30 May Saturday

ഒറ്റപ്പെട്ടതല്ല, സൂരജ്‌ ഒരുപാട്‌ പേർക്കൊപ്പം നിന്നതാണ്‌

അമൽ ഷൈജുUpdated: Saturday Mar 21, 2020


കൊച്ചി
‘പത്തൊമ്പതു ദിവസമായി ഒറ്റയ്ക്ക് ഒരു മുറിയിൽ. പ്രിയപ്പെട്ടവർ തൊട്ടടുത്തുണ്ടായിട്ടും ശരിക്കൊന്നു കാണാൻപോലും കഴിയില്ല. ആദ്യദിവസങ്ങൾ കുഴപ്പമില്ലാതെ തള്ളിനീക്കിയെങ്കിലും ഒറ്റയ്ക്കിരിക്കൽ ബുദ്ധിമുട്ടായിത്തുടങ്ങി. എന്നാൽ, ഈ മാറിനിൽക്കൽ എല്ലാവർക്കും വേണ്ടിയാണല്ലോ എന്നതായിരുന്നു ആശ്വാസം. സമയം കളയാൻ പുസ്തകങ്ങൾ വായിച്ചു. ഫോണിൽ എല്ലാവരുമായും സംസാരിച്ചു’–- നിരീക്ഷണകാലത്തെ ഒറ്റപ്പെടലിനെ അതിജീവിച്ച കഥ പറയുമ്പോൾ പുത്തൻകുരിശ്‌ സ്വദേശി സൂരജിന്‌ ഒരു യുദ്ധം ജയിച്ച യോദ്ധാവിന്റെ ഭാവം.

ഇറ്റലിയിൽ മിലാനിലുള്ള പോളിടെക്‌നിക്‌ സർവകലാശാലയിലെ ഒന്നാംവർഷ എനർജി എൻജിനിയറിങ് വിദ്യാർഥിയാണ്‌ സൂരജ്‌. കോവിഡ്‌–-19 ഇറ്റലിയിൽ വ്യാപിച്ച ആദ്യഘട്ടത്തിൽ രണ്ടാഴ്ചയോളം സൂരജും സുഹൃത്തുക്കളും അപ്പാർട്ട്‌മെന്റിൽ തന്നെയായിരുന്നു. സ്ഥിതി വഷളാകുമെന്നു മനസ്സിലായപ്പോൾ ഏഴു സുഹൃത്തുക്കളോടൊപ്പം നാട്ടിലേക്ക്‌ തിരിച്ചു. മാർച്ച്‌ രണ്ടിന്‌ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. അവിടെ നടന്ന പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയില്ലെങ്കിലും സൂരജിനോട്‌ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അധികൃതർ നിർദേശിച്ചു.  വീട്ടിലെത്തിയ ദിവസംമുതൽ മുഴുവൻ സമയവും റൂമിൽത്തന്നെ. മെഡിക്കൽ കോളേജിൽനിന്നും പ്രദേശത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽനിന്നും വിളിയെത്തി. നിരീക്ഷണത്തിൽ കഴിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചെല്ലാം നിർദേശങ്ങൾ തന്നു. എല്ലാ ദിവസവും ആശുപത്രിയിൽനിന്നു വിളിച്ച്‌ കാര്യങ്ങൾ അന്വേഷിക്കും. ഇതിനിടെ തനിക്ക്‌ വൈറസ്‌ ബാധയുള്ളതായി പ്രാദേശിക വാട്‌സാപ്‌ ഗ്രൂപ്പുകളിൽ വ്യാപക പ്രചാരണം നടന്നു. വീടിന്റെ ലൊക്കേഷൻ അടക്കം പലരും ഷെയർ ചെയ്‌തു. വീട്ടുകാരുടെ ഫോണിലേക്കും വിവരം തിരക്കി വിളിവന്നു. അതിരുവിടുമെന്നു തോന്നിയപ്പോൾ സൂരജ്‌  സുഹൃത്തുക്കൾക്കടക്കം ശബ്ദസന്ദേശം അയച്ചു. യാഥാർഥ്യം ബോധ്യമായതോടെ വ്യാജപ്രചാരണം അവസാനിച്ചു.

16 മുതൽ ഓൺലൈനിൽ ക്ലാസുകൾ ആരംഭിച്ചതോടെ പാതി ആശ്വാസത്തിലാണ്‌ സൂരജ്‌. ഈ സെമസ്റ്റർ മുഴുവൻ ഓൺലൈനിലായിരിക്കുമെന്നാണ്‌ സർവകലാശാലയിൽനിന്ന്‌ അറിയിച്ചിട്ടുള്ളത്‌. പരീക്ഷയുടെ കാര്യത്തിൽ ആശങ്കയുണ്ട്‌. അച്ഛൻ സി എസ്‌ സുരേന്ദ്രൻ ബിപിസിഎൽ ജീവനക്കാരനാണ്‌. ഈ ദുരിതകാലത്ത്‌ മകൻ കൂടെയുണ്ടല്ലോ എന്ന ആശ്വാസത്തിലാണ്‌ അമ്മ സുജ. സഹോദരി സൂര്യ  ആർഎൽവി കോളേജിൽ ബിരുദ വിദ്യാർഥിനിയാണ്‌.


പ്രധാന വാർത്തകൾ
 Top